• HOME
 • »
 • NEWS
 • »
 • money
 • »
 • GI Kanyakumari Clove | കന്യാകുമാരിയിലെ കരയാമ്പൂ ഭൗമസൂചിക പദവി നേടിയതെന്തുകൊണ്ട്?

GI Kanyakumari Clove | കന്യാകുമാരിയിലെ കരയാമ്പൂ ഭൗമസൂചിക പദവി നേടിയതെന്തുകൊണ്ട്?

രാജ്യത്തിന്റെ ആകെ ഗ്രാമ്പൂ ഉൽപാദനത്തിൽ 65% വരുന്ന കന്യാകുമാരി ഗ്രാമ്പു സവിശേഷമായ ഗുണങ്ങളാൽ പേരുകേട്ട സുഗന്ധവ്യഞ്ജനമാണ്.

Kanniyakumari Clove

Kanniyakumari Clove

 • Share this:
  ഭൗമ സൂചിക പദവി നേടി കന്യാകുമാരി ഗ്രാമ്പൂ. രാജ്യത്തിന്റെ ആകെ ഗ്രാമ്പൂ ഉൽപാദനത്തിൽ 65% വരുന്ന കന്യാകുമാരി ഗ്രാമ്പു സവിശേഷമായ ഗുണങ്ങളാൽ പേരുകേട്ട സുഗന്ധവ്യഞ്ജനമാണ്. 2019 മുതൽ മാരാമലൈ പ്ലാന്റേഴ്സ്, ബ്ലാക്ക്‌റോക്ക് ഹിൽ പ്ലാന്റേഴ്സ് എന്നീ അസോസിയേഷനുകൾ നടത്തിവരുന്ന പ്രയത്നങ്ങളുടെ ഫലമായാണ് കന്യാകുമാരി ഗ്രാമ്പൂവിന് ഭൗമ സൂചിക പദവി ലഭിച്ചത്.

  പരമ്പരാഗതമായി പാചകത്തിനും ഔഷധ നിർമാണത്തിനും ഗ്രാമ്പൂ ഉപയോഗിച്ചുവരുന്നു. ബിരിയാണിയും മസാലയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ സുഗന്ധവ്യഞ്ജനമായി ഗ്രാമ്പൂ വ്യാപകമായി ഉപയോഗിക്കാറുണ്ട്. സിസിജിയം അരോമാറ്റിക്കം (കാരിയോഫില്ലസ് അരോമാറ്റിക്കസ്) എന്ന മരത്തിൽ നിന്ന് എടുക്കുന്ന ഗ്രാമ്പൂ മുകുളങ്ങൾക്ക് ഫാർമസ്യൂട്ടിക്കൽ, കോസ്മെറ്റിക്, കാർഷിക മേഖലകളിൽ ആവശ്യക്കാർ ഏറെയാണ്.

  "ഇന്ത്യയിൽ 20,000 ടണ്ണിൽ കൂടുതൽ ഗ്രാമ്പൂ പ്രതിവർഷം ആവശ്യമുണ്ട്. ഇതിൽ 1,000 ടൺ മാത്രമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്, ബാക്കിയുള്ളത് ഇറക്കുമതി ചെയ്യുന്നതാണ്.”, ബ്ലാക്ക് റോക്ക് ഹിൽ പ്ലാന്റേഴ്സ് അസോസിയേഷൻ സെക്രട്ടറി പി ലാലാജി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്ചെയ്യുന്നു.

