നിങ്ങളുടെ പാൻ കാർഡ് (Pan Card) ആധാറുമായി (Aadhaar) ബന്ധിച്ചിട്ടുണ്ടോ? ഇവ തമ്മിൽ ബന്ധിപ്പിക്കാത്തവരുടെ പാൻ നമ്പർ ഇതുവരെ പ്രവർത്തന രഹിതമായിട്ടില്ല. കാരണം പാൻ ആധാർ ലിങ്കിംഗിനുള്ള സമയപരിധി 2023 മാർച്ച് 31 വരെ നീട്ടി. എന്നാൽ ഇതുവരെ ഇവ ബന്ധിപ്പിക്കാത്തവർക്ക് ഇനി പിഴ (Penalty) നൽകേണ്ടി വരും. പാൻ പ്രവർത്തനരഹിതമായാൽ നിങ്ങൾക്ക് ചില പ്രധാനപ്പെട്ട സർക്കാർ സേവനങ്ങൾ നഷ്ടമാകുകയും ചെയ്യും.
ഒരാൾക്ക് ഒന്നിലധികം പെർമനന്റ് അക്കൗണ്ട് നമ്പറുകൾ (പാൻ) അനുവദിച്ചിട്ടുണ്ടെന്നും ഒന്നിലധികം പേർക്ക് ഒരേ പാൻ നമ്പർ അനുവദിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പാൻ-ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയത്.
2023 മാർച്ച് 31നകം ആധാറുമായി പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കേണ്ട ചില സേവനങ്ങളെ ബാധിക്കും.
“2023 മാർച്ച് 31ന് മുമ്പ് ആധാറും പാനും ബന്ധിപ്പിക്കാത്ത നികുതിദായകരുടെ പാൻ പ്രവർത്തനരഹിതമാകുമെന്നും നിയമത്തിന് കീഴിലുള്ള എല്ലാ അനന്തരഫലങ്ങളും നികുതിദായകർക്ക് ബാധകമാണെന്നും“ മാർച്ച് 30 ന് ധനമന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇതിന്റെ ഭാഗമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) ഒരു സർക്കുലർ പുറപ്പെടുവിച്ചു. ആദായനികുതി നിയമത്തിലെ റൂൾ 114AAA പ്രകാരം ഒരു വ്യക്തിയുടെ പാൻ പ്രവർത്തനരഹിതമായാൽ, അയാൾക്ക് ആ പാൻ കാർഡ് പിന്നീട് ഉപയോഗിക്കാൻ കഴിയില്ല. ഒരു വ്യക്തി പാൻ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാൽ അത് ബാധിക്കപ്പെടുന്ന ചില സേവനങ്ങൾ താഴെ പറയുന്നവയാണ്:
1) പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് ഒരാൾക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല
2) തീർപ്പാക്കാത്ത റിട്ടേണുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകില്ല
3) പ്രവർത്തനരഹിതമായ പാൻ കാർഡാണ് കൈവശമുള്ളതെങ്കിൽ റീഫണ്ടുകളും തീർപ്പാക്കാനാകില്ല.
4) പാൻ പ്രവർത്തനരഹിതമായാൽ ഉയർന്ന നിരക്കിൽ നികുതി നൽകേണ്ടി വരും
പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്ന പിഴ
ഇതുവരെ ആധാറും പാൻ നമ്പറും ബന്ധിപ്പിക്കാത്തവർ ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ നൽകേണ്ടി വരിക. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 മാർച്ച് 31നുള്ളിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിന്നീട് അവ ഉപയോഗിക്കാനാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2022 ഏപ്രിൽ 1 മുതൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 500 രൂപ പിഴ ഈടാക്കുമെന്നും അത് 2022 ജൂൺ 30 വരെയായിരിക്കുമെന്നും CBDT അറിയിച്ചു. ഇതിന് ശേഷം നികുതിദായകർ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഇത് മാർച്ച് വരെയായിരിക്കുമെന്നും അറിയിച്ചു. 2023 മാർച്ച് 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ നിർജ്ജീവമാക്കുമെന്ന് CBDT അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.