ഇന്ത്യയിലെ മുൻനിര ബാങ്കുകൾ എല്ലാം തന്നെ റെക്കറിംഗ് ഡെപോസിറ്റിനു മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്. വ്യത്യസ്ത കാലയളവില്‍ പലിശ നിരക്കുകള്‍ക്ക് വ്യത്യാസമുണ്ടാകും.
സമ്പാദ്യ ശീലം വളർത്താൻ സഹായിക്കുന്ന മികച്ച നിക്ഷേപ മാർഗമാണ് റെക്കറിംഗ് ഡെപ്പോസിറ്റ് (Recurring Deposit). സ്ഥിര വരുമാനമുള്ളവർക്ക് ഏറ്റവും ഉചിതമായ നിക്ഷേപ രീതിയാണിത്. ഈ നിക്ഷേപ പദ്ധതി അനുസരിച്ച് ഒരു വ്യക്തി അവരുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക എല്ലാ മാസവും നിക്ഷേപിക്കണം. കാലാവധി പൂർത്തിയാകുമ്പോൾ, സമ്പാദിച്ച പലിശയ്ക്കൊപ്പം പ്രധാന തുകയും തിരികെ ലഭിക്കും. സ്ഥിരമായി പണം നിക്ഷേപിക്കേണ്ടതിനാൽ ഇവ സമ്പാദ്യശീലം വളർത്തിയെടുക്കാനും സഹായിക്കുന്നു. ഒരു റെക്കറിംഗ് ഡെപോസിറ്റിൽ 500 രൂപ ഉപയോഗിച്ച് നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം. ക്രമേണ ഡെപ്പോസിറ്റ് തുക വർദ്ധിപ്പിക്കാനും സാധിക്കും. റെക്കറിംഗ് ഡെപ്പോസിറ്റ് കാലാവധി അവസാനിക്കുമ്പോൾ നിങ്ങൾക്ക് നിക്ഷേപിച്ച തുകയും പലിശയും ലഭിക്കും
അപകടസാധ്യതയില്ലാത്ത നിക്ഷേപങ്ങളുടെ കാര്യം വരുമ്പോൾ ലഭ്യമായ ജനപ്രിയ ഓപ്ഷനുകളിലൊന്നാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. ഈ നിക്ഷേപ പദ്ധതിക്ക് കീഴിൽ, ഒരു നിശ്ചിത കാലയളവിൽ എല്ലാ മാസവും നിങ്ങൾ ഒരു നിശ്ചിത തുക നിക്ഷേപിക്കേണ്ടതുണ്ട്. റെക്കറിംഗ് ഡെപ്പോസിറ്റ് ഏതു ബാങ്കിൽ നിന്ന് വേണം എന്ന് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് തീരുമാനികാം. ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് അനുസരിച്ച് നിക്ഷേപിച്ച തുകയ്ക്ക് കാലാവധി അവസാനിക്കുമ്പോൾ പലിശ ലഭിക്കും. ഒരു ആർഡി അക്കൗണ്ട് വഴി ഒരാൾക്ക് ഏകദേശം 2.50% മുതൽ 8.50% വരെ വലിയ പലിശ നേടാനാകും. ആർഡി പലിശ നിരക്കുകൾ ഫിക്സഡ് ഡിപ്പോസിറ്റിന് സമാനമാണ്. എന്നാൽ പ്രതിമാസ തവണകളായി നിക്ഷേപിക്കാം എന്നുള്ളതാണ് ആർഡിയെ വേറിട്ടു നിർത്തുന്ന ഘടകം. ഒരു റെക്കറിംഗ് ഡെപോസിറ്റിന്റെ കാലാവധി 6 മാസത്തിനും മുതൽ 10 വർഷത്തിനും ഇടയിലായിരിക്കും.
ഇന്ത്യയിലെ മുൻനിര ബാങ്കുകൾ എല്ലാം തന്നെ റെക്കറിംഗ് ഡെപോസിറ്റിനു മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്. വ്യത്യസ്ത കാലയളവില്‍ പലിശ നിരക്കുകള്‍ക്ക് വ്യത്യാസമുണ്ടാകും. ആര്‍ഡി തുടങ്ങുന്ന സമയത്ത് നിശ്ചയിക്കുന്ന പലിശയ്ക്ക് കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ മാറ്റമുണ്ടാകില്ല. ഇടയ്ക്കുവെച്ച് പലിശ കുറയുകയാണെങ്കിലും നിലവിലുള്ള ആര്‍ഡിയെ അത് ബാധിക്കില്ല. ആർഡി സ്കീമുകൾക്ക് മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ ഏതാണെന്നറിയാം.
റെക്കറിംഗ് ഡെപ്പോസിറ്റ് കാലാവധി 2 വർഷത്തേക്ക് ആണെങ്കിൽ ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് ലക്ഷ്മി വിലാസ് ബാങ്കും യെസ് ബാങ്കുമാണ്. 7.50% പലിശ നിരക്കാണ് ഈ രണ്ടു ബാങ്കുകളും വാഗ്ദാനം ചെയ്യുന്നത്.
എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ആർഡി പലിശനിരക്ക് 5.50% മുതൽ 5.70% വരെയാണ്. ഇത് മുതിർന്ന പൗരന്മാർക്കാണെങ്കിൽ 6.00% മുതൽ 6.50% വരെയാണ്.
എച്ച്ഡിഎഫ്സി ബാങ്ക് ആർഡി പലിശനിരക്ക് 4.50% മുതൽ 5.75% വരെയും മുതിർന്ന പൗരന്മാർക്ക് 5.00% മുതൽ 6.25% വരെയുമാണ് വാഗ്ദാനം ചെയ്യുന്നത്.
