മലിനീകരണം കുറയ്ക്കാനും എണ്ണ ഇറക്കുമതിയുടെയും വായു മലിനീകരണത്തിന്റെയും പ്രതികൂല പ്രത്യാഘാതങ്ങൾ പരിഹരിക്കാനുമുള്ള ആഗോള പ്രതിബദ്ധത നിറവേറ്റാനായി, രാജ്യത്തെ വൈദ്യുത വാഹനങ്ങളിലേക്കു (EV) പരിവർത്തനം ചെയ്യാൻ സർക്കാർ ലക്ഷ്യമിടുന്നതിനാൽ ഇന്ത്യ ഒരു മൊബിലിറ്റി വിപ്ലവത്തിന്റെ വക്കിലാണ്. 2015-ലെ പാരീസ് ഉടമ്പടിയുടെ ഭാഗമായി, മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മലിനീകരണ (എമിഷൻ) തീവ്രത കുറയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2030-ഓടെ മലിനീകരണ തീവ്രത (ഒരു യൂണിറ്റ് GDP-യുടെ GHG എമിഷൻ) 2005-ലെ അളവിനെക്കാൾ 33% – 35% കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. EV-യെ സ്വാഗതം ചെയ്യുന്നത് ഇതിൽ വളരെ വലിയൊരു പങ്ക് വഹിക്കുന്നു.
2021-നും 2030-നും ഇടയിൽ 49% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) പ്രതീക്ഷിക്കുന്ന ഇന്ത്യൻ EV വിപണി സ്ഫോടനാത്മകമായ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. 2030-ഓടെ വാർഷിക വിൽപ്പന 17 ദശലക്ഷം യൂണിറ്റ് കവിയുമെന്നാണ് കരുതപ്പെടുന്നത്. ഇത് ഒരു അമിതപ്രതീക്ഷ പോലെ കാണപ്പെടാമെങ്കിലും, ഈ ലക്ഷ്യങ്ങൾ കരുതുന്നതുപോലെ അത്ര അപ്രാപ്യമല്ല. ബാറ്ററിയുടെ വില കുറയുന്നതും അനുകൂലമായ സാമ്പത്തിക സ്ഥിതിവിശേഷവും EV-കളെ ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു. EV-കൾ പരിപാലിക്കാനും വളരെ എളുപ്പമാണ് – ചെലവ് 50% കുറവാണ്. കാരണം അവയ്ക്ക് ഡീസൽ, പെട്രോൾ വാഹനങ്ങളുടെ എല്ലാ പ്രവർത്തന പ്രശ്നങ്ങളുമില്ല. അഞ്ച് വർഷത്തെ മൊത്തം ഉടമസ്ഥാവകാശ ചെലവ് (TCO) മറ്റേതൊരു വാഹനത്തെയും പോലെയാണ്, അൽപ്പം മെച്ചമാണെങ്കിലേ ഉള്ളൂ.
കൂടാതെ, ഇന്ത്യയിലെ ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം കുതിച്ചുയരുകയാണ്. അതുകൊണ്ട് ഒരുകാലത്ത് ഒരു പ്രധാന ആശങ്കയായിരുന്ന ചാർജ്ജ് തീർന്നുപോകുമോ എന്ന ഉത്ക്കണ്ട അതിവേഗം ഒരു പഴങ്കഥയായി മാറുകയാണ്. ഗവൺമെന്റ് ത്വരിതഗതിയിലുള്ള വലിയൊരു വർദ്ധനവ് ലക്ഷ്യംവെച്ചിട്ടുണ്ട്: FY22-ൽ ചാർജിംഗ് സ്റ്റേഷനുകൾ മുൻവർഷത്തേക്കാൾ 285% വർദ്ധിച്ചിരിക്കുന്നു, FY26-ഓടെ ചാർജിംഗ് സ്റ്റേഷനുകൾ 4 ലക്ഷത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വീകാര്യത വർദ്ധിക്കുന്നത് അനുസരിച്ച്, EV -യുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിക്കുകയും അത് അവയുടെ സ്വീകാര്യത പിന്നെയും വർദ്ധിപ്പിക്കുകയും അത് പിന്നെയും കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഒരു ചാക്രിക മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു!
2021 ജൂലൈ 31 വരെ, ഇന്ത്യയിൽ 380 EV നിർമ്മാതാക്കൾ ഉണ്ടായിരുന്നു. EV-ളുടെ സ്വീകാര്യത വർദ്ധിക്കുന്നതനുസരിച്ച് ഈ എണ്ണവും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയിം സ്കീമിന്റെ രണ്ടാം ഘട്ടത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. 2019 ഏപ്രിൽ മുതലുള്ള 3 വർഷത്തേക്ക് 10,000 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. 7000 ഇ-ബസുകൾ, 5 ലക്ഷം ഇ-3 വീലറുകൾ, 55000 ഇ-4 വീലർ പാസഞ്ചർ കാറുകൾ (സ്ട്രോങ് ഹൈബ്രിഡ് ഉൾപ്പെടെ), 10 ലക്ഷം ഇ-2 വീലറുകൾ എന്നിവയെ പിന്തുണച്ചുകൊണ്ട് കൂടുതൽ ഡിമാൻഡ് ഉളവാക്കാനായി ഡിമാൻഡ് ഇൻസെന്റീവുകൾക്കായി ഫണ്ടിന്റെ 86% മാറ്റിവെച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ രസകരമായ വശം.
വാഹന ഉടമസ്ഥാവകാശം വിഷയം അവിടെ നിൽക്കട്ടെ, അപ്പോഴും ഉപഭോക്താക്കൾക്ക് വിലപ്പെട്ട സേവനങ്ങൾ നൽകാനായി EV-കൾ ഉപയോഗപ്പെടുത്തുന്ന ബിസിനസ്സ് മോഡലുകളിൽ ഇന്ത്യയിലെ ഇ-മൊബിലിറ്റി ബിസിനസുകൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും പോലെയുള്ള മൈക്രോ മൊബിലിറ്റി സേവനങ്ങൾ ഇപ്പോൾ നഗരപ്രദേശങ്ങളിൽ ചെറു യാത്രകൾക്കുള്ള ഒരു ജനപ്രിയ ഗതാഗത മാർഗ്ഗമായി മാറുകയാണ്. ഇവ പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് പ്രകൃതിയ്ക്ക് ഇണങ്ങുന്നവയാണെന്നു മാത്രമല്ല, ഇന്ധനത്തിന്റെയും പരിപാലന ചെലവിന്റെയും കാര്യത്തിൽ കൂടുതൽ ലാഭകരവുമാണ്.
EV-കൾക്ക് വ്യക്തമായ മാറ്റം കൈവരുത്താൻ കഴിയുന്ന മറ്റൊരു മേഖല റൈഡ് ഹെയ്‍ലിംഗ് വ്യവസായമാണ്. കാർബൺ പുറന്തള്ളലും ഇന്ധനച്ചെലവും കുറയ്ക്കാനുള്ള യുക്തിസഹമായ ഒരു ചുവടുവെപ്പാണ് ഇലക്ട്രിക് ക്യാബുകളുടെ വിന്യാസം. EV-കളുടെ ഉപയോഗത്തിലൂടെ കാർ-ഷെയറിംഗ് സേവനങ്ങൾക്ക് പ്രയോജനം നേടാനാകും. കാരണം അവ കൂടുതൽ പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു, ഒപ്പം ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രതിമാസ അടിസ്ഥാനത്തിൽ ഒരു കൂട്ടം വാഹനങ്ങൾ ആക്‌സസ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന കാർ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾക്ക്, സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഒരു ബദൽ വാഗ്ദാനമായി EV-കളെ പ്രയോജനപ്പെടുത്താനാകും. അവസാനമായി, ഇ-റോമിംഗ് സേവനങ്ങൾ ഇന്ത്യ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്ത ഗതാഗത മാർഗ്ഗം പ്രദാനം ചെയ്യുന്നു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ രാജ്യം പര്യവേക്ഷണം ചെയ്യാൻ ഇത് അവരെ അനുവദിക്കുന്നു.
