Types of Interest Rates in Home Loan| വിവിധതരം ഭവന വായ്പാ പലിശ നിരക്കുകളെ കുറിച്ച് അറിയാം
Types of Interest Rates in Home Loan| വിവിധതരം ഭവന വായ്പാ പലിശ നിരക്കുകളെ കുറിച്ച് അറിയാം
വിവിധ ബാങ്കുകളുടെ ഓഫർ അനുസരിച്ച് ലോൺ കാലാവധി ഒരു നിശ്ചിത കാലയളവ് പൂർത്തിയാക്കിയതിന് ശേഷം ഫ്ലോട്ടിംഗ് നിരക്ക് സമ്പ്രദായത്തിലേക്ക് മാറാൻ ബാങ്കുകൾ നിങ്ങളെ അനുവദിച്ചേക്കാം.
ഭൂരിഭാഗം ബാങ്കുകൾക്കും പ്രധാനമായും രണ്ട് തരത്തിലുള്ള ഭവനവായ്പ (Home Loan) പലിശ നിരക്കുകളാണ് ഉള്ളത്. ഫിക്സഡ് പലിശ നിരക്കും ഫ്ലോട്ടിംഗ് പലിശ നിരക്കും. ഇവയുടെ പ്രത്യേകതകളും ഗുണദോഷങ്ങളും അറിയാം
ഫിക്സഡ് പലിശ നിരക്ക്
ഈ പലിശ നിരക്ക് കണക്കുകൂട്ടൽ രീതി അനുസരിച്ച് വായ്പാ കാലയളവിലുടനീളം ഒരേ പലിശ നിരക്ക് നിലനിൽക്കും. നിരക്ക് സ്ഥിരമായി തുടരുന്നതിനാൽ പലിശ നിരക്കിൽ പിന്നീട് മാറ്റമുണ്ടാകില്ല. വിവിധ ബാങ്കുകളുടെ ഓഫർ അനുസരിച്ച് ലോൺ കാലാവധി ഒരു നിശ്ചിത കാലയളവ് പൂർത്തിയാക്കിയതിന് ശേഷം ഫ്ലോട്ടിംഗ് നിരക്ക് സമ്പ്രദായത്തിലേക്ക് മാറാൻ ബാങ്കുകൾ നിങ്ങളെ അനുവദിച്ചേക്കാം.
ഫിക്സഡ് പലിശ നിരക്കിന്റെ ഗുണങ്ങൾ
നിരക്ക് സ്ഥിരമായി തുടരുന്നതിനാൽ, എത്ര പലിശയാണ് നിങ്ങൾ അടയ്ക്കുന്നതെന്ന് നിങ്ങൾക്ക് കൃത്യമായി അറിയാൻ സാധിക്കും. നിങ്ങളുടെ വായ്പ അടിക്കടിയുള്ള നിരക്കിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് സംരക്ഷിക്കപ്പെടും. മാത്രമല്ല വായ്പാ നിരക്കുകളിൽ വർദ്ധനവുണ്ടായാലും അത് നിങ്ങളുടെ വായ്പയുടെ പലിശ നിരക്കിനെ ബാധിക്കില്ല.
ഫിക്സഡ് പലിശ നിരക്കിന്റെ ദോഷങ്ങൾ
സ്റ്റാൻഡേർഡ് ലെൻഡിംഗ് നിരക്കുകൾ കുറയുകയാണെങ്കിൽ ഫിക്സഡ് പലിശ നിരക്കായതിനാൽ അതിന്റെ പ്രയോജനം നിങ്ങൾക്ക് ലഭിക്കില്ല.
ഫ്ലോട്ടിംഗ് പലിശ നിരക്ക്
നിങ്ങളുടെ ഹോം ലോണിന്റെ പലിശ നിരക്കുകൾ ബാങ്കിന്റെ നിലവിലെ പലിശ നിരക്കായിരിക്കും. ആർബിഐയുടെ പണനയം, വായ്പാ നിരക്ക് പരിഷ്കരണങ്ങൾ തുടങ്ങിയ ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ച് ബാങ്കിന്റെ ഏറ്റവും പുതിയ പലിശ നിരക്കായിരിക്കും ഫ്ലോട്ടിംഗ് പലിശ നിരക്ക്.
