• HOME
  • »
  • NEWS
  • »
  • money
  • »
  • ITR | ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം; നീട്ടില്ലെന്ന് സർക്കാർ

ITR | ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം; നീട്ടില്ലെന്ന് സർക്കാർ

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. ഇതുവരെ ഫയൽ ചെയ്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കുക

  • Last Updated :
  • Share this:
    ആദായനികുതി റിട്ടേൺ (Income Tax Return) അടയ്ക്കുന്നതിനുള്ള അവസാന തീയതി ഇനി നീട്ടില്ലെന്ന് ആവർത്തിച്ച് സർക്കാരും ആദായനികുതി വകുപ്പും രംഗത്ത്. ജൂലൈ 31 ആണ് നിലവിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. എന്നാൽ ഇത് ഇനിയും നീട്ടണമെന്ന് നികുതിദായകരിൽ (Taxpayers) നിന്നും അസോസിയേഷനുകളിൽ നിന്നും അഭ്യർഥന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് അസസ്‌മെന്റ് വർഷങ്ങളായി സർക്കാർ ആദായനികുതി ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയിരുന്നു. എന്നാൽ ഇനി തീയതിയിൽ മാറ്റം ഉണ്ടാവില്ലെന്ന് സ‍ർക്കാർ അറിയിച്ചു.

    സർക്കാരിന് പറയാനുള്ളത്

    ജൂലൈ 31ന് മുമ്പായി നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് ആദായനികുതി വകുപ്പ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റ‍ർ ഹാൻറിലിലൂടെ നികുതിദായകരെ അറിയിച്ചിട്ടുണ്ട്. ഇനിയൊരിക്കൽ കൂടി നീട്ടിവെക്കൽ ഉണ്ടാവില്ലെന്നും ഉറപ്പിച്ച് പറയുന്നുണ്ട്. "2022-23 വർഷത്തേക്കുള്ള 3 കോടിയിലധികം ഐടിആറുകൾ ഇ-ഫയലിംഗ് പോർട്ടലിൽ 2022 ജൂലൈ 25 വരെ ഫയൽ ചെയ്തിട്ടുണ്ട്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. ഇതുവരെ ഫയൽ ചെയ്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കുക," വകുപ്പ് അറിയിച്ചു.

    ഐടിആർ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് മാത്രമല്ല, റവന്യൂ സെക്രട്ടറി തരുൺ ബജാജും ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമിച്ച് ഫയലിങ് നടക്കുമ്പോൾ വെബ്സൈറ്റ് തകരാറിലാവുമെന്ന് ആളുകൾ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എപ്പോഴത്തേതും പോലെ സമയപരിധി നീട്ടുമെന്നാണ് നികുതിദായകർ കരുതുന്നത്. അതിനാൽ ആദായനികുതി റിട്ടേൺ സമർപ്പിക്കൽ വളരെ സാവധാനത്തിലാണ് നടക്കുന്നതെന്നും ബജാജ് പറഞ്ഞു. "എന്നാൽ ഇപ്പോൾ പ്രതിദിനം 15 ലക്ഷം മുതൽ 18 ലക്ഷം വരെ റിട്ടേണുകൾ ഞങ്ങൾക്ക് ലഭിക്കുന്നു. ഇത് 25 ലക്ഷം മുതൽ 30 ലക്ഷം വരെ ഉയരും," അദ്ദേഹം കൂട്ടിച്ചേർത്തു.

    സമയപരിധി നീട്ടണമെന്ന് നികുതിദായകരും അസോസിയേഷനുകളും

    ഐടിആർ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നികുതിദായകരും നിരവധി അസോസിയേഷനുകളും നേരത്തെ തന്നെ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ടാക്സ് പ്രാക്ടീഷണർമാർ എന്നിവരുടെ സംഘടനയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് (എഐഎഫ്‌ടിപി) വിവിധ കാരണങ്ങളാൽ ആദായനികുതി ഫയലിംഗ് സമയപരിധി ഒരു മാസത്തേക്ക് നീട്ടണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിനോടും (സിബിഡിടി) അഭ്യർത്ഥിച്ചിട്ടുണ്ട്. സമയപരിധി ആഗസ്ത് 31 വരെ നീട്ടണമെന്ന് ഗോവ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (ജിസിസിഐ) കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇപ്പോൾ തന്നെ നിരവധി സാങ്കേതിക പ്രശ്നങ്ങൾ തങ്ങൾ നേരിടുന്നുണ്ടെന്ന് നികുതിദായകരും പറയുന്നു. ഇത് സംബന്ധിച്ച് നിരവധി ട്വീറ്റുകളും ഇവർ പങ്കുവെച്ചിട്ടുണ്ട്. വെബ്സൈറ്റിലെ പ്രശ്നങ്ങളും ഒടിപി വരാത്തതടക്കമുള്ള വിഷയങ്ങളും പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
    Published by:Amal Surendran
    First published: