• HOME
  • »
  • NEWS
  • »
  • money
  • »
  • ലോട്ടറി ടിക്കറ്റുകളില്‍ ക്യൂആര്‍ കോഡ്; പുതിയ പരിഷ്‌കാരവുമായി കേരള സര്‍ക്കാര്‍

ലോട്ടറി ടിക്കറ്റുകളില്‍ ക്യൂആര്‍ കോഡ്; പുതിയ പരിഷ്‌കാരവുമായി കേരള സര്‍ക്കാര്‍

ഉപഭോക്താക്കള്‍ക്ക് ലോട്ടറി ഫലങ്ങള്‍ വേഗത്തില്‍ അറിയാന്‍ ക്യൂആര്‍ കോഡ് സംവിധാനം സഹായിക്കുമെന്നാണ് ലോട്ടറി വകുപ്പിന്‍റെ പ്രതീക്ഷ

  • Share this:
ലോട്ടറികളില്‍ പുതിയ പരിഷ്‌കാരവുമായി കേരളസര്‍ക്കാര്‍. വിപണിയിലെത്തിക്കുന്ന എല്ലാ ലോട്ടറി ടിക്കറ്റുകളിലും ക്യൂആര്‍ കോഡ് സംവിധാനം ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. സംസ്ഥാന ലോട്ടറി വകുപ്പാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് ലോട്ടറി ഫലങ്ങള്‍ വേഗത്തില്‍ അറിയാന്‍ ക്യൂആര്‍ കോഡ് സംവിധാനം സഹായിക്കുന്നു. ഇക്കാരണത്താലാണ് പുതിയ സംവിധാനം ലോട്ടറികളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോട്ടറി ഫലവുമായി ബന്ധപ്പെട്ട് നടക്കുന്ന നിരവധി വ്യാജഫലങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോട്ടറി ഫലങ്ങള്‍ ചില ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോഴും അത് കാണാന്‍ പലര്‍ക്കും കഴിയാറില്ല. ചില സ്വകാര്യ വ്യക്തികളും മറ്റ് ചില യുട്യൂബ് ചാനലുകളും ലോട്ടറി ഫലം പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും അവയില്‍ പലപ്പോഴും തെറ്റുകള്‍ കടന്നുകൂടാറുണ്ട്. പൂര്‍ണ്ണമായി വിശ്വാസ യോഗ്യമല്ല അവയൊന്നും.

Also Read-Kerala Lottery Results Today: Nirmal NR-303 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

ഇത് തടയാനായി തെരഞ്ഞെടുത്ത ചില സോഷ്യല്‍ മീഡിയ പേജുകളില്‍ ലോട്ടറി ഫലങ്ങള്‍ നല്‍കുന്നതിനെപ്പറ്റി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഒരു ഔദ്യോഗിക യൂട്യൂബ് ചാനല്‍ നിര്‍മ്മിച്ച് അതിലൂടെ ഫലങ്ങള്‍ അറിയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവയ്ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അവ വിജയം കണ്ടതിനെത്തുടര്‍ന്നാണ് ഇത്തരം പുതിയ പരിഷ്‌കാരവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റര്‍ (twitter), ഫേസ്ബുക്ക് (facebook) എന്നിവയെയും ഈ ദൗത്യത്തിനായി ഉപയോഗിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Also Read-റിയൽ എസ്റ്റേറ്റ്, വീടു നവീകരണം, വീട്ടുജോലിക്കാരുടെ ശമ്പളം: നോട്ടുനിരോധനത്തിനു ശേഷവും നേരിട്ടുള്ള പണമിടപാടുകൾ വ്യാപകം

ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആഴ്ചതോറും ഏഴ് ലോട്ടറികളും, ആറ് ബംബര്‍ ലോട്ടറികളുമാണ് പുറത്തിറക്കുന്നത്. ഇവയുടെ ഫലങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഘട്ടം ഘട്ടമായി പ്രസിദ്ധീകരിക്കുന്നതാണ്. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റേതാണെന്ന രീതിയില്‍ ചില സ്വകാര്യ സോഷ്യല്‍ മീഡിയ പേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെപ്പറ്റി വിശദമായ അന്വേഷണവും ഇക്കാലയളവില്‍ നടത്തും. ഈ പേജുകളില്‍ ലോട്ടറി ഫലം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയില്‍ ഉള്ളത് പൂജ ബംബര്‍ ലോട്ടറിയാണ്. വ്യാഴാഴ്ച വരെ ഏകദേശം 35.36 ലക്ഷം ലോട്ടറികളാണ് വിറ്റഴിഞ്ഞത്. മൊത്തം 39 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. നവംബര്‍ 20നാണ് ഫലപ്രഖ്യാപനം. അതിന് മുമ്പ് മുഴുവന്‍ ലോട്ടറികളും വിറ്റഴിക്കപ്പെടുമെന്നാണ് ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതീക്ഷ.

50-50, അക്ഷയ ടിക്കറ്റുകളുടെ വില്‍പ്പന ദിവസവുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് സൂചന. നവംബര്‍ 23 മുതല്‍ ഈ മാറ്റം പ്രാവര്‍ത്തികമാക്കുന്നതായിരിക്കും ഞായറാഴ്ച ഫലപ്രഖ്യാപനം നടത്തുന്ന ടിക്കറ്റാണ് 50-50. അക്ഷയ ലോട്ടറികള്‍ 140 രൂപയ്ക്കാണ് വില്‍ക്കുന്നത്. 150 രൂപ ടിക്കറ്റുകളാണ് 50-50. 150 രൂപയുടെ ലോട്ടറി ടിക്കറ്റ് വാരത്തില്‍ ഒരു തവണ ആക്കണമെന്നാണ് ലോട്ടറി ഏജന്റുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഞായറാഴ്ചകളില്‍ ഫുട്‌ബോള്‍ ക്ലബ്ബുകളും കളികളും സജീവമായിരിക്കും. ആ സമയത്ത് വില കുറഞ്ഞ ലോട്ടറികളായിരിക്കും ധാരാളമായി വിറ്റഴിക്കപ്പെടാന്‍ സാധ്യത. ആ രീതിയില്‍ ലോട്ടറികളില്‍ ക്രമീകരണം നടത്തുന്നത് സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഏജന്റുമാര്‍ പറഞ്ഞു.
Published by:Arun krishna
First published: