ഗോതമ്പിൻെ കയറ്റുമതി നിരോധിച്ചതിന് പിന്നാലെ ഗോതമ്പ് ഉൽപ്പന്നങ്ങളായ ആട്ട, മൈദ, റവ തുടങ്ങിയവയുടെയും കയറ്റുമതി തടഞ്ഞ് കേന്ദ്രസർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇൻറർ-മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ (IMC) ശുപാർശപ്രകാരം ആയിരിക്കും കയറ്റുമതിയുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനങ്ങൾ എടുക്കുക. ജൂലൈ 12 മുതൽ ഈ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. ജൂലൈ 6 മുതൽ 12 വരെയുള്ള സമയത്തിൽ നിലവിൽ കരാറൊപ്പിട്ടിട്ടുള്ള ആട്ടയുടെ കയറ്റുമതി നടത്തുന്നതിനുള്ള അനുമതിയുണ്ടാവും. ജൂലൈ 6ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള കയറ്റുമതിയെല്ലാം നടത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.
“ഗോതമ്പ് മാവിന്റെ (ആട്ട) കയറ്റുമതി നയം ‘സ്വതന്ത്രമായി’ തന്നെ തുടരും. എന്നാൽ ഗോതമ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ (ഐഎംസി) ശുപാർശയ്ക്ക് വിധേയമായിരിക്കും. ഈ വിജ്ഞാപനം 2022 ജൂലൈ 12 മുതൽ പ്രാബല്യത്തിൽ വരും. 2015-20 വിദേശ വ്യാപാര നയത്തിന് കീഴിൽ വരുന്ന വ്യവസ്ഥകൾ ഈ വിജ്ഞാപനത്തിന് കീഴിൽ ബാധകമായിരിക്കില്ല. ആട്ടയുടെ ഗുണനിലവാരം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പ്രത്യേകം അറിയിക്കുമെന്നും ഡിജിഎഫ‍്‍ടി അറിയിച്ചു. എന്നിരുന്നാലും, ആട്ട, മൈദ, റവ മറ്റ് അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് സമ്പൂർണ നിരോധനം പ്രഖ്യാപിച്ചിട്ടില്ല.
ആഗോള വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായതിനെ തുടർന്ന്, ഗോതമ്പിൻെറയും ഗോതമ്പുൽപ്പന്നങ്ങളുടെയും കയറ്റുമതി മേഖലയിൽ പുതിയ ചിലർ രംഗപ്രവേശം നടത്തിയിട്ടുണ്ട്. തൻമൂലം വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും ഗുണനിലവാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. അതിനാൽ, ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് മാവ് കയറ്റുമതിയുടെ ഗുണനിലവാരം നിലനിർത്തേണ്ടത് വളരെ നിർണായകമാണെന്നും ഡിജിഎഫ‍്‍ടി അറിയിച്ചു.
ഇന്ത്യയുടെ ഗോതമ്പ് പൊടി കയറ്റുമതി 2022 സാമ്പത്തിക വർഷത്തിൽ കുത്തനെ ഉയർന്നിട്ടുണ്ട്. 2.12 ബില്യൺ ഡോളറിനുള്ള 7 ദശലക്ഷം ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയത്ത് നടന്നതിനേക്കാൾ 274 ശതമാനം കൂടുതലാണിത്. ആഭ്യന്തര വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിൻെറ ഭാഗമായി മേയിൽ ഗോതമ്പ് കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു. ഇതോടെ ഗോതമ്പിന്റെ പ്രതിദിന ശരാശരി ചില്ലറ വിൽപ്പന വില 19.34 ശതമാനം വർധിച്ച് കിലോഗ്രാമിന് 29.49 രൂപയായി മാറുകയും ചെയ്തു. ഒരു വർഷം മുമ്പ് ഇതേസമയം കിലോഗ്രാമിന് 24.71 രൂപയായിരുന്നു വിലയുണ്ടായിരുന്നത്.
പിന്നീട്, ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കുന്ന ഉത്തരവിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിരുന്നു. മെയ് 13-നോ അതിന് മുമ്പോ കസ്റ്റംസിന് കൈമാറുകയും അവരുടെ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത ഗോതമ്പിൻെറയും ഗോതമ്പുൽപ്പന്നങ്ങളുടെയും ചരക്കുകൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്നായിരുന്നു തീരുമാനം. കയറ്റുമതി-ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വാണിജ്യ മന്ത്രാലയ വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) എൽഒസി ഉള്ള ഗോതമ്പ് കയറ്റുമതിക്കാർക്ക് കരാറുകളുടെ രജിസ്ട്രേഷൻ നൽകാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Exports Sectors, Union government, Wheat