PPF Update | നികുതി ലാഭിക്കാൻ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടോ? സർക്കാർ അവ അടച്ചേക്കാം; പുതിയ നിയമം അറിയാം
PPF Update | നികുതി ലാഭിക്കാൻ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടോ? സർക്കാർ അവ അടച്ചേക്കാം; പുതിയ നിയമം അറിയാം
2019ലെ പിപിഎഫ് നിയമങ്ങൾ അനുസരിച്ച് ഒരു വ്യക്തിയുടെ പേരിൽ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ ഉണ്ടാകാൻ പാടില്ല
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
നിങ്ങളുടെ പേരിൽ ഒന്നിലധികം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) അക്കൗണ്ടുകൾ ഉണ്ടോ? നിങ്ങൾ 2019 ഡിസംബർ 12 നോ അതിനുശേഷമോ രണ്ടോ അതിലധികമോ പിപിഎഫ് ( PPF) അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെങ്കിൽ, ഇനി നിങ്ങൾക്ക് അവ ലയിപ്പിക്കാൻ കഴിയില്ല. മുമ്പ്, തപാൽ വകുപ്പ് (Department of posts) ഒന്നിലധികം അക്കൗണ്ടുകൾ ഒരു പിപിഎഫ് അക്കൗണ്ടിലേക്ക് ലയിപ്പിക്കാൻ നിക്ഷേപകർക്ക് അനുമതി നൽകിയിരുന്നു. എന്നിരുന്നാലും, പിപിഎഫ് അക്കൗണ്ടുകൾ (PPF accounts) ലയിപ്പിക്കുന്നതിന് 2019 ഡിസംബർ 12 കട്ട് ഓഫ് (cut off) തീയതി ആയി നിശ്ചയിച്ചു കൊണ്ടാണ് അതോറിറ്റി അനുമതി നൽകിയത്. അതായത് 2019 ഡിസംബർ 12 നുള്ളിൽ തുറന്നിട്ടുള്ള പിപിഎഫ് അക്കൗണ്ടുകൾ മാത്രമേ നിക്ഷേപകന് ലയിപ്പിക്കാൻ കഴിയൂ.
പിപിഎഫ് പുതിയ നിയമം
2019ലെ പിപിഎഫ് നിയമങ്ങൾ അനുസരിച്ച് ഒരു വ്യക്തിയുടെ പേരിൽ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ ഉണ്ടാകാൻ പാടില്ല. 2019 ലെ പിപിഎഫ് വ്യവസ്ഥകൾ പ്രകാരം, അതായത് 2019 ഡിസംബർ 12ന് ശേഷം തുറന്ന പിപിഎഫ് അക്കൗണ്ടുകളുടെ ലയനം പരിഗണിക്കുന്നതിനുള്ള നിർദ്ദേശങ്ങളൊന്നും അയക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് (ബജറ്റ് വിഭാഗം) കഴിഞ്ഞ മാസം ആദ്യം ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യൻ ബാങ്കിന്റെ കെജിഎം കോളേജ്, ലഖ്നൗ ബ്രാഞ്ചിൽ ഡോ.അനുപം മിശ്ര ഉന്നയിച്ച പിപിഎഫ് അക്കൗണ്ട് ലയന അഭ്യർത്ഥന സംബന്ധിച്ചായിരുന്നു ഉത്തരവ്.
2022 മാർച്ച് 3ന്, ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് (ബജറ്റ് വിഭാഗം), എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകൾക്കും ഇത് സംബന്ധിച്ച് ഒരു കത്ത് അയച്ചിരുന്നു. “12.12.2019നോ അതിനുശേഷമോ തുറന്നിട്ടുള്ള ഏതെങ്കിലും പിപിഎഫ് അക്കൗണ്ടുകളോ അല്ലെങ്കിൽ എല്ലാ പിപിഎഫ് അക്കൗണ്ടുകളുമോ ലയിപ്പിക്കാനോ സംയോജിപ്പിക്കാനോ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ യാതൊരു പലിശയും നൽകാതെ അത്തരം അക്കൗണ്ടുകൾ അടയ്ക്കും. അത്തരം പിപിഎഫ് അക്കൗണ്ടുകളുടെ ലയനത്തിനായി തപാൽ ഡയറക്ടറേറ്റിലേക്ക് ഒരു നിർദ്ദേശവും അയക്കേണ്ടതില്ല" എന്നാണ് ഈ കത്തിൽ പറയുന്നത്.
പുതിയ നിയമം പിപിഎഫ് അക്കൗണ്ട് ഉടമകളെ എങ്ങനെ ബാധിക്കും?
1) പിപിഎഫ് അക്കൗണ്ടുകൾ ലയിപ്പിക്കുന്നതിനുള്ള കട്ട് ഓഫ് തീയതി 2019 ഡിസംബർ 12 ആണ്, കൂടാതെ ആ തീയതിക്ക് ശേഷം തുറക്കുന്ന ഏതെങ്കിലും പിപിഎഫ് അക്കൗണ്ട് ക്രമപ്പെടുത്തുന്നതിന് യോഗ്യമായിരിക്കില്ല.
