സാമ്പത്തിക നിക്ഷേപങ്ങളുടെ (investment) ഏറ്റവും വലിയ ലക്ഷ്യം സാമൂഹിക സുരക്ഷ (social security) ഉറപ്പുവരുത്തുക എന്നതാണ്. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള വിശ്രമ ജീവിതമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കേന്ദ്ര സര്‍ക്കാരിന്റെ (central government) അടല്‍ പെന്ഷന് യോജന (Atal Pension Yojana). 1000 മുതല്‍ 5000 രൂപ വരെ മാസന്തോറും പെന്ഷന് ലഭിക്കുന്നതാണ് പദ്ധതി (scheme). നമ്മള് നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചായിരിക്കും നമ്മുടെ പെന്ഷന്. ഈ പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിക്കാം.
എന്താണ് അടല്‍ പെന്ഷന് യോജന?വാര്‍ദ്ധക്യത്തില്‍ ഒരു വ്യക്തിയ്ക്ക് വരുമാനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2015-16 ബജറ്റിലാണ് ഇതിന്റെ പ്രഖ്യാപനം നടന്നത്. അസംഘടിത മേഖലയിലെ ആളുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിയാണിത്. അസംഘടിത തൊഴിലാളികളുടെ നീണ്ട വിശ്രമ ജീവിതം സുഖകരമാക്കാന്‍ അവര്‍ക്ക് സ്വമേധയാ ഈ പദ്ധതിയില്‍ അംഗങ്ങളാകാം. നാഷണല്‍ പെന്ഷന് സിസ്റ്റം (NPS) വഴി പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയ്ക്ക് (PFRDA) ആണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.
പദ്ധതിയില്‍ ചേരാനുള്ള യോഗ്യത18നും 40നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് പദ്ധതിയുടെ ഭാഗമാകാം. ആധാറാണ് പ്രധാന രേഖയായി വേണ്ടത്. ആധാറും ഇതുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പറും നല്‍കണം. പദ്ധതിയില്‍ ചേരുന്ന സമയം ഇവ ഇല്ലെങ്കില്‍ പിന്നീട് ആധാര്‍ നമ്പര്‍ ചേര്‍ക്കാവുന്നതാണ്.
പ്രയോജനങ്ങള്മാസം 1000 മുതല്‍ 5000 രൂപ വരെ പെന്ഷന് ഉറപ്പായും ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രധാനപ്പെട്ട പ്രയോജനം. ഏറ്റവും കുറഞ്ഞ പെന്ഷന് തുക കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിച്ച് ഉറപ്പുവരുത്തുന്നത്. ഉപയോക്താവിന്റെ നിക്ഷേപത്തിന്റെ അമ്പത് ശതമാനം, വര്‍ഷം 1000 രൂപ എന്നിവയില്‍ കുറവ് ഏതാണോ അത് കേന്ദ്ര സര്‍ക്കാര്‍ ഒരോരുത്തരുടെയും പദ്ധതിയിലേയ്ക്ക് നിക്ഷേപിക്കുന്നു.
മാസം 5000 രൂപ ലഭിക്കുന്നതെങ്ങനെ?നേരത്തെ പദ്ധതിയില്‍ ചേരുകയാണ് ഇതിനായി ചെയ്യേണ്ടത്. അപ്പോള്‍ കുറച്ച് തുക ഗഡുക്കളായി അടച്ചാല്‍ മതിയാകും. 18 വയസ്സില്‍ പദ്ധതിയില്‍ ചേരുന്ന ഒരാള്‍ക്ക് മാസം 210 രൂപ മാത്രമേ അടയ്ക്കേണ്ടതായി വരൂ. അയാള്‍ക്ക് ഉറപ്പായും മാസം 5000 രൂപ പെന്ഷന് ലഭിക്കും. 168 രൂപയാണ് 18 വയസ്സ് മുതല്‍ അടയ്ക്കുന്നത് എങ്കില്‍ 60 വയസ്സാകുമ്പോള്‍ 4000 രൂപ മാസം പെന്ഷന് ലഭിക്കും. 126 രൂപയാണ് അടവ് എങ്കില്‍ 3000 രൂപ കിട്ടും. 84 രൂപ അടച്ചാല്‍ 2000 രൂപ പ്രതിമാസം പെന്ഷന് ഇനത്തില്‍ ലഭിക്കും. ഏറ്റവും കുറഞ്ഞത് 42 രൂപ മാസം നിക്ഷേപിക്കണം. 40 വയസ്സില്‍ പദ്ധതിയില്‍ ചേരുന്ന ഒരാള്‍ 1454 രൂപ 60 വയസ്സ് വരെ നിക്ഷേപിച്ചാല്‍ 5000 രൂപ പെന്ഷന് ലഭിക്കും.
ഉപയോക്താവ് മരണപ്പെട്ടാല്‍ അയാളുടെ ജീവിത പങ്കാളിയ്ക്ക് പെന്ഷന് ലഭിക്കും. രണ്ട് പേരും മരണപ്പെട്ടാല്‍ മുഴുവൻ തുകയും നോമിനിയ്ക്ക് ലഭിക്കും. 60 വയസ്സിന് മുന്‍പ് ഈ പദ്ധതി ഉപേക്ഷിക്കാന്‍ സാധ്യമല്ല. പക്ഷേ, ഉപയോക്താവിന്റെ മരണം, വലിയ അസുഖങ്ങള്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ ഇത് അനുവദനീയമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.