ലോകബാങ്കിന്റെ ലോജിസ്റ്റിക് പെര്‍ഫോമന്‍സ് സൂചികയിൽ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. 139 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോള്‍ 38-ാം സ്ഥാനത്താണ്. എക്കാലത്തെയും ഉയര്‍ന്ന റാങ്കാണിത്. 2018-ല്‍ 44-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അടിസ്ഥാന സൗകര്യ വികസനത്തിലെയും സാങ്കേതിക വിദ്യയിലെയും നിക്ഷേപങ്ങളാണ് ഇന്ത്യയെ ഈ മുന്നേറ്റത്തിന് സഹായിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സോഫ്റ്റ് ഇൻഫ്രാസ്ട്രക്ടചർ മേഖലയിലും ഹാർഡ് ഇൻഫ്രാസ്ട്രക്ടചർ മേഖലയിലും കേന്ദ്രസർക്കാർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇത് തുറമുഖങ്ങളെ ഉള്‍നാടുകളിലെ സാമ്പത്തിക ധ്രുവങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായിച്ചെന്നും ലോകബാങ്കിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഈ വർഷം, അന്താരാഷ്ട്ര ഷിപ്പ്‌മെന്റ് മേഖലയിലും (international shipments) ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടു. ഇക്കാര്യത്തിൽ 2018-ൽ ഇന്ത്യ 44-ാം സ്ഥാനത്തായിരുന്നു. ഇത്തവണ അത് 22-ലേക്ക് ഉയർന്നു. ലോജിസ്റ്റിക് കോംപീറ്റൻസ് മേഖലയിൽ രാജ്യം നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 48-ാം സ്ഥാനത്തെത്തി. ട്രാക്കിംഗിലും ട്രെയ്‌സിംഗിലും ഇന്ത്യ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 38-ാം സ്ഥാനത്തെത്തി.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ 75 ശതമാനം ഷിപ്പര്‍മാരും പരിസ്ഥിതി സൗഹൃദ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതായും ഗ്രീന്‍ ലോജിസ്റ്റിക്സിന്റെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗ്രീന്‍ ലോജിസ്റ്റിക്‌സില്‍ നിക്ഷേപം നടത്തി ലോജിസ്റ്റിക് പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്ത്യയ്ക്ക് ഇത് അവസരമൊരുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India, Money18, World Bank