ഫ്ലോട്ടിംഗ് പലിശ നിരക്കിന്റെ ഗുണങ്ങൾ
ഫ്ലോട്ടിംഗ് നിരക്ക് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഏറ്റവും മികച്ച നേട്ടം പുതിയ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നേട്ടം നിങ്ങൾക്ക് ലഭിക്കും എന്നതാണ്. അതായത് ബാങ്ക് വായ്പാ പലിശ നിരക്കുകൾ കുറച്ചാൽ നിങ്ങൾ മുൻകൂട്ടി എടുത്തിരിക്കുന്ന വായ്പയുടെ പലിശ നിരക്കും കുറയും.
ഫ്ലോട്ടിംഗ് പലിശ നിരക്കിന്റെ ദോഷങ്ങൾ
അപൂർവ സാഹചര്യത്തിൽ, സ്റ്റാൻഡേർഡ് നിരക്കുകൾ ഉയരുകയാണെങ്കിൽ നിങ്ങളുടെ വായ്പയ്ക്കും ഉയർന്ന പലിശ നിരക്ക് നൽകേണ്ടി വരും. എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഫ്ലോട്ടിംഗ് ഹോം ലോൺ പലിശ നിരക്കുകൾ ഫിക്സഡ് ഹോം ലോൺ പലിശ നിരക്കുകളേക്കാൾ കുറവായിരിക്കും എന്നതാണ്.
ഫിക്സഡ് നിരക്കിൽ മികച്ച ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ
എച്ച്ഡിഎഫ്സി ബാങ്ക് - 7.40% മുതൽ 8.20% വരെ
ആക്സിസ് ബാങ്ക് - 12%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) - 9.50% മുതൽ 10.50% വരെ
ബജാജ് ഫിൻസെർവ് - 7.50% മുതൽ 11.15% വരെ
ഫ്ലോട്ടിംഗ് നിരക്കിൽ മികച്ച ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 6.40% മുതൽ 7.15% വരെ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 6.85% മുതൽ 7.30% വരെ
ബാങ്ക് ഓഫ് ഇന്ത്യ - 6.85% മുതൽ 7.15 വരെ
ബാങ്ക് ഓഫ് ബറോഡ - 6.85% മുതൽ 8.10% വരെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) - 6.90% മുതൽ 7.50% വരെ
ഐസിഐസിഐ ബാങ്ക് - 6.90% മുതൽ 7.95% വരെ
കാനറ ബാങ്ക് - 6.90% മുതൽ 7.25% വരെ
എച്ച്ഡിഎഫ്സി ബാങ്ക് - 6.90% മുതൽ 8.20% വരെ
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് - 7.00% മുതൽ 8.00% വരെ
പഞ്ചാബ് നാഷണൽ ബാങ്ക് - 7.00% മുതൽ 7.60% വരെ
ഭവന വായ്പാ പലിശ നിരക്ക് നിർണ്ണയിക്കുന്ന ഘടകങ്ങൾ
നിങ്ങളുടെ സാമ്പത്തിക പശ്ചാത്തലവും വരുമാനവുമടക്കം നിങ്ങളെടുക്കുന്ന ഭവന വായ്പയുടെ പലിശ നിരക്ക് നിർണയിക്കുന്ന ഒന്നിലധികം ഘടകങ്ങളുണ്ട്. ഈ ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
വരുമാനം
വായ്പ തിരിച്ചടയ്ക്കാൻ മതിയായ വരുമാനം നിങ്ങൾക്കുണ്ടോയെന്ന് ബാങ്കുകൾ പരിശോധിക്കും. ഉയർന്ന സ്ഥിര വരുമാനമുള്ള വായ്പാ അപേക്ഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ലഭിക്കും.
ക്രെഡിറ്റ് സ്കോർ
നിങ്ങൾ വായ്പയ്ക്കായി അപേക്ഷിച്ചതിന് ശേഷമുള്ള നടപടിക്രമങ്ങളിൽ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിന്റെ സമഗ്രമായ പരിശോധന കൂടി ഉൾപ്പെടുന്നു. നിങ്ങളുടെ പഴയതും നിലവിലുള്ളതുമായ ക്രെഡിറ്റ് വിശദാംശങ്ങകൾ ബാങ്കുകൾ പരിശോധിക്കും. മികച്ച ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ നിങ്ങളുടെ വായ്പയുടെ പലിശ നിരക്ക് കുറയാൻ സാധ്യതയുണ്ട്.
വസ്തുവിന്റെ സ്ഥാനം
വീട് വാങ്ങാൻ അല്ലെങ്കിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുറ്റുപാട് നല്ലതാണെങ്കിൽ പലിശയിൽ കുറവ് ലഭിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ഒരു വിശ്വസ്തനായ ബിൽഡർ അഥവാ ഏജൻസിയിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ പലിശ നിരക്ക് കുറയാൻ സാധ്യതയുണ്ട്.
വായ്പ തുക
നിങ്ങളെടുക്കുന്ന വായ്പാ തുകയും പലിശ നിരക്കിനെ സ്വാധീനിക്കാറുണ്ട്. വായ്പാ തുക കൂടുതലാണെങ്കിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്.
ലോണിന്റെ തരം
നിങ്ങളെടുക്കാൻ ഉദ്ദേശിക്കുന്ന ഹോം ലോണിന്റെ തരത്തെ ആശ്രയിച്ചും പലിശയിൽ വ്യത്യാസം വരാം. ഹോം പർച്ചേസിംഗ് പോലുള്ള സ്റ്റാൻഡേർഡ് ലോണുകൾ സ്റ്റാൻഡേർഡ് പലിശ നിരക്കിൽ ലഭിക്കും. അതേസമയം ഹോം ഇംപ്രൂവ്മെന്റ് പോലുള്ള വായ്പകൾക്ക് ഉയർന്ന പലിശ നിരക്ക് നൽകേണ്ടി വരും.
ലോൺ കാലാവധി
വായ്പ തിരിച്ചടവ് കാലാവധിയും ലോണുമായും പരസ്പര ബന്ധമുണ്ട്. നിങ്ങളുടെ തിരിച്ചടവ് കാലാവധി കൂടുതൽ ആണെങ്കിൽ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് കുറവായിരിക്കും.
പലിശ നിരക്ക്
നിങ്ങളുടെ ഭവന വായ്പയുടെ പലിശ നിരക്കുകൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന "ഫിക്സഡ്" അല്ലെങ്കിൽ "ഫ്ലോട്ടിംഗ്" നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. ഫിക്സഡ് നിരക്ക് ഫ്ലോട്ടിംഗ് നിരക്കിനേക്കാൾ അല്പം കൂടുതലായിരിക്കും.
തൊഴിൽ
അപേക്ഷകന്റെ തൊഴിലിനും വായ്പാ പലിശ നിരക്കുമായി ബന്ധമുണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവരെ അപേക്ഷിച്ച് ശമ്പളമുള്ള അപേക്ഷകർക്ക് അൽപ്പം കുറഞ്ഞ നിരക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബാങ്കുകൾ പ്രത്യേക പലിശ നിരക്ക് സ്ലാബുകളാണ് പരിഗണിക്കുന്നത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ എന്നിവയാണ് സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ.
പ്രമോ ഓഫറുകൾ
പ്രമോ ഓഫറുകൾക്ക് അനുസരിച്ചും ബാങ്കുകൾ പലിശ നിരക്കുകളിൽ ഇളവുകൾ നൽകാറുണ്ട്.
പ്രമുഖ ബാങ്കുകളുടെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ പലിശ നിരക്കുകൾ പരിശോധിക്കാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.