• HOME
  • »
  • NEWS
  • »
  • money
  • »
  • RBI | സഹകരണ ബാങ്കുകളുടെ ഭവനവായ്പ പരിധി ഉയർത്തി ആർബിഐ; 100 ശതമാനത്തിലും അധികം

RBI | സഹകരണ ബാങ്കുകളുടെ ഭവനവായ്പ പരിധി ഉയർത്തി ആർബിഐ; 100 ശതമാനത്തിലും അധികം

ഭവന നിർമാണ ചെലവുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം

RBI

RBI

  • Share this:
    സഹകരണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവന വായ്പകളുടെ (housing loan) പരിധി ഉയർത്തി റിസർവ് ബാങ്ക് (Reserve Bank of India - RBI). ധനനയ അവലോകന യോഗത്തിനു ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് (Shaktikanta Das) ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന, ഗ്രാമീണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലും അധികം ആയാണ് ഉയർത്തിയത്. ഭവന നിർമാണ ചെലവുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

    ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ അവരുടെ വീട്ടു പടിക്കൽ ലഭ്യമാക്കാൻ അർബൻ സഹകരണ ബാങ്കുകൾക്ക് അനുമതി നൽകാനും യോ​ഗം തീരുമാനിച്ചു. "ഇത് ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും" എന്നും റിസർവ് ബാങ്ക് അറിയിച്ചു.

    റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് റസിഡൻഷ്യൽ ഹൗസിംഗ് പ്രോജക്ടുകൾക്ക് ധനസഹായം നൽകാനാകും എന്നും ആർബി ഐ അറിയിച്ചു. ഇതിനു മുൻപ് 2011ലും 2009 ലുമാണ് യഥാക്രമം അർബൻ സഹകരണ ബാങ്കുകൾക്കും റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ബാധകമായ വ്യക്തിഗത ഭവനവായ്പ പരിധി അവസാനമായി നിശ്ചയിച്ചത്.

    ഇതേക്കുറിച്ചുള്ള വിശദമായ സർക്കുലർ പ്രത്യേകം പുറപ്പെടുവിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. ഭവന നിർമാണ മേഖലക്ക് വായ്പാ നൽകാൻ സഹകരണ ബാങ്കുകൾക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് ആർബിഐ മനസിലാക്കിയിട്ടുണ്ടെന്ന് കോളിയേർസ് (Colliers) സിഇഒയും എംഡിയുമായ രമേഷ് നായർ പറഞ്ഞു.

    മറ്റ് സുപ്രധാന തീരുമാനങ്ങളും ഇന്നത്തെ ധനനയ അവലോകന യോഗത്തിൽ ആർബിഐ സ്വീകരിച്ചിട്ടുണ്ട്. റിപ്പോ നിരക്കില്‍ ആര്‍ബിഐ 50 ബേസിസ് പോയിന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ജൂണില്‍ നിരക്ക് ഉയര്‍ത്തുമെന്ന് ആര്‍ബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനത്തിൽനിന്ന് 4.90 ശതമാനമായി ഉയരും.

    റിപ്പോ നിരക്ക് ഉയർത്താൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യുക്രെയ്ൻ യുദ്ധം കാരണമാണ് പണപെരുപ്പം ആഗോളതലത്തിൽ വർദ്ധിക്കുന്നത്. അതേസമയം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ നിരക്ക് വർദ്ധിക്കും. കഴിഞ്ഞ യോഗത്തിലും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് ഉയർത്തിയിരുന്നു.

    റുപേ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് യുപിഐ വഴി പണമിടപാടുകൾ നടത്താൻ അനുമതി നൽകിയതാണ് മറ്റൊരു സുപ്രധാന നീക്കം. ഉപയോക്താക്കളുടെ ഡെബിറ്റ് കാർഡുകൾ വഴി സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകൾ ലിങ്ക് ചെയ്തുകൊണ്ടാണ് നിലവിൽ യുപിഐ ഇടപാടുകൾ നടത്തുന്നത്.

    Summary: Individual housing loans limit raised by RBI
    Published by:user_57
    First published: