ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെയും പായ്ക്കറ്റ് ഭക്ഷണ സാധനങ്ങളുടെയും വില ഉയരാന്‍ സാധ്യത. ഇന്തോനേഷ്യ (Indonasia) പാമോയില്‍ കയറ്റുമതി നിരോധിച്ചതാണ് (palm oil export ban) ഇതിന് കാരണം. ലോകത്ത് ഏറ്റവുമധികം പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. പാമോയില്‍ വിതരണത്തിലെ ഈ തടസ്സം കമ്പനികളുടെ നിര്‍മ്മാണ ചെലവ് (input cost) വര്‍ദ്ധിപ്പിക്കും. ഇത് പണപ്പെരുപ്പം ഇനിയും ഉയര്‍ത്താനിടയാക്കും. ഏപ്രില്‍ 28 മുതലാണ് പാം ഓയിലിന് ഇന്തോനേഷ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഡിറ്റര്‍ജന്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ജൈവ ഇന്ധനങ്ങള്‍ എന്നിവയില്‍ പാം ഓയില്‍ ഉപയോഗിക്കുന്നുണ്ട്. സോപ്പ്, ഷാംപൂ, നൂഡില്‍സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങി നിരവധി ദൈനംദിന ഉപയോഗ വസ്തുക്കള്‍ നിര്‍മ്മിക്കാനും ഇവ ഉപയോഗിക്കുന്നു. അതിനാല്‍, പാമോയില്‍ വിലയിലെ വര്‍ധനവ് ഈ വ്യവസായങ്ങളിലുടനീളമുള്ള നിര്‍മ്മാണ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. ഇന്ത്യ (india) പ്രതിവര്‍ഷം എട്ട് ദശലക്ഷം ടണ്‍ പാമോയില്‍ ഇറക്കുമതി (palm oil import) ചെയ്യുന്നുണ്ട്. ഇതില്‍ 40 ശതമാനത്തോളം ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാമോയിലാണ്.
Also Read- ഫ്രഞ്ച് പ്രസിഡന്‍റായി ഇമ്മാനുവേൽ മാക്രോൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു; വിജയം 58.2 ശതമാനം വോട്ടുകളോടെ
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ലോകത്ത് പാചക എണ്ണയുടെ വിതരണം ഇതിനകം തന്നെ വലിയ വിതരണ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇത് പാമോയില്‍, സോയ എണ്ണ എന്നിവയുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്താന്‍ ഇടയാക്കിയെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് തലവൻ സന്തോഷ് മീന പറഞ്ഞു. ഈ കയറ്റുമതി നിരോധനവും മലേഷ്യന്‍ നികുതികളിലെ വര്‍ധനയും പ്രശ്‌നം കൂടുതല്‍ വഷളാക്കും.
'' സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റുകള്‍, നൂഡില്‍സ് തുടങ്ങി നിരവധി ദൈനംദിന ഉപഭോഗ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ പാം ഓയിലും അതിന്റെ അനുബന്ധ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത് എച്ച്‌യുഎല്‍, നെസ്ലെ, ബ്രിട്ടാനിയ, ഗോദറേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ്, മാരികോ ലിമിറ്റഡ് തുടങ്ങിയ കമ്പനികളെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍, സോപ്പ് നിര്‍മ്മാതാക്കള്‍, മറ്റ് പേഴ്സണൽ കെയർ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കിയേക്കാം'', മീന പറയുന്നു.
ഇന്തോനേഷ്യയിലെ പാം ഓയിൽ നിരോധനത്തിന് ശേഷം, ആഭ്യന്തര ഭക്ഷ്യ എണ്ണയുടെ വില ചുരുങ്ങിയ കാലയളവിലേക്ക് എങ്കിലും 10-15 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ഒരു എഫ്ഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുക്രെയ്ന്‍-റഷ്യ യുദ്ധം ഇതിനകം തന്നെ ഇന്ത്യയിലെ സൂര്യകാന്തി എണ്ണയുടെ വിതരണത്തെ ബാധിക്കുകയും ഗാര്‍ഹിക ബജറ്റുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. അതിനാല്‍ പാം ഓയിൽ കയറ്റുമതി നിരോധനം ഇന്ത്യയ്ക്ക് വലിയ ബാധ്യതയാകും.
പാം ഓയിൽ നിരോധനം രാജ്യത്തെ ഉല്‍പ്പാദകര്‍ക്കിടയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും എച്ച്‌യുഎല്‍, ജിസിപിഎല്‍, ബ്രിട്ടാനിയ, നെസ്ലെ എന്നീ കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായി മാറുമെന്നുമാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indonesia