അനുലേഖ റായ്
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ സാധ്യതയുണ്ടെന്ന് നികുതി വിദഗ്ധർ ന്യൂസ് 18.കോമിനോട് പറഞ്ഞു. നിലവിൽ 2021 സാമ്പത്തിക വർഷത്തെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. എന്നാൽ പുതിയ ആദായനികുതി വെബ്സൈറ്റായ www.incometax.gov.in വഴി വാർഷിക റിട്ടേൺ സമർപ്പിക്കുമ്പോൾ ഒന്നിലധികം തകരാറുകൾ നേരിടുന്നതിനെ തുടർന്നാണ് തീയതി നീട്ടാനുള്ള സാധ്യത ഉയർന്നു വരുന്നത്. പുതിയ ആദായനികുതി പോർട്ടൽ ഉപയോഗിക്കുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചിരുന്നു.
ജൂൺ 7നാണ് ആദായനികുതി വകുപ്പ് ഐടിആർ ഫയലിംഗ് സുഗമവും തടസ്സരഹിതവുമാക്കുന്നതിന് പുതിയ ടാക്സ് ഇ-ഫയലിംഗ് പോർട്ടൽ ആരംഭിച്ചത്. മുൻകൂട്ടി പൂരിപ്പിച്ച ആദായ നികുതി റിട്ടേൺ ഫോമുകൾ മുതൽ "നികുതിദായകർക്ക് ആധുനികവും തടസ്സരഹിതവുമായ അനുഭവം" വാഗ്ദാനം ചെയ്യുന്ന നിരവധി പുതിയ സവിശേഷതകൾ പുതിയ പോർട്ടലിൽ ഉണ്ട്. എന്നാൽ പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചത് മുതൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
"പോർട്ടൽ നവീകരിച്ചത് മുതൽ ധാരാളം സാങ്കേതിക തകരാറുകൾ ഉണ്ട്. മിക്ക നികുതിദായകർക്കും റിട്ടേണും ഫോമുകളും ഫയൽ ചെയ്യാൻ തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇത് രാജ്യത്തൊട്ടാകെയുള്ള നികുതിദായകർക്കും നികുതി പ്രൊഫഷണലുകൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പോർട്ടലിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന ചില റിപ്പോർട്ടുകൾ പോലും തെറ്റാണ്," ടാക്സ് കണക്ട് അഡ്വൈസറി സർവീസസ് പങ്കാളി വിവേക് ജലൻ പറയുന്നു.
Also read- 'ഇൻഫോസിസ് സിഇഒ സലിൽ പരേഖ് ഹാജരാകണം' ധനമന്ത്രാലയ ആദായ നികുതി ഇ-ഫയലിങ് പോർട്ടലിൽ തകരാർ
കഴിഞ്ഞ രണ്ട് മാസത്തോളമായി, പോർട്ടൽ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. അതിനാൽ, ഐടിആർ ഫയലിംഗ് തീയതി, ഫോം 10 എ ഫയലിംഗ് തീയതി മുതലായ ആദായനികുതി അനുശാസിക്കുന്ന എല്ലാ തീയതികളും ധനമന്ത്രാലയം നീട്ടേണ്ടതാണെന്ന് നികുതിദായകർ നേരിടുന്ന തകരാറുകൾ വിവരിച്ചുകൊണ്ട് ജലൻ കൂട്ടിച്ചേർത്തു.
നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത്, ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇൻഫോസിസ് മാനേജിംഗ് ഡയറക്ടർ (എംഡി), ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സലീൽ പരേഖ് എന്നിവരുമായി നികുതി പോർട്ടലിലെ സാങ്കേതിക തകരാറുകൾ ചർച്ച ചെയ്യാനിരിക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസാണ് പോർട്ടലിന്റെ സേവനം വാഗ്ദാനം ചെയ്യുന്നത്.
തുടക്കത്തിൽ സാങ്കേതിക തകരാറുകൾ രണ്ടാഴ്ച്ച നിലനിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പോർട്ടലിൽ വളരെയധികം പുതിയ സവിശേഷതകൾ ഉണ്ടെങ്കിലും ചില പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയമാണ് പ്രധാന പ്രശ്നം. ലോഗിൻ ചെയ്യുന്നതിനും ഒടിപി ലഭിക്കാനുമെല്ലാം പുതിയ പോർട്ടലിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.