EV-കളോടുള്ള താൽപ്പര്യം വർദ്ധിച്ചുകൊണ്ടിരിക്കെ, ആകർഷകമായ ഇൻസെന്റീവുകൾ നൽകിക്കൊണ്ട് GOI ഉപഭോക്താക്കൾക്ക് EV-കൾ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കുന്നു. ഇവയ്ക്ക് നിരവധി രൂപങ്ങളുണ്ട്: വാങ്ങൽ ഇൻസെന്റീവുകളിൽ പലപ്പോഴും EV-കളുടെ വിലയിലെ നേരിട്ടുള്ള കിഴിവുകൾ ഉൾപ്പെടുന്നു. അതേസമയം കൂപ്പണുകൾ പിന്നീട് കൈപ്പറ്റാവുന്ന സാമ്പത്തിക ഇൻസെന്റീവുകൾ നൽകുന്നു. പലിശ സംബന്ധമായ ധനസഹായങ്ങൾ പലിശ നിരക്കിലെ കിഴിവുകളുടെ രൂപത്തിലുള്ളതാണ്, ഇത് ലോണുകൾ ചെലവ് കുറഞ്ഞതാക്കുന്നു. റോഡ് നികുതി ഇളവുകൾ മറ്റൊരിനം ചെലവ് മൊത്തത്തിൽ എടുത്തുകളയുന്നു, രജിസ്ട്രേഷൻ ഫീസ് ഇളവുകളും അങ്ങനെതന്നെയാണ്.
GOI ആദായ നികുതി ആനുകൂല്യങ്ങൾ മാത്രമല്ല, സ്ക്രാപ്പിംഗ് ഇൻസെന്റീവുകളും നൽകുന്നു! പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉടമകൾക്ക് നൽകുന്ന ഈ ഇൻസെന്റീവുകൾ, പരിസ്ഥിതിയ്ക്കും പോക്കറ്റിനും വളരെ മികച്ച പുതിയ EV-ക്കായി അവരുടെ പഴയ, ഫോസിൽ ഇന്ധനം കത്തിക്കുന്ന വാഹനം സ്ക്രാപ്പ് ചെയ്യുന്നത് എളുപ്പമാക്കുന്നു. വാസ്തവത്തിൽ, ഇന്ന് ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കുന്ന എല്ലാ പലിശ രഹിത വായ്പകളും സബ്‌സിഡികളും പ്രത്യേക ഇൻസെന്റീവുകളും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഒരു EV വാങ്ങാൻ ഇതിലും നല്ലൊരു സമയം ഉണ്ടായിരുന്നിട്ടില്ല.
എന്നിരുന്നാലും, പുതിയ എന്തും സ്വീകരിക്കുന്നതിൽ ഉപഭോക്തൃ വിശ്വാസം പ്രധാനമാണ്. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനായി, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS), സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (CEA), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവയിലൂടെ NITI ആയോഗ് മാനദണ്ഡങ്ങളുടെ ഒരു ചട്ടക്കൂട് സൃഷ്ടിച്ചിട്ടുണ്ട്. CEA മാനദണ്ഡങ്ങൾ പവർ ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുമ്പോൾ, BIS മാനദണ്ഡങ്ങൾ പരസ്പര പ്രവർത്തനക്ഷമത ഉറപ്പാക്കുകയും EV-കൾക്കും അവയുടെ ഘടകങ്ങൾക്കുമുള്ള വ്യാപാര തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം ARAI, വാഹനങ്ങൾക്കും അവയുടെ ഘടകങ്ങൾക്കുമുള്ള മാനദണ്ഡങ്ങൾ വികസിപ്പിച്ചെടുക്കുന്നു.