  എ ഡി 1800 -ഓടെ ഇന്നത്തെ തെങ്കാശി ജില്ലയിലെ കുറ്റാലം പ്രദേശത്താണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യമായി ഗ്രാമ്പൂ അവതരിപ്പിക്കുന്നത്. അവിടെ നിന്ന് കന്യാകുമാരി ജില്ലയിലെ റിസർവ്ഡ് വനങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഗ്രാമ്പൂ കൊണ്ടുവന്നു. സർക്കാർ രേഖകൾ പ്രകാരം ഇപ്പോൾ 1878 ഏക്കറിലായി വീരപുലി റിസർവ് ഫോറസ്റ്റിനും കന്യാകുമാരിയിലെ മഹേന്ദ്രഗിരിക്കും മുകളിലുള്ള മാരാമലൈ, കരുംപാറ, വെള്ളിമല പ്രദേശങ്ങളിൽ ഗ്രാമ്പൂ വളരുന്നു. കന്യാകുമാരി ജില്ലയിലെ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്ന് 400 മുതൽ 900 മീറ്റർ വരെ ഉയരത്തിലാണ് ഇത് കൃഷി ചെയ്യുന്നത്. മലയോര മേഖല നല്ല മഴയാലും ആവശ്യത്തിന് സൂര്യപ്രകാശത്താലും അനുഗ്രഹീതമാണ്. ഈ ഘടകങ്ങൾ ഈ ഗ്രാമ്പുവിന്റെ പ്രത്യേക ഗന്ധത്തിനും രുചിക്കും കാരണമായി കണക്കാക്കപ്പെടുന്നു

  രണ്ടിൽ കൂടുതൽ ഏക്കറുകൾ ഉള്ള 80 എസ്റ്റേറ്റുകളും ഒന്നര ഏക്കറിൽ താഴെ ഭൂമി കൈവശമുള്ള ആയിരത്തിലധികം ചെറുകിട കർഷകരും ഗ്രാമ്പൂ കൃഷി ചെയ്യുന്നുണ്ട്. 10 മുതൽ 20 മീറ്റർ വരെ ഉയരത്തിൽ ഈ നിത്യഹരിത മരങ്ങൾ വളരും. മരം നട്ടതിനുശേഷം ഏഴാം വർഷം മുതൽ വിളവെടുക്കാൻ തുടങ്ങുന്നതായി ലാലാജി പറയുന്നു. ഒരു മരത്തിന്റെ വിളവ് ഒരു വർഷം ഏഴ് മുതൽ പത്ത് കിലോഗ്രാം വരെയാണ്. വൃക്ഷത്തിന്റെ പ്രായം കൂടുന്നതിനനുസരിച്ച് വിളവ് വർദ്ധിക്കുന്നു. ഇവിടത്തെ മരങ്ങൾക്ക് 120 വർഷത്തോളം പഴക്കമുണ്ടെന്ന് ലാലാജി വ്യക്തമാക്കി. ഇന്തോനേഷ്യയിലെ മാലുകു ദ്വീപുകളിൽ നിന്നുള്ള മരങ്ങളാണ് ഇവയെന്നും അദ്ദേഹം പറയുന്നു. കന്യാകുമാരിയിൽ ഏറ്റവും അധികം ഗ്രാമ്പൂ പൂ പറിക്കുന്ന സീസൺ ജനുവരി മുതൽ ഏപ്രിൽ വരെയാണ്. മൊട്ടിട്ട ശേഷം ഒരാഴ്ചയ്ക്കുള്ളിൽ പൂക്കൾ പറിച്ചെടുക്കണം.

  നിലവിൽ കർഷകർക്ക് കിലോയ്ക്ക് 700 - 800 രൂപയാണ് ഗ്രാമ്പൂ കൃഷിയിലൂടെ ലഭിക്കുന്നത്. ഭൗമ സൂചിക പദവി ലഭിച്ചതോടെ തങ്ങളുടെ ഗ്രാമ്പൂവിന് ആഗോള അംഗീകാരവും മികച്ച വിലയും ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. അതിലൂടെ നല്ല ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും ചരിത്രപ്രാധാന്യമുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള ജില്ലയിൽ ഗ്രാമ്പൂ ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുമെന്നും അവർ പറയുന്നു.
  Published by:Naveen
  First published: