• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സർക്കാരിന്‍റെ 'മുറ്റത്തെ മുല്ല'; കൊള്ളപ്പലിശക്കാരില്‍ നിന്ന് രക്ഷയേകും


Updated: June 24, 2018, 5:21 PM IST
സർക്കാരിന്‍റെ 'മുറ്റത്തെ മുല്ല'; കൊള്ളപ്പലിശക്കാരില്‍ നിന്ന് രക്ഷയേകും

Updated: June 24, 2018, 5:21 PM IST
തിരുവനന്തപുരം: കൊള്ളപ്പലിക്കാരില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ച് 'മുറ്റത്തെ മുല്ല' ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് വിമുഖത പുലര്‍ത്തുന്നവരുടേയും കൊള്ളപലിശക്കാരില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടേയും വീട്ടുമുറ്റത്ത് ചെന്ന് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്പാതുക ഈടാക്കുകയും ചെയ്യാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് 'മുറ്റത്തെ മുല്ല' ആദ്യം നടപ്പാക്കുക.

വായ്പ വീട്ടുമുറ്റത്ത്

മുറ്റത്തെ മുല്ല പദ്ധതിപ്രകാരം 1000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി നല്‍കുക. നിലവില്‍ കൊള്ളപലിശക്കാരില്‍ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും വായ്പ നല്‍കും. 12 ശതമാനം (നൂറുരൂപക്ക് പ്രതിമാസം ഒരു രൂപ) മാത്രമാണ് പലിശയായി ഈടാക്കുക. ഇതില്‍നിന്നും ഒന്‍പതുശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം. ബാക്കി കുടുംബശ്രീ യൂണിറ്റുകൾക്കോ വായ്പാ ഇടപാട് നടത്തുന്ന യൂണിറ്റ് അംഗത്തിനോ അവരുടെ ഉചിതമായ തീരുമാനപ്രകാരം എടുക്കാം. പരമാവധി ഒരു വര്‍ഷമാണ് (52 ആഴ്ചകള്‍) തിരിച്ചടയ്ക്കാനുള്ള കാലപരിധി. അതായത് 1000 രൂപ വായ്പ എടുത്ത ഒരാള്‍ ഒരു വര്‍ഷം കൊണ്ട് 52 ആഴ്ചകളില്‍ തുല്യഗഡുക്കളായി 1120 രൂപ തിരിച്ചടയ്ക്കണം. 10 ആഴ്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും നല്‍കും.

കുടുംബശ്രീ വഴി

വായ്പാ ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ വാര്‍ഡിലേയും ഒന്നുമുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പ്രവര്‍ത്തനമികവും വിശ്വാസവും ഉള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് വായ്പാ ചുമതല നല്‍കുക. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ പ്രദേശത്തെ വായ്പാ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നല്‍കും. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. വായ്പ നല്‍കാന്‍ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒന്‍പതുശതമാനം പലിശ നിരക്കില്‍ ക്യാഷ് ക്രഡിറ്റ് വായ്പയായി അനുവദിക്കും. പുനര്‍വായ്പ ആവശ്യമുള്ള സംഘങ്ങള്‍ക്ക് എട്ടുശതമാനം പലിശ നിരക്കില്‍ ജില്ലാസഹകരണ ബാങ്കുകള്‍ പുനര്‍വായ്പ നല്‍കും (പലിശ നിരക്കില്‍ കാലാനുസൃത മാറ്റം ബാധകമായിരിക്കും). നിലവില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്ക് പുറമെയാണ് 10 ലക്ഷം രൂപയുടെ ക്യാഷ് ക്രെഡിറ്റ് അനുവദിക്കുക. ഈ വായ്പാ തുക കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനോ, മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ല.

വായ്പകൾ ആർക്കൊക്കെ

കൊള്ളപലിശക്കാരുടേയും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികളുടേയും കെണിയില്‍പെട്ടവരേയും അത്തരം സാഹചര്യത്തില്‍ തുടരുന്നവര്‍ക്കുമാണ് വായ്പ അനുവദിക്കുക. പദ്ധതിയിലൂടെ കുടുംബശ്രീ മുഖാന്തിരം നല്‍കുന്ന വായ്പകള്‍ സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയുടെ പരിധിയില്‍ വരില്ല. എന്നാല്‍ വായ്പയെടുത്ത് തിരിച്ചടവ് പൂര്‍ത്തീകരിക്കുന്നതിനിടയില്‍ വായ്പാക്കാരന്‍ മരിക്കുകയോ അപകടം സംഭവിക്കുകയോ മാരകരോഗം ബാധിക്കുകയോ ചെയ്ത് തിരിച്ചടവ് നടത്താനാകാതെ വായ്പ മുടങ്ങുകയോ ചെയ്താല്‍ അത്തരം വായ്പകളില്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം അതാത് സംഘങ്ങള്‍ക്ക് ഉചിതമായ ആശ്വാസനടപടികള്‍ കൈക്കൊള്ളാം. അതേസമയം പദ്ധതിപ്രകാരം വായ്പയെടുത്ത് മനഃപൂര്‍വം തിരിച്ചടവ് മുടക്കുന്ന വായ്പക്കാര്‍ക്ക് സംഘത്തില്‍ നിന്നും മറ്റ് വായ്പകള്‍ക്കോ ആനുകൂല്യങ്ങള്‍ക്കോ അര്‍ഹത ഉണ്ടായിരിക്കില്ല.​
First published: June 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