• HOME
  • »
  • NEWS
  • »
  • money
  • »
  • HDFC Merger | രാജ്യത്തെ ഏറ്റവും വലിയ കമ്പനി ലയനം; HDFC ബാങ്ക് - HDFC ലിമിറ്റഡ് ലയനം

HDFC Merger | രാജ്യത്തെ ഏറ്റവും വലിയ കമ്പനി ലയനം; HDFC ബാങ്ക് - HDFC ലിമിറ്റഡ് ലയനം

എച്ച്ഡിഎഫ്‌സി ലിമിറ്റഡിന് രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി 445 ഓഫീസുകളുണ്ട്. ഈ ഓഫീസുകളിലൂടെ ഇനി മുതല്‍ എച്ച്ഡിഎഫ്‌സിക്ക് ബാങ്കിങ് സേവനങ്ങള്‍ കൂടി നല്‍കാനാവും

HDFC

HDFC

  • Share this:
    എച്ച്‍ഡിഫ്‍സി ബാങ്ക് (HDFC Bank) ‌, എച്ച്‍ഡിഎഫ്സി ലിമിറ്റഡ് ( HDFC Limited) എന്നിവയുടെ ലയനം ( merging ) കമ്പനികൾ പ്രഖ്യാപിച്ചു. ബോര്‍ഡ് യോഗം ലയനത്തിന് അംഗീകാരം നല്‍കി. ഇന്ത്യൻ സാമ്പത്തികരം​ഗത്ത് വലിയ മാറ്റം സംഭവിക്കുന്ന നീക്കമായിരിക്കും ഇതെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും (Private Bank) ഭവന വായ്പാ (Housing Finance) രംഗത്തെ അതികായനും ഒന്നിക്കുമ്പോള്‍ അത് സമ്പദ് വ്യവസ്ഥക്ക് ഉണർവേകും എന്നാണ് പ്രതീക്ഷ.

    റെഗുലേറ്ററി അംഗീകാരങ്ങളും പതിവ് ക്ലോസിങ് വ്യവസ്ഥകളും പൂര്‍ത്തിയാക്കുന്നതിനു വിധേയമായി അടുത്ത 18 മാസത്തിനുള്ളിൽ ഇടപാടുകൾ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഭാഗമാകും. ലയനത്തിന് മുൻപ് റിസര്‍വ് ബാങ്ക്, സെബി, സി സി ഐ, നാഷണല്‍ ഹൗസിംഗ് ബോര്‍ഡ്, ഐആര്‍ഡിഎഐ, പിഎഫ്ആര്‍ഡിഎ, എന്‍ സി എല്‍ ടി, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, മറ്റ് റെഗുലേറ്ററി ഏജന്‍സികള്‍, ഓഹരിയുടമകള്‍ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

    ലയനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഓഹരി വിപണിയിലും വലിയ ഉണർവ് പ്രകടമായിരുന്നു. ആദ്യ വ്യാപാര സമയങ്ങളില്‍ ഏഴു ശതമാനത്തിലധികമാണ് ഓഹരി വില ഉയര്‍ന്നത്.

    2020 മാർച്ച് വരെയുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്ഡിഎഫ്‍സി ബാങ്ക് (HDFC Bank). ഇടപാട് ഘടന അനുസരിച്ച്, 5.26 ട്രില്യണ്‍ രൂപ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) മൂല്യവും 4.44 ട്രില്യണ്‍ വിപണി മൂലധനവുമുള്ള രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ കമ്പനിയാണ് (housing finance company) എച്ച്ഡിഎഫ്‌സി ലിമിറ്റഡ്. അതുകൊണ്ടു തന്നെ ഇരു സ്ഥാപനങ്ങളും ഒന്നാവാനുള്ള തീരുമാനം ആകാംക്ഷയോടെയാണ് സാമ്പത്തിക വിദ​ഗ്ധർ നോക്കിക്കാണുന്നത്. നഗര, ​ഗ്രാമ വ്യത്യാസമില്ലാതെ സാന്നിധ്യം ശക്തമാക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    മാറ്റങ്ങൾ എങ്ങനെ?

    എച്ച്ഡിഎഫ്‌സി ബാങ്കില്‍ 41 ശതമാനം ഓഹരി പങ്കാളിത്തമാണ് ലയനത്തിലൂടെ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് നേടുന്നത്. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരിയുടമകള്‍ക്ക് 25 ഓഹരിക്കു പകരമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരി ലഭിക്കും. ലയനത്തിനുശേഷം, എച്ച്ഡിഎഫ്‌സി ബാങ്കിലെ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡിങ് ഇല്ലാതാവും. എച്ച്ഡിഎഫ്‌സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും.

    എച്ച്ഡിഎഫ്‌സി ലിമിറ്റഡിന് രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി 445 ഓഫീസുകളുണ്ട്. ഈ ഓഫീസുകളിലൂടെ ഇനി മുതല്‍ എച്ച്ഡിഎഫ്‌സിക്ക് ബാങ്കിങ് സേവനങ്ങള്‍ കൂടി നല്‍കാനാവും. ഭവന വായ്പാ (housing finance) രംഗത്ത് സ്‌പെഷ്യലൈസ് ചെയ്ത എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ജീവനക്കാര്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് മുതല്‍ക്കൂട്ടാവും. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഭവന വായ്പകളില്‍ ഭൂരിഭാ​ഗവും ഈടുള്ളവയാണ്. ലയനത്തിലൂടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈടില്ലാത്ത വായ്പകളുടെ എണ്ണം കുറയ്ക്കാനുമാകും.

    Summary: HDFC bank and HDFC limited announced merger
    Published by:user_57
    First published: