ബഹിരാകാശത്ത് പുതിയ ബിസിനസ് ലക്ഷ്യങ്ങളുമായി ലോക കോടീശ്വരൻ ജെഫ് ബെസോസ് (Jeff Bezos). ബെസോസിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ബഹിരാകാശ വിമാന കമ്പനിയായ ബ്ലൂ ഒറിജിൻ (Blue Origin), സിയറ നെവാഡ കോർപ്പറേഷന്റെ ഭാഗമായ സിയറ സ്പേസ് കോർപ്പറേഷനുമായി ചേർന്ന് ഓർബിറ്റൽ റീഫ് (Orbital Reef) എന്ന വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കാൻ ഒരുങ്ങുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. 2025 ന് ശേഷം, ബഹിരാകാശത്ത് 'ബിസിനസ് പാർക്ക്' (Business Park) എന്ന തരത്തിൽ ഒരു ബഹിരാകാശ നിലയം ആരംഭിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
എന്താണ് ഓർബിറ്റൽ റീഫ്?
ബ്ലൂ ഒറിജിന്റെ പദ്ധതികൾ അനുസരിച്ച്, ഈ ഓർബിറ്റൽ റീഫ് ബഹിരാകാശ നിലയം ബഹിരാകാശത്ത് ഒരു "മിക്സഡ് യൂസ് ബിസിനസ് പാർക്ക്" ആയി പ്രവർത്തിക്കും. സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും ബഹിരാകാശത്ത് പുതിയ വിപണികൾ തുറക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇത് വാഗ്ദാനം ചെയ്യും.
സിയറ നെവാഡ കോർപ്പറേഷന്റെ സ്പേസ് ഫ്ലൈറ്റ് വിഭാഗമായ സിയറ സ്പേസിന്റെയും ബോയിംഗിന്റെയും പങ്കാളിത്തത്തോടെ ഓർബിറ്റൽ റീഫ് ബഹിരാകാശ നിലയം നിർമ്മിക്കാനാണ് ബ്ലൂ ഒറിജിൻ ലക്ഷ്യമിടുന്നത്. റെഡ്വയർ സ്പേസ്, ജെനസിസ് എഞ്ചിനീയറിംഗ് സൊല്യൂഷൻസ്, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ പിന്തുണയും ഈ സംരംഭത്തിന് ലഭിക്കും.
“സീസൺഡ് ബഹിരാകാശ ഏജൻസികൾ, ഹൈടെക് കൺസോർഷ്യം, മാധ്യമങ്ങൾ, ട്രാവൽ കമ്പനികൾ, സംരംഭകർ, നിക്ഷേപകർ തുടങ്ങിയവർക്കെല്ലാം ഈ ഓർബിറ്റൽ റീഫിൽ ഇടം ലഭിക്കുമെന്ന്” കമ്പനികൾ പ്രസ്താവനയിൽ പറഞ്ഞു.
ബഹിരാകാശ നേട്ടങ്ങളുടെ പുതിയ അധ്യായം
പുതിയ സ്വകാര്യ ബഹിരാകാശ നിലയത്തിന്റെ പ്രഖ്യാപനം നിലവിലുള്ള ‘ബഹിരാകാശ വിനോദസഞ്ചാര’ പാതയുടെ സ്വാഭാവികമായ ഒരു വളർച്ചയായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ബെസോസിന്റെ ബ്ലൂ ഒറിജിൻ ഉൾപ്പെടെ ഒന്നിലധികം സ്വകാര്യ ബഹിരാകാശ ഏജൻസികൾ ഈ വർഷം ബഹിരാകാശത്തേക്ക് വിനോദസഞ്ചാര യാത്രകൾ ആരംഭിക്കാൻ പദ്ധതിയിടുമ്പോൾ ഈ മേഖലയിലെ ബിസിനസ്സ് കൂടുതൽ വളരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
“ഭാവിയിലെ പുതിയ ആവാസവ്യവസ്ഥയുടെയും ബിസിനസ്സ് മോഡലിന്റെയും വളർച്ച സുഗമമാക്കിക്കൊണ്ട് സ്പേസ് സ്റ്റേഷനിലൂടെ ബഹിരാകാശ പര്യവേക്ഷണത്തിന്റെയും വികസനത്തിന്റെയും പുതിയ അധ്യായമാകും തുറക്കുക,” ബ്ലൂ ഒറിജിൻ തിങ്കളാഴ്ച ഓർബിറ്റൽ റീഫിന്റെ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
ഏപ്രിലിൽ, സിയറ സ്പേസ് ആദ്യമായി പറക്കുന്ന വാണിജ്യ ബഹിരാകാശ നിലയം വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ജൂലൈയിൽ ബ്ലൂ ഒറിജിൻ വിജയകരമായ ഒരു ടൂറിസ്റ്റ് ബഹിരാകാശ യാത്ര നടത്തി. ജെഫ് ബെസോസും മറ്റ് മൂന്ന് പേരും ചേർന്നാണ് ഈ യാത്ര നടത്തിയത്. ഈ മാസം ആദ്യം 90 കാരനായ യുഎസ് നടൻ വില്യം ഷാറ്റ്നർ, 'സ്റ്റാർ ട്രെക്ക്' ഫെയിം ക്യാപ്റ്റൻ ജെയിംസ് കിർക്ക് എന്നിവരെ കമ്പനി ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.