• HOME
  • »
  • NEWS
  • »
  • money
  • »
  • ജനുവരിയിൽ ഇന്ത്യയിലേയ്ക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

ജനുവരിയിൽ ഇന്ത്യയിലേയ്ക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലും ഉപഭോഗത്തിലും മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്

  • Share this:

    ന്യൂഡല്‍ഹി: ജനുവരിയിൽ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസംമാത്രം 1.4 മില്യണ്‍ ബാരല്‍ (ബിപിഡി) ആണ് വര്‍ധനവ്. ഡിസംബറിനെ അപേക്ഷിച്ച് ഇറക്കുമതി 9.2 ശതമാനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ.

    ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലേക്ക് ഉയരുകയാണ് റഷ്യ ഇപ്പോള്‍. ഇറാഖും സൗദി അറേബ്യയയുമാണ് ഈ പട്ടികയിലെ മറ്റ് പ്രധാന രാജ്യങ്ങള്‍.

    ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലും ഉപഭോഗത്തിലും മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത അഞ്ച് മില്യണ്‍ ബാരല്‍ എണ്ണയുടെ 27 ശതമാനവും റഷ്യയില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

    ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കാരണം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നേടുന്നതിനായി രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ റിഫൈനറികള്‍ വര്‍ഷത്തിലെ ആദ്യ പാദത്തിലെ മെയിന്റനന്‍സ് ഷട്ട്ഡൗണ്‍ ഒഴിവാക്കിയിരുന്നു.

    Also Read- യുക്രെയ്നിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം; 50 കോടി ഡോളറും കൂടുതൽ ആയുധസഹായവും പ്രഖ്യാപിച്ചു

    മുമ്പ് വളരെ അപൂര്‍വമായി മാത്രമേ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയിലെ റിഫൈനറികള്‍ മുന്നോട്ട് വന്നിരുന്നുള്ളു. എന്നാല്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യരാജ്യങ്ങളില്‍ റഷ്യന്‍ ക്രൂഡ് ഓയിലിനുണ്ടായ തിരിച്ചടി ഇന്ത്യയെ റഷ്യയുടെ മികച്ച എണ്ണ ഉപഭോക്താവാക്കി മാറ്റുകയായിരുന്നു. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യന്‍ എണ്ണയെ പാശ്ചാത്യ രാജ്യങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. ഈ പശ്ചാത്തലത്തിണ് എണ്ണ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന വ്യവസ്ഥയില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ മുന്നോട്ട് വന്നത്.

    കഴിഞ്ഞ മാസം മാത്രം ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത സോകോള്‍ ക്രൂഡ് ഓയില്‍ 100,900 ബാരല്‍ ആയിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

    അതേസമയം ജനുവരിയില്‍ കാനഡയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണ 314,000ബാരല്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ജനുവരിയോടെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് കാനഡയ്ക്കുള്ളത്. യുഎഇയാണ് തൊട്ടുമുന്നില്‍.

    Also Read- ഗര്‍ഭനിരോധന മാർഗങ്ങള്‍ക്ക് അഫ്ഗാനിൽ വിലക്ക്; മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയെന്ന് താലിബാൻ

    ജനുവരിയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഇറാഖില്‍ നിന്നുള്ള എണ്ണയുടെ അളവും വര്‍ധിച്ചിട്ടുണ്ട്. ഇറക്കുമതി ഇക്കഴിഞ്ഞ ഡിസംബറില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 983,000 ബാരല്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർധനവാണിത്.

    ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യമായി ഇറാഖ് മാറിയിരുന്നു. അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യയെ പിന്തള്ളി റഷ്യ രംഗത്തെത്തുകയായിരുന്നു. സൗദി അറേബ്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

    അതേസമയം റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യയില്‍ വര്‍ധിച്ചതോടെ ഇത് ബാധിച്ചത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയാണ്. ഇതോടെ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് 48 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.

    Published by:Naseeba TC
    First published: