പെട്രോളിൽ (Petrol) 10% എഥനോൾ (Ethanol)ചേർത്ത് ഉപയോഗിച്ചതിലൂടെ രാജ്യത്തിന് 41,000 കോടിയിലധികം രൂപ ലാഭിക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബെ ബുധനാഴ്ച പറഞ്ഞു. "ഇന്ത്യ അടുത്തിടെ 10% എഥനോൾ മിശ്രിത പെട്രോളിന്റെ ലക്ഷ്യം കൈവരിച്ചിരുന്നു. തയ്യാറാക്കേണ്ടിയിരുന്നതിനേക്കാൾ അഞ്ച് മാസം മുമ്പ് തന്നെ ഈ ലക്ഷ്യം കൈവരിച്ചു. ഇതുവഴി രാജ്യത്തിന് 41,000 കോടി രൂപയുടെ ഇന്ധന ഇറക്കുമതി ലാഭമാണുണ്ടായത്" പരിസ്ഥിതി സൌഹൃദ ഗതാഗതത്തെക്കുറിച്ച് വാഹന വ്യവസായ സംഘടനയായ സിയാമിന്റെ (SIAM) ഓൺലൈൻ ഇവന്റിനെ അഭിസംബോധന ചെയ്യവെ ചൗബെ പറഞ്ഞു.
ഈ പദ്ധതി വഴി കർഷകർക്കും കാര്യമായ നേട്ടമുണ്ടായി അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങളുടെ അടുത്ത ലക്ഷ്യം 20% എഥനോൾ മിശ്രിത പെട്രോൾ എന്ന ലക്ഷ്യം കൈവരിക്കുകയാണ്. ഇത് 2025-26 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും” ചൗബെ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഇന്ധന ഇറക്കുമതിയും കാർബൺ പുറന്തള്ളലും കുറയ്ക്കുന്നതിനുള്ള വലിയ ചുവടുവയ്പാണ് എഥനോൾ മിശ്രിത പെട്രോൾ എന്നും അദ്ദേഹം പറഞ്ഞു.
ചൗബെയുടെ വാക്കുകളെ പിന്തുണച്ച് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി (റിഫൈനറി) സുനിൽ കുമാറും സംസാരിച്ചു. 2025-26 ഓടെ ഗ്യാസോലിനിൽ 20% എഥനോൾ കലർത്താൻ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"വരും വർഷങ്ങളിൽ ഈ പദ്ധതികൾ രാജ്യത്തുടനീളം ഒരുപോലെ നടപ്പിലാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി നിലവിൽ സ്ഥാപിതമായ എഥനോൾ ഡിസ്റ്റിലറികൾ ഏകദേശം 700 കോടി ലിറ്ററിലെത്തി. 2025-26ഓടെ 20% എഥനോൾ കലർന്ന മിശ്രിതം 1,200 കോടി ലിറ്ററിൽ കൂടുതൽ എത്താൻ സാധ്യതയുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഓടെ 20% എഥനോൾ കലർത്തിയ പെട്രോൾ എന്ന ലക്ഷ്യം കർഷകർക്ക് പ്രോത്സാഹനം നൽകുകയും കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ചെയ്യുന്നതോടൊപ്പം എണ്ണ ഇറക്കുമതിയിൽ കുറവു വരുത്തുമെന്നും മാരുതി സുസുക്കി ഇന്ത്യ സിടിഒ സിവി രാമൻ പറഞ്ഞു.
ഇന്ത്യയുടെ എഥനോൾ മിശ്രണ ലക്ഷ്യങ്ങൾ
ജൂണിൽ, നിലവിലെ ഷെഡ്യൂളിനേക്കാൾ അഞ്ച് മാസം മുമ്പ് തന്നെ 10% എഥനോൾ കലർന്ന പെട്രോൾ വിതരണം ചെയ്യുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു. എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി 2025-26 ഓടെ മിശ്രിതം ഇരട്ടിയാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
കരിമ്പിൽ നിന്നും മറ്റ് കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന 10% എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുക എന്ന ലക്ഷ്യം യഥാർത്ഥത്തിൽ 2023 നവംബറിൽ കൈവരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതിലും നേരത്തെ ലക്ഷ്യത്തിലെത്താൻ സാധിച്ചു. എഥനോൾ മിശ്രിതത്തിലൂടെ ഹരിതഗൃഹ വാതക (ജിഎച്ച്‌ജി) ഉദ്‌വമനം 27 ലക്ഷം ടൺ കുറയ്ക്കാനും കർഷകർക്ക് 40,600 കോടി രൂപ നൽകാനും കഴിഞ്ഞുവെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എഥനോളിന്റെ ലഭ്യത കൂടുന്നതിനനുസരിച്ച്, ക്രൂഡിന്റെ ഇറക്കുമതി കുറയ്ക്കും.
Summary: How does the nation earned profit from ethanol-blended petrol
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol