• HOME
  • »
  • NEWS
  • »
  • money
  • »
  • റഷ്യയുമായി രൂപയിൽ വ്യാപാര ഇടപാട്; എച്ച്‍ഡിഎഫ്‍സിക്കും കാനറ ബാങ്കിനും അനുമതി

റഷ്യയുമായി രൂപയിൽ വ്യാപാര ഇടപാട്; എച്ച്‍ഡിഎഫ്‍സിക്കും കാനറ ബാങ്കിനും അനുമതി

ഇന്ത്യൻ കറൻസി വഴി അതിർത്തി കടന്നുള്ള വ്യാപാരത്തിന് വഴിയൊരുക്കുന്നതാണ് പുതിയ നീക്കം

  • Share this:
    കാനറ ബാങ്കിനും എച്ച്.ഡി.എഫ്.സി ബാങ്കിനും റഷ്യയുമായി രൂപയിൽ വ്യാപാരത്തിന് അനുമതി നല്‍കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ഇടപാടുകള്‍ക്കായി പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്. ഇന്ത്യൻ കറൻസി വഴി അതിർത്തി കടന്നുള്ള വ്യാപാരത്തിന് വഴിയൊരുക്കുന്നതാണ് പുതിയ നീക്കം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, യുകോ ബാങ്ക് എന്നിവയ്ക്ക് രൂപ വഴിയുള്ള ഇടപാടുകൾ നടത്തുന്നതിന് ആർബിഐയിൽ നിന്ന് നേരത്തെ അനുമതി ലഭിച്ചിരുന്നു.

    ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയ്ക്കാകും ഇടപാടിൽ കൂടുതൽ ഊന്നൽ നൽകുക. ഇൻവോയ്സിംഗ്, പേയ്മെന്റ്, സെറ്റിൽമെന്റ് തുടങ്ങിയവയ്ക്കായി രൂപ ഉപയോഗിക്കാം.

    ഇക്കഴിഞ്ഞ ജൂലൈയിലാണ് അന്താരാഷ്ട്ര വ്യാപാരം രൂപയിൽ നടത്തുന്നതിന് ആർബിഐ പ്രത്യേക സംവിധാനം കൊണ്ടുവന്നത്. വിദേശ വ്യാപാരം സു​ഗമമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ നടപടി. രൂപ മൂല്യത്തകർച്ച നേരിടുന്ന സമയത്ത് ഈ നീക്കം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കുമെന്ന് എസ്ബിഐ അന്ന് പറഞ്ഞിരുന്നു. ആർബിഐ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച്, റഷ്യൻ ബാങ്കുകൾ ഉൾപ്പെടെ വിവിധ ബാങ്കുകളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകൾ പ്രൊസസ് ചെയ്തു വരികയാണെന്നും എസ്ബിഐ അറിയിച്ചിരുന്നു.

    ഒരു പ്രാദേശിക ബാങ്ക് വിദേശ ബാങ്കിലേക്ക് സ്വന്തം കറൻസിയിൽ പെയ്മെന്റ് നടത്തുന്ന രീതിയാണ് വോസ്ട്രോ എന്നറിയപ്പെടുന്നത്. അതായത്, റഷ്യയിലെ ഒരു ബാങ്ക് ഇന്ത്യയിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുറക്കുമ്പോൾ അതിൽ ഇന്ത്യൻ കറൻസി വഴിയുള്ള ഇടപാടാണ് നടത്തുക. ഏതു രാജ്യവുമായാണോ ഇടപാട് നടത്തുന്നത്, അതിന്റെ കറസ്‌പോണ്ടന്റ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് വഴി പേയ്‌മെന്റുകൾ നടത്താം.

    യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് പല രാജ്യങ്ങളും റഷ്യക്കു മേൽ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യ വലിയ അളവിൽ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നു. എണ്ണയും കൽക്കരിയുമൊക്കെ വാങ്ങുന്നതിന് രൂപയിൽ പണം നൽകാൻ പുതിയ വിനിമയ രീതിയിലൂടെ സാധിക്കും.
    ‌‌
    രാജ്യത്തെ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. നടപ്പു സാമ്പത്തിക വർഷം ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച്, 105.8 ബില്യൺ ഡോളർ ചെലവാക്കി193.5 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എണ്ണ വില ഉയരുമ്പോൾ, രാജ്യങ്ങൾ നല്ല ഡീലുകൾ തേടുന്നത് സ്വാഭാവികമാണെന്നും ഇന്ത്യ ഒരുമാസം വാങ്ങുന്ന എണ്ണ യൂറോപ്പ് അരദിവസം വാങ്ങുന്ന അത്രയും വരില്ലെന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളോടു പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.
    Published by:Anuraj GR
    First published: