സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയതിന്‍റെ ഞെട്ടലിലാണ് തിരുവനന്തപുരം കഴക്കൂട്ടം ആറ്റിൻകുഴി തൈക്കുറുമ്പിൽ വീട്ടിൽ ബാബുലാൽ. ചുമട്ടുതൊഴിലാളിയായ ബാബുലാല്‍ കഠിനംകുളം ചാന്നാങ്കരയിൽനിന്നെത്തി ആറ്റിന്‍കുഴിയില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന യുവതിയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
ആറ്റിൻകുഴിയിലെ സിഐടിയു യൂണിയനിലെ അംഗമായ ബാബുവും കൂട്ടുകാരും യുവതിയില്‍ നിന്നാണ് പതിവായി ടിക്കറ്റെടുത്തിരുന്നത്. നാട്ടുകാര്‍ക്ക് സുപരിചിതയായ യുവതിയില്‍ നിന്ന് ലോട്ടറി വാങ്ങുന്നതല്ലാതെ പേര് പോലും ചോദിച്ചിട്ടില്ലെന്ന് ബാബുലാല്‍ പറഞ്ഞു.
Kerala Lottery Result Today: Sthree Sakthi SS-357 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്?
കഴിഞ്ഞദിവസം പതിവ് പോലെ ജോലിക്കായി യൂണിയന്‍ ഓഫീസിലെത്തിയപ്പോള്‍ ലോട്ടറിയുമായി യുവതിയെത്തി. പക്ഷെ ജോലി തുടങ്ങിയ സമയമായതിനാല്‍ ആരുടെ പക്കലും പണം ഉണ്ടായിരുന്നില്ല. ആരും ടിക്കറ്റ് വാങ്ങാതിരുന്നതോടെ യുവതി ബാബുലാലിനെ സമീപിച്ചു. വളരെ കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുള്ളൂവെന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യർത്ഥിച്ചെങ്കിലും ബാബുലാലിന്‍റെ കൈയ്യിലും പണം ഉണ്ടായിരുന്നില്ല.
എന്നാല്‍, ടിക്കറ്റ് എടുത്താൽ മതിയെന്നും പണം പിന്നീട് വാങ്ങിച്ചോളമെന്നും പറഞ്ഞ് യുവതി രണ്ടു ടിക്കറ്റുകൾ ബാബുലാലിനെ ഏൽപ്പിച്ചു. വെെകുന്നേരമാണ് സ്ത്രീശക്തി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ താനാണെന്ന് ബാബുലാൽ അറിയുന്നത്. ചുമട്ടു തൊഴിലാളികൾ വിശ്രമിക്കുന്ന ആറ്റിൻകുഴി പഴയ വാട്ടർ ടാങ്കിന് സമീപത്തെ റോഡ് വക്കിലെ യൂണിയൻ ഓഫീസില്‍ സ്ഥിരമായെത്തി ലോട്ടറി കച്ചവടം ചെയ്യുന്നയാളാണ് യുവതി. ഇവർ കണിയാപുരം ധനം ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വില്പനയ്ക്കായി വാങ്ങുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
പത്ത് കോടിയുടെ ഉടമ ആൽബർട്ട് ടിഗ; സമ്മർ ബമ്പർ ഭാഗ്യക്കുറി ഒന്നാം സമ്മാനം ആസാം സ്വദേശിക്ക്
സമ്മാനാർഹമായ SE 989926 എന്ന നമ്പറിലുള്ള ടിക്കറ്റ് കനറാ ബാങ്കിൻ്റെ കഴക്കൂട്ടം ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണ്. മുന്‍പും ചെറിയ ഭാഗ്യക്കുറി സമ്മാനങ്ങൾ ബാബുലാലിനു ലഭിച്ചിട്ടുണ്ട്. നിർദ്ധന കുടുംബത്തിൽപ്പെട്ട ബാബുലാൽ ചെറുപ്പം മുതല്‍ ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. ബാബുലാലിൻ്റെ ഭാര്യ ശോഭന വീട്ടുജോലികൾക്കു പോകാറുണ്ട്. ആകെയുള്ള നാലര സെൻ്റ് കുടികിടപ്പ് കിട്ടിയ സ്ഥലത്ത് ബാബുലാലിൻ്റെയും അമ്മാവൻ്റെയും അനുജൻ്റെയും കുടുംബം ഒന്നിച്ചാണ് താമസിക്കുന്നത്. രണ്ട് ആൺമക്കളാണ് ബാബുലാലിനുള്ളത്. അവരിൽ അജയലാൽ ഓട്ടോറിക്ഷ ഓടിക്കുന്നു, അഖിൽലാൽ മെഡിക്കൽ ഷോപ്പുകളിലേക്കു മരുന്നുകൾ കൊണ്ടുപോകുന്ന ജോലി നോക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.