ഇന്ത്യന്‍ വംശജനും മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് അജയ് ബംഗയെ നാമനിർദേശം ചെയ്തിരിക്കുന്നത്. നിലവിലെ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നുവെന്ന് അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.
ട്രംപ് നിയമിച്ച ഡേവിഡ് മാല്‍പാസിന്റെ നേരത്തെയുള്ള സ്ഥാനമൊഴിയൽ, സമ്പത്ത് കുറഞ്ഞ രാജ്യങ്ങളുടെ ക്ഷേമത്തിനായി സംഘടനയെ നയിക്കാന്‍ കഴിയുന്ന ഒരു പുതിയ നേതൃത്വവുമായി വരാനുള്ള അവസരമാണ് യുഎസിന് നല്‍കിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് യുഎസ് സര്‍ക്കാര്‍ അജയ് ബംഗയെ നാമനിര്‍ദ്ദേശം ചെയ്തത്. അവികസിത രാഷ്ട്രങ്ങളോട് ലോകബാങ്ക് ശത്രുത പുലര്‍ത്തുന്നതായി പലപ്പോഴും വിമര്‍ശനങ്ങൾ ഉയരാറുണ്ട്. അടുത്ത ലോകബാങ്ക് പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അജയ് ബംഗയെ അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സംഗിത റെഡ്ഡി അഭിനന്ദിച്ചു.
അജയ് ബംഗയെക്കുറിച്ച് കൂടുതലറിയാം:
1) നിലവില്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്ലാന്റിക്കില്‍ വൈസ് ചെയര്‍മാനാണ് അജയ് ബംഗ. യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്ലാന്റിക്ക്, ഇവി ചാര്‍ജിംഗ് സൊല്യൂഷനുകള്‍, സൗരോര്‍ജ്ജം, സുസ്ഥിര കൃഷി എന്നിവയില്‍ 800 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുള്ളതായി അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥര്‍ പറയുന്നു.
2) 12 വര്‍ഷത്തെ മാസ്റ്റര്‍കാര്‍ഡിലെ സേവനത്തിന് ശേഷം 2021 ഡിസംബറില്‍ അദ്ദേഹം വിരമിച്ചു. ബാങ്കില്ലാത്ത 500 ദശലക്ഷം ആളുകളെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്ക് ചേർക്കാൻ അദ്ദേഹം സഹായിച്ചതായി അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോവിഡ് -19 മഹാമാരി സമയത്ത് ബാങ്കിലെ 19,000 ജീവനക്കാരുടെ പിരിച്ചുവിടല്‍ ഒഴിവാക്കി, കാലാവസ്ഥ, ലിംഗഭേദം, സുസ്ഥിര കൃഷി എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
3) മാസ്റ്റര്കാര്ഡിലും അമേരിക്കന്‍ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ്, ഡൗ ഇന്ക് എന്നിവയുടെ ബോര്‍ഡുകളിലും വ്യത്യസ്ത പദവികളില്‍ ഇരുന്ന ഇദ്ദേഹത്തിന് 30 വര്‍ഷത്തിലധികം പരിചയ സമ്പത്തുണ്ട്.
4) ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. അജയ് ബംഗയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച ജോ ബൈഡന് ഈ ഘട്ടത്തില്‍ ലോകബാങ്കിനെ നയിക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്നും
പറഞ്ഞു.
5) ഇന്ത്യയിലും മറ്റ് വളര്‍ന്നു വരുന്ന വിപണികളിലുമുളള ബംഗയുടെ പ്രവര്‍ത്തനം, പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് എന്നിവ സമ്പന്ന രാജ്യങ്ങളും വളര്‍ന്നുവരുന്ന വിപണികളും തമ്മിലുള്ള ഭിന്നത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇന്റര്‍-അമേരിക്കന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രസിഡന്റായിരിക്കെ ബംഗയുമായി അടുത്ത് പ്രവര്‍ത്തിച്ച ലൂയിസ് ആല്‍ബര്‍ട്ടോ മൊറേനോ പറഞ്ഞു.
അജയ് ബംഗ തന്റെ കരിയര്‍ നെസ്ലെയിലാണ് ആരംഭിച്ചത്. പിന്നീട് പെപ്സികോയുടെ ഭാഗമായി. ഐ.ഐ.എം-അഹമ്മദാബാദിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അജയ് ബംഗ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.