വിപണിയിലെ (market) ചാഞ്ചാട്ടം (volatile) തുടരുന്നതിനാൽ നിക്ഷേപകരിൽ പലർക്കും ഓഹരികളിൽ നിക്ഷേപിക്കാനുള്ള താൽപര്യം കുറഞ്ഞിരിക്കുകയാണ്. വിപണിയിലെ കയറ്റിറക്കങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ സ്ഥിരതയാർന്നതും ഉയർന്നതുമായ വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരിന്റെ സമ്പാദ്യ പദ്ധതികൾ ( savings schemes) തിരഞ്ഞെടുക്കാവുന്നതാണ്. കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund) അഥവാ പിപിഎഫ് ഇത്തരത്തിൽ നിക്ഷേപകർക്ക് പരിഗണിക്കാവുന്ന മികച്ച ചെറു സമ്പാദ്യ പദ്ധതികളിൽ ഒന്നാണ്. സ്ഥിരതയോടു കൂടിയതും ഉയർന്നതുമായ വരുമാനം മാത്രമല്ല നികുതി ലാഭിക്കാനുള്ള അവസരവും കൂടി നൽകുന്ന സ്കീമാണിത്.
പിപിഎഫിന്റെ സവിശേഷതകളും പലിശ നിരക്കും ആനുകൂല്യങ്ങളും
പിപിഎഫ് എന്നറിയപ്പെടുന്ന പബ്ലിക് പ്രോവിഡന്റ് ഫണ്ട് രാജ്യത്തെ ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നഷ്ട സാധ്യത ഇല്ലാത്ത (Risk free) സ്കീമുകളിൽ ഒന്നാണ്. പിപിഎഫിൽ നിക്ഷേപകർക്ക് ഒരു വർഷം നടത്താവുന്ന കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങൾക്ക് ലഭ്യമാക്കുന്ന പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്. മികച്ച നികുതി ആനുകൂല്യങ്ങളാണ് പിപിഎഫ് ലഭ്യമാക്കുന്നത്. നിക്ഷേപവും , പലിശയും, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയും പൂർണ്ണമായും നികുതി രഹിതമായിരിക്കുന്ന ഇഇഇ (EEE) വിഭാഗത്തിൽ ഉൾപ്പെടുന്ന വളരെ കുറച്ച് സ്കീമുകളിൽ ഒന്നാണിത്. പിപിഎഫിൽ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതില്ല. അതുപോലെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം തുകയ്ക്കും നികുതി ബാധകമാവില്ല.
നിക്ഷേപകർക്ക് തുടർച്ചയായി 15 വർഷം വരെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപം നടത്താം. എന്നിരുന്നാലും, 15 വർഷം പൂർത്തിയാകുമ്പോൾ പണം ആവശ്യമില്ലെങ്കിൽ, നിക്ഷേപകന് ആവശ്യമുള്ളത്ര വർഷത്തേക്ക് പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി നീട്ടാൻ കഴിയും. ഇതിനായി ഒരു പിപിഎഫ് അക്കൗണ്ട് എക്സ്റ്റൻഷൻ ഫോം സമർപ്പിക്കണം. ഇത്തരത്തിൽ അഞ്ച് വർഷം വീതമുള്ള ബ്ലോക്കുകളായാണ് തുടർന്ന് കാലാവധി നീട്ടാൻ കഴിയുക.
പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച് കോടീശ്വരനാകാം,എങ്ങനെ?
ഉയർന്ന പലിശ വരുമാനം, മികച്ച ജനപ്രീതി, കുറഞ്ഞ നഷ്ടസാധ്യത, നികുതി രഹിത സ്വഭാവം എന്നിവ പ്രയോജനപ്പെടുത്തി ശരിയായ രീതിയിൽ നിക്ഷേപം നടത്തിയാൽ പിപിഎഫിലൂടെ ഒരു കോടി രൂപ വരെ സമാഹരിക്കാൻ നിക്ഷേപകന് കഴിയും.
ഇതിനായി നിക്ഷേപകർ ചുവടെ നൽകിയിരിക്കുന്ന രീതി പിന്തിടരാവുന്നതാണ്
പിപിഎഫ് അക്കൗണ്ടിൽ നിങ്ങൾ ഓരോ ദിവസവും 417 രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ, പ്രതിമാസ നിക്ഷേപ മൂല്യം ഏകദേശം 12,500 രൂപയാകും. അങ്ങനെയെങ്കിൽ നിങ്ങളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ പ്രതിവർഷം നിങ്ങൾക്ക് 1,50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ കഴിയും, ഇത് പരമാവധി നിക്ഷേപ പരിധിയാണ്. ഇത്തരത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം പൂർത്തിയാകുമ്പോൾ മൊത്തം 40.58 ലക്ഷം രൂപ സമാഹരിക്കാൻ കഴിയും. അതിനുശേഷം അഞ്ച് വർഷം വീതമുള്ള രണ്ട് തവണകളായി കാലാവധി വീണ്ടും നീട്ടണം.
25 വർഷത്തോളം അതായത് നിങ്ങളുടെ 35 വയസ്സ് മുതൽ 60 വയസ്സ് വരെ ഇത്തരത്തിൽ നിക്ഷേപം തുടരുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് മൊത്തം 1.03 കോടി രൂപയോളം ലഭിക്കും. ഈ തുക പൂർണ്ണമായും നികുതി രഹിതമായിരിക്കും മാത്രമല്ല മൊത്തം ഏകദേശം 66 ലക്ഷം രൂപയോളം പലിശയായി ലഭിക്കും. ജോലിയിൽ നിന്നും വിരമിക്കുന്ന പ്രായം വരെയുള്ള 25 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ച ആകെ തുക ഏകദേശം 37 ലക്ഷം രൂപയായിരിക്കും.
മാസം തോറുമാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ കണക്കാക്കുന്നത്. അതിനാൽ നിങ്ങളുടെ നിക്ഷേപത്തിന് ഉയർന്ന റിട്ടേൺ ലഭിക്കുന്നതിന് എല്ലാ മാസവും 1 മുതൽ 5 വരെയുള്ള തീയതികളിൽ പണം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.