കൂടാതെ, EV-കൾ ചാർജ് ചെയ്യാനുള്ള അടിസ്ഥാനസൗകര്യങ്ങളോട് ബന്ധപ്പെട്ട് പുതുക്കിയ ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും വൈദ്യുതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ചാർജിംഗ് സംബന്ധമായ അടിസ്ഥാനസൗകര്യങ്ങളുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നു: ഉടമകൾക്ക് എങ്ങനെ വീട്ടിലും ഓഫീസിലും അവരുടെ EV-കൾ ചാർജ് ചെയ്യാമെന്നത് മുതൽ കണക്ഷനുകൾക്ക് എങ്ങനെ അപേക്ഷിക്കാമെന്നതും പൊതു EV ചാർജിംഗ് സ്റ്റേഷനുകളിലേക്കുള്ള വിതരണത്തിനുള്ള താരിഫും വരെ. കൂടാതെ, ഈ സ്റ്റേഷനുകളുടെ സ്ഥല സാന്ദ്രതയും ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിഷ്ക്കർഷിക്കുന്നു: 3 Km X 3 Km ദൈർഘ്യമുള്ള ഒരു ഗ്രിഡിന് കുറഞ്ഞത് ഒരു EV ചാർജിംഗ് സ്റ്റേഷനും ഹൈവേകളുടെയോ റോഡുകളുടെയോ ഇരുവശങ്ങളിലുമായി ഓരോ 25 കിലോമീറ്ററിലും ഒരു EV ചാർജിംഗ് സ്റ്റേഷനും.
ഇത്തരത്തിലുള്ള പരിപാടികൾ വിജയിക്കാനും EV വിപ്ലവം തഴച്ചുവളരാനും വേണ്ടത് ഗുണനിലവാരത്തിന്റെ ഒരു ഉറച്ച നട്ടെല്ലാണ്. ഇന്ത്യയിൽ, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) ഇതിന്റെ പര്യായമാണ്. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡികൾക്ക് (NABCB) കീഴിലുള്ള അക്രഡിറ്റേഷനുകളിലൂടെ ഇത് 1997 മുതൽ ഇന്ത്യയിലെ പൂർത്തീകരിച്ച ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിനും സമഗ്രതയ്ക്കുമുള്ള അടിത്തറ പാകുകയായിരുന്നു.
EV വ്യവസായം വികസിക്കവേ, വിദഗ്ധ തൊഴിലാളികളുടെ ആവശ്യവും വർദ്ധിക്കും. അതുകൊണ്ട്, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NABET), ട്രെയിനിംഗ് ആൻഡ് കപ്പാസിറ്റി ബിൽഡിംഗ് ഡിവിഷൻ (TCB), ഒരു ഓൺലൈൻ പഠന പോർട്ടലായ eQuest എന്നിവ പോലുള്ള പരിശീലനങ്ങളിലൂടെയും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിലൂടെയും QCI അടുത്ത തലമുറയെ അതിനായി വാർത്തെടുക്കുകയാണ്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണ്. എന്നാൽ ഈ വളർച്ച വർദ്ധിച്ച മലിനീകരണ ഭീഷണി ഉയർത്തുന്നു. നിർഭാഗ്യവശാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആനുപാതികമല്ലാത്ത പ്രത്യാഘാതങ്ങളും ഇന്ത്യ അഭിമുഖീകരിക്കുന്നു. അതായത് മറ്റ് വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പിന്തുടരനായി പരിസ്ഥിതിയെ പരിഗണിക്കുന്നത് നമുക്ക് മാറ്റിവെക്കാനാവില്ല. രണ്ടും സമനിലയിൽ നിർത്തേണ്ടതുണ്ട്.
സാമ്പത്തികവും പാരിസ്ഥിതികവുമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വതന്ത്രമായ EV നിർമ്മാണവും അതിന്റെ സ്വീകാര്യതയും പ്രധാനമാണ്. ഗവൺമെന്റിന്റെ പ്രോത്സാഹജനകമായ സമീപനവും, ഗുണനിലവാരവും സുരക്ഷയും സമഗ്രതയും സംബന്ധിച്ചുള്ള QCI-യുടെ മാനദണ്ഡങ്ങളും ഒത്തുചേർന്ന്, ഇന്ത്യൻ EV ഇക്കോസിസ്റ്റത്തെ ക്രിയാത്മക മാറ്റം വരുത്താൻ കഴിയുന്ന ഒരു പ്രബല ശക്തിയാക്കുന്നു. ഗുണ്വത്ത സേ ആത്മനിർഭർതാ ശരിക്കും പ്രവൃത്തിപഥത്തിൽ ആയിരിക്കുന്നതിന്റെ തെളിവാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.