രാജ്യത്തെ ജീവനക്കാർക്കായി കേന്ദ്രസർക്കാർ നൽകുന്ന പ്രൊവിഡന്റ് ഫണ്ട് പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ സ്കീമുകളിലൊന്നാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള സാമൂഹിക സുരക്ഷാ സ്ഥാപനമായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് (ഇപിഎഫ്ഒ) തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിച്ച് അവരെ സാമ്പത്തികമായി ശാക്തീകരിക്കുന്നത്. ജീവനക്കാർക്കായി ഇപിഎഫ്ഒ നടത്തുന്ന മൂന്ന് സ്കീമുകൾ ഉണ്ട്.
ഇപിഎഫ് സ്കീം 1952, പെൻഷൻ സ്കീം 1995 (ഇപിഎസ്), ഇൻഷുറൻസ് സ്കീം 1976 (ഇഡിഎൽഐ) എന്നിവയാണ് പിഎഫിന്റെയും പെൻഷൻ കവറേജിന്റെയും കീഴിൽ ജീവനക്കാർക്കായുള്ള സർക്കാരിന്റെ മൂന്ന് പദ്ധതികൾ. 8.15 ശതമാനമാണ്. നിലവിലെ ഇപിഎഫ് പലിശ നിരക്ക്.
എന്തുകൊണ്ട് പിഎഫ് ബാലൻസ് ഇടക്കിടെ പരിശോധിക്കണം?
പിഎഫ് ബാലൻസ് ഇടയ്ക്കിടെ പരിശോധിച്ചാൽ നിക്ഷേപിച്ച തുക സംബന്ധിച്ചോ അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ സംബന്ധിച്ചോ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് ഉറപ്പാക്കാൻ കഴിയും. ഒരു ജീവനക്കാരന്റെ സമ്പാദ്യത്തിന്റെ പ്രധാന ഭാഗമാണ് പിഎഫ്. അത് പതിവായി പരിശോധിക്കുന്നത് ഓരോരുത്തരുടെയും സമ്പാദ്യത്തിലെ പുരോഗതി ട്രാക്ക് ചെയ്യാൻ സഹായിക്കും.
ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും പിഎഫ് ബാലൻസ് പരിശോധിക്കാനുള്ള ഓപ്ഷനുകൾ ഉണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. എസ്എംഎസ്
യുഎഎൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പിഎഫ് ബാലൻസ് അറിയാൻ കഴിയും. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഗുജറാത്തി, മറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി ഭാഷകളിൽ ഈ സേവനം ലഭ്യമാണ്.
2. മിസ്ഡ് കോൾ
യുഎഎൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് മിസ്‌ഡ് കോൾ ചെയ്തും പിഎഫ് ബാലൻസ് പരിശോധിക്കാം. രണ്ടു തവണ റിങ്ങ് ചെയ്തതിനുശേഷം കോൾ സ്വയം വിച്ഛേദിക്കപ്പെടും. തികച്ചും സൗജന്യമായി ഈ സേവനം ഉപയോഗപ്പെടുത്താം.
ഓൺലൈനായി എങ്ങനെ പിഎഫ് ബാലൻസ് പരിശോധിക്കാം?
1. ഇപിഎഫ്ഒ പോർട്ടൽ വഴി
epfindia.gov.in എന്ന ഇപിഎഫ്ഒ പോർട്ടലിൽ ലോഗിൻ ചെയ്തും നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാവുന്നതാണ്. ഇവിടെ നിങ്ങളുടെ യുഎഎൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യാം. തുടർന്ന് നിങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുകയും ചെയ്യാം.
2. ഉമംഗ്പോർട്ടൽ വഴി
ഉമംഗ് ആപ്പ് ഉപയോഗിച്ചും നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ കഴിയും. ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ, വിൻഡോസ് സ്റ്റോർ എന്നിവയിൽ നിന്നെല്ലാം ഉമംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Summary: Now, it is possible to check your PF balance at home with no internet connection to support. Here’s the way
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.