ഐസിഐസിഐ ബാങ്കിലെ ആർഡി പലിശ നിരക്കുകൾ 4.75% മുതൽ 6.00% വരെയാണ്. ഇതിൽ മുതിർന്ന പൗരന്മാർക്കുള്ള പലിശനിരക്ക് 5.25% മുതൽ 6.50% വരെയാണ്.
ആക്സിസ് ബാങ്ക് ആർഡി പലിശനിരക്ക് 6.05% മുതൽ 6.50% വരെയും മുതിർന്ന പൗരന്മാർക്ക് 6.55% മുതൽ 7.00% വരെയുമാണ്.
ബാങ്ക് ഓഫ് ബറോഡ 4.50% മുതൽ 5.70% പലിശയാണ് ആർഡിയ്ക്ക് വാഗ്ദാനം ചെയ്യുന്നത്.
സിറ്റി ബാങ്കിന്റെ ആർഡി പലിശ നിരക്ക് 3.00% മുതൽ 3.25% വരെയാണ്. 3.50% മുതൽ 3.75% വരെയാണ് മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക്.
ഐ.ഡി.ബി.ഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 5.75% മുതൽ 5.90% പലിശയാണ്.
ഇന്ത്യൻ ബാങ്ക് 3.95% മുതൽ 5.25% വരെ പലിശ ഒരു ആർഡി അക്കൗണ്ടിന് നൽകുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് 5.75% മുതൽ 6.80% വരെയും പഞ്ചാബ് നാഷണൽ ബാങ്ക് 5.50% മുതൽ 5.80% വരെയും പലിശ നൽകുന്നു.
അലഹബാദ് ബാങ്ക് 3.95% മുതൽ 5.25% വരെ പലിശ ഒരു ആർഡി അക്കൗണ്ടിന് വാഗ്ദാനം ചെയുന്നു.
ആന്ധ്ര ബാങ്ക് 5.50% മുതൽ 5.80% വരെയും ബാങ്ക് ഓഫ് ഇന്ത്യ 6.25% മുതൽ 6.70% വരെയും പലിശ ഒരു ആർഡി ഡെപോസിറ്റിനു നൽകുന്നു.
കാനറ ബാങ്ക് 6.20% മുതൽ 7.00% വരെ പലിശയാണ് ആർഡി അക്കൗണ്ടിന് നൽകുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ആർഡി പലിശ നിരക്ക് 6.20% മുതൽ 7.00% വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യ പോസ്റ്റോഫീസ് 5.80% മുതൽ 5.80% വരെ പലിശ ഒരു റെക്കറിംഗ് ഡെപോസിറ്റിനു നൽകുന്നു.
നിങ്ങൾ ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വിവിധ ബാങ്കുകളുടെ ആർഡി പലിശനിരക്ക് താരതമ്യം ചെയ്യാനും ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാനും സാധിക്കും. ആദ്യമായി നിക്ഷേപം ആരംഭിക്കുന്നവർക്ക് ഒരു ആർഡി തിരഞ്ഞെടുക്കുക എന്നത് മികച്ച തീരുമാനമായിരിക്കും. നിങ്ങളുടെ സമ്പാദ്യ ശീലം വളർത്താൻ ഇത് സഹായിക്കും.
ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾ കാണാം. ഇത് നിങ്ങളുടെ സംശയ നിവാരണത്തിന് പ്രയോജനപ്പെടും.
റെക്കറിംഗ് ഡെപോസിറ്റിന്റെ കാലാവധി പൂർത്തിയാകുമ്പോൾ തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുമോ?
അതെ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ റിക്കറിംഗ് ഡെപ്പോസിറ്റ് തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. അഥവാ തുക ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലെങ്കിൽ അതാത് ബാങ്കിന്റെ കസ്റ്റമർ കെയർ സേവനവുമായി ബന്ധപ്പെട്ടാൽ മതിയാകും.
റെക്കറിംഗ് ഡെപോസിറ്റിനു TDS ബാധകമാണോ?
അതെ,ഒരു സാമ്പത്തിക വർഷത്തിൽ അടയ്ക്കേണ്ട നികുതിയിനത്തിൽ റെക്കറിംഗ് ഡെപോസിറ്റിൽ നിന്നും ലഭിക്കുന്ന പലിശ ഉൾപ്പെടും. 2015 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന ഫിനാൻസ് ബിൽ അനുസരിച്ചാണിത്.
RD-കൾക്ക് നോമിനി സൗകര്യം ഉണ്ടോ?
അതെ, നിങ്ങൾ ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു നോമിനിയെ നിർദേശിക്കാം. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മെച്യൂരിറ്റി തീയതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് നിങ്ങൾ നിർദേശിച്ച നോമിനി ആയിരിക്കും.
മുതിർന്ന പൗരന്മാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമോ?
നിങ്ങൾ മുതിർന്ന പൗരനാകാൻ യോഗ്യത നേടിയാൽ തീർച്ചയായും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. നിങ്ങളുടെ റെക്കറിംഗ് നിക്ഷേപങ്ങൾക്ക് 0.5% പലിശ കൂടുതൽ ലഭിക്കും.
ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ തുക എത്രയാണ്?
ഒരു ആർഡി അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്.
ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിന് എങ്ങനെ അപേക്ഷിക്കാം?
ഏതു ബാങ്കിലാണോ നിങ്ങൾ റെക്കറിംഗ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് ആ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. പ്രധാന വെബ്സൈറ്റിൽ ലഭ്യമായ ‘അപ്ലൈ നൗ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പ്രസ്തുത ബാങ്കിൽ നിങ്ങൾക്ക് ഇതിനകം ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, റെക്കറിംഗ് ഡെപ്പോസിറ്റ് ചെയ്യാനായി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ശേഷം നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.