HOME /NEWS /Money / Ratan Tata |രത്തന്‍ ടാറ്റയുടെ ജീവിതം മലയാളി എഴുതുന്നു; രണ്ട് കോടി രൂപയ്ക്ക് പ്രസിദ്ധീകരണാവകാശം സ്വന്തമാക്കി HarperCollins

Ratan Tata |രത്തന്‍ ടാറ്റയുടെ ജീവിതം മലയാളി എഴുതുന്നു; രണ്ട് കോടി രൂപയ്ക്ക് പ്രസിദ്ധീകരണാവകാശം സ്വന്തമാക്കി HarperCollins

രത്തന്‍ ടാറ്റ

രത്തന്‍ ടാറ്റ

രണ്ട് കോടി രൂപയ്ക്കാണ് ഹാര്‍പ്പര്‍കോളിന്‍സ് പ്രസാധനാവകാശം നേടിയത്. ഇന്ത്യയിലെ നോണ്‍-ഫിക്ഷന്‍ പ്രസിദ്ധീകരണത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇത്.

  • Share this:

    ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ (Ratan Tata) ജീവചരിത്രം (Autobiography) പുസ്തകമാകുന്നു. പ്രസിദ്ധീകരണ അവകാശം സ്വന്തമാക്കിയതായി ഹാര്‍പ്പര്‍കോളിന്‍സ് (HarperCollins) ജനുവരി 7ന് അറിയിച്ചു.

    'രത്തന്‍ എന്‍ ടാറ്റ: ദി ഓതറൈസ്ഡ് ബയോഗ്രഫി' (Ratan N Tata: The Authorized Biography) എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മലയാളിയും മുന്‍ ഐ.എ.എസ് ഓഫീസറുമായ ഡോ. തോമസ് മാത്യുവാണ് (Thomas Mathew) എഴുതുന്നത്. 2022 നവംബറില്‍ ആഗോളതലത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഹാര്‍പ്പര്‍കോളിന്‍സ് പ്രസ്തുത ജീവചരിത്രം പ്രസിദ്ധീകരിക്കും. രണ്ട് കോടി രൂപയ്ക്കാണ് ഹാര്‍പ്പര്‍കോളിന്‍സ് പ്രസാധനാവകാശം നേടിയത്. ഇന്ത്യയിലെ നോണ്‍-ഫിക്ഷന്‍ പ്രസിദ്ധീകരണത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇത്.

    രത്തന്‍ ടാറ്റയുടെ ജീവചരിത്രം ഹാര്‍പ്പര്‍കോളിന്‍സ് ഇംഗ്ലീഷിലും പ്രധാന ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കും. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ രത്തന്‍ ടാറ്റയുടെ ജീവിതത്തിലെ, ഇതുവരെ അറിയപ്പെടാത്ത വിശദാംശങ്ങളും അദ്ദേഹത്തിന്റെ മുന്‍ വര്‍ഷങ്ങളിലെ കൗതുകകരമായ കഥകളും വിദ്യാര്‍ത്ഥിയായിരിക്കെ അമേരിക്കയില്‍ ചെലവഴിച്ച കാലഘട്ടത്തിലെ ജീവിതവും ഇന്ത്യയിലേക്കുള്ള മടങ്ങിവരവും ടാറ്റ ഗ്രൂപ്പിലെ ആദ്യകാല പ്രവര്‍ത്തനവും ഒക്കെ ജീവചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കും.

    ടാറ്റ ഗ്രൂപ്പിനെ രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കിയ രത്തന്‍ ടാറ്റയുടെ ബിസിനസ്സ് തന്ത്രങ്ങള്‍, നേതൃ പാടവം, വ്യക്തിഗുണങ്ങള്‍ എന്നിവ വെളിവാക്കുന്ന അനുഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തും. കൂടാതെ, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിംഗര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിമുഖങ്ങളില്‍ നിന്നുള്ള വിവരങ്ങളും പുസ്തകത്തില്‍ ചേര്‍ക്കും.

    മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് വിരമിച്ച ഐഎഎസ് ഓഫീസറായ ഡോ.തോമസ് മാത്യു. ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പറേറ്റ് സ്ട്രാറ്റജിസറ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേലഖകളിലും ശ്രദ്ധേയനാണ് തോമസ് മാത്യു. അദ്ദേഹം ഇതുവരെ നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

    'തനിക്ക് പാരമ്പര്യമായി ലഭിച്ച മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും തന്റെ സഹജീവികളെയും രാഷ്ട്രത്തെയും സേവിക്കാന്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ഒരു വ്യക്തിയുടെ, വ്യവസായ പ്രമുഖന്റെ, ശ്രദ്ധേയനായ നേതാവിന്റെ കഥയാണ് ഇത്', രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തെ ഹാര്‍പ്പര്‍കോളിന്‍സ് വിശേഷിപ്പിച്ചത് ഇങ്ങനെ.

    കൊറിയന്‍ കമ്പനിയായ ഡേവൂ, ലണ്ടന്‍ ആസ്ഥാനമായുള്ള ടെറ്റ്ലി ടീ, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, സ്റ്റീല്‍ മേക്കര്‍ കോറസ് ഗ്രൂപ്പ് എന്നിവയെല്ലാം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത കമ്പനികളാണ്. ഇത് സംബന്ധിച്ച വിവരങ്ങളും ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തും. ഇന്ന് ടാറ്റ ഗ്രൂപ്പിന് 250 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമുണ്ട്. 7,50,000 ത്തിലധികം ജീവനക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.

    First published:

    Tags: Book publishes, Malayali, Ratan Tata