ആദിൽ ഷെട്ടി, സിഇഒ, ബാങ്ക് ബസാർ2021-22 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ (ITR) ഫയൽ ചെയ്യാനുള്ള അവസാന ദിവസം 2022 ജൂലൈ 31 ആയിരുന്നു. നിങ്ങളുടെ വരുമാനം 2.5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ, നിങ്ങൾ ഐടിആർ ഫയൽ ചെയ്യണം. സമയപരിധിക്കുള്ളിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ നികുതി വകുപ്പിന്റെ പരിശോധനകൾക്ക് വിധേയമാകേണ്ടി വരും.
ചിലപ്പോൾ, സമയപരിധി നീട്ടി നൽകാറുണ്ട്. കോവിഡ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന നികുതിദായകർക്ക് ആശ്വാസം നൽകുന്നതിനായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നു. എന്നാൽ തീയതി നീട്ടുന്നത് കാര്യമാക്കേണ്ടതില്ല. പിഴ, അടക്കാത്ത നികുതികളുടെ പലിശ, അല്ലെങ്കിൽ നിയമപരമായ സൂക്ഷ്മപരിശോധന എന്നിവ ഒഴിവാക്കുന്നതിന് നിശ്ചിത തീയതിക്ക് മുമ്പ് തന്നെ ഐടിആർ ഫയൽ ചെയ്യണം.
നിങ്ങളുടെ വരുമാനത്തെയും ഒരു സാമ്പത്തിക വർഷത്തിൽ അടച്ച നികുതികളെയും കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു പ്രധാന രേഖയാണ് ഐടിആർ. നിശ്ചിത തീയതിക്ക് ശേഷം ഫയൽ ചെയ്യുന്ന ഐടിആറിനെ വൈകിയുള്ള റിട്ടേൺ അഥവാ ബിലേറ്റഡ് റിട്ടേൺ എന്ന് വിളിക്കുന്നു.
നിശ്ചിത തീയതിക്കകം റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
പിഴ അടയ്‌ക്കേണ്ടി വന്നേക്കാംആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് നികുതി നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണ്. എന്നാൽ അവസാന തീയതിയ്ക്ക് മുമ്പ് ഫയൽ ചെയ്യാൻ കഴിയാത്തവർ വിഷമിക്കേണ്ടതില്ല. 2022 ഡിസംബർ 31-നകം ഐടിആർ ഫയൽ ചെയ്യാൻ നിങ്ങൾക്ക് അവസരമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന്, നിങ്ങൾ പിഴ അടയ്‌ക്കേണ്ടി വരും. നിങ്ങളുടെ നികുതി അടയ്‌ക്കേണ്ട വരുമാനം 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ 5,000 രൂപ പിഴ നൽകണം. നിങ്ങളുടെ നികുതി വിധേയ വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ 1,000 രൂപ പിഴ നൽകണം. വരുമാനം രണ്ടര ലക്ഷം രൂപയ്ക്ക് താഴെയാണെങ്കിൽ പിഴ ഇല്ലാതെ തന്നെ ഐടിആർ ഫയൽ ചെയ്യാവുന്നതാണ്.
പലിശ അടക്കേണ്ടി വന്നേക്കാംനിങ്ങൾ ഓർക്കേണ്ട മറ്റൊരു പ്രധാന കാര്യം, സമയപരിധിക്ക് ശേഷം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കുടിശ്ശികയുള്ള തുകയുടെ 1% പലിശയും അടക്കേണ്ടി വരും. ജൂലൈ 31 മുതൽ കുടിശ്ശിക തുകയ്ക്ക് പലിശ ഈടാക്കും. പലിശ ഈടാക്കൽ ആരംഭിക്കുന്നത് ഐടിആർ സമയപരിധി അവസാനിക്കുന്നത് മുതലാണ്. റിട്ടേൺ ഫയൽ ചെയ്യാൻ നിങ്ങൾ എത്രത്തോളം കാലതാമസം വരുത്തുന്നുവോ അത്രയധികം പണം നിങ്ങൾ പലിശയായി നൽകേണ്ടിവരും. അതിനാൽ, കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
നിയമനടപടി നേരിടേണ്ടി വന്നേക്കാംആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയാൽ നിങ്ങളുടെ നിലപാട് വിശദീകരിക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചേക്കാം. നിങ്ങളുടെ വിശദീകരണത്തിൽ നികുതി വകുപ്പ് തൃപ്തരല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം.
നഷ്ടപ്പെട്ടേക്കാവുന്ന ആനുകൂല്യങ്ങൾആദായനികുതി റിട്ടേൺ കൃത്യസമയത്ത് ഫയൽ ചെയ്താൽ നിരവധി ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. എന്നാൽ റിട്ടേൺ വൈകി ഫയൽ ചെയ്യുന്നതിലൂടെ ഇതെല്ലാം നിങ്ങൾക്ക് നഷ്ടപ്പെടും. സമീപഭാവിയിൽ നിങ്ങൾ വായ്പയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിനായി ബാങ്കുകൾ മുൻവർഷത്തെ ഐടിആർ ചോദിക്കും. അതിനാൽ സമയപരിധിക്ക് മുമ്പ് റിട്ടേൺ സമർപ്പിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റുകൾ വിസ അനുവദിക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനവും ജോലിയും കണ്ടെത്തുന്നതിന് ഐടിആർ പ്രസ്താവനകൾ പരിശോധിക്കാറുണ്ട്. കൂടാതെ നികുതി റീഫണ്ട് ലഭിക്കാനും ഇതുവഴി സാധിക്കും. അതിനാൽ നിങ്ങളുടെ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പോലും ഈ നേട്ടങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ നിങ്ങൾ റിട്ടേൺ ഫയൽ ചെയ്യണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.