2) 2019 ഡിസംബർ 12നോ അതിനു ശേഷമോ നിങ്ങളുടെ പേരിൽ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെങ്കിൽ അവ ലയിപ്പിക്കാൻ കഴിയില്ല. നികുതി ലാഭിക്കുന്നതിനായി പല വ്യക്തികളും ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീം നിയമങ്ങൾ അനുസരിച്ച്, ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടാകരുത്. എന്നിരുന്നാലും, രണ്ട് വ്യത്യസ്ത ബാങ്കുകളിലോ ഒരു പോസ്റ്റ് ഓഫീസിലും ഒരു ബാങ്കിലുമായോ പലരും ഇപ്പോഴും അശ്രദ്ധമായി ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ തുറക്കുന്നുണ്ട്. ഇപ്പോൾ, ഈ അക്കൗണ്ടുകൾ ഒറ്റ പിപിഎഫ് അക്കൗണ്ടിലേക്ക് ലയിപ്പിക്കാൻ കഴിയില്ല.
3) "നിർദ്ദിഷ്ട തീയതിക്ക് ശേഷം ഒരാൾ മറ്റൊരു പിപിഎഫ് അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ, നിക്ഷേപിച്ച തുകയുടെ പലിശയൊന്നും അയാൾക്ക് ലഭിക്കില്ല, നിക്ഷേപിച്ച തുക തിരികെ നൽകിയതിന് ശേഷം അത്തരം അക്കൗണ്ട് ക്ലോസ് ചെയ്യും." അതിനാൽ, ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകന് അത് ചെയ്യാൻ കഴിയില്ല. കൂടാതെ അയാൾക്ക് പലിശ തുക നഷ്ടപ്പെടുകയും ചെയ്യും" ഐപി പസ്രിച്ച ആൻഡ് കമ്പനിയുടെ പങ്കാളി മനീത് പാൽ സിങ് പറഞ്ഞു.
2019 ഡിസംബർ 12ന് മുമ്പ് തുറന്ന നിങ്ങളുടെ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കും?
2019 ഡിസംബർ 12ന് മുമ്പ് ഒന്നിൽ കൂടുതൽ പിപിഎഫ് അക്കൗണ്ടുകൾ തുറന്നിട്ടുള്ളവർക്ക് അവ ഒരു അക്കൗണ്ടിലേക്ക് ലയിപ്പിക്കാൻ കഴിയും. അക്കൗണ്ടുകൾ തമ്മിൽ ലയിപ്പിക്കുന്നതിന് രണ്ട് അക്കൗണ്ടുകളിലും നടത്തിയ നിക്ഷേപങ്ങൾ നിശ്ചിത നിക്ഷേപ പരിധിയായ 1.5 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കണം. പിപിഎഫ് അക്കൗണ്ട് ഉടമകൾക്ക് അവരുടെ പേരിൽ തുടരാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കും. നിക്ഷേപിച്ച തുക, നിശ്ചിത പരിധി കവിഞ്ഞാൽ, അധിക തുക നിക്ഷേപകന് പലിശയില്ലാതെ തിരികെ നൽകും.
നിക്ഷേപകൻ ലയിപ്പിക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ടിൽ നിന്നായിരിക്കും റീഫണ്ട് ചെയ്യുക. “പിപിഎഫ് അക്കൗണ്ടുകൾ തുറന്നത് കട്ട് ഓഫ് തീയതിക്ക് മുമ്പാണെങ്കിൽ അവ ലയിപ്പിക്കാം, രണ്ട് അക്കൗണ്ടുകളിലും കൂടി നടത്തിയ നിക്ഷേപങ്ങൾ നിശ്ചിത നിക്ഷേപ പരിധിക്കുള്ളിലായിരിക്കണം. പരിധിക്ക് മുകളിലാണെങ്കിൽ അധിക തുക പലിശയില്ലാതെ നിക്ഷേപകന് തിരികെ നൽകും", ഇൻവെസ്റ്റോ ഓൺലൈനിന്റെ സ്ഥാപകൻ അഭിനവ് അംഗരീഷ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് . റിട്ടയര്‍മെന്റിനു ശേഷം നിക്ഷേപകര്‍ക്ക് ദീര്‍ഘകാല സമ്പാദ്യം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള, സര്‍ക്കാര്‍ പിന്തുണയോടുകൂടിയ ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ധനമന്ത്രാലയത്തിന്റെ നാഷണല്‍ സേവിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് 1968ല്‍ അവതരിപ്പിച്ച പിപിഎഫ്, നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പ്രധന നിക്ഷേപ പദ്ധതി കൂടിയാണ്. നികുതി ആനുകൂല്യങ്ങൾക്കു പുറമെ ഉയർന്ന സുക്ഷയും, മികച്ച റിട്ടേണുകളും പിപിഎഫ് നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കുന്നു. നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടില്‍ 15 വര്‍ഷം വരെ തുടര്‍ച്ചയായി പണം നിക്ഷേപിക്കാം. പൊതുവെ സ്ഥിരനിക്ഷേപത്തേക്കാൾ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്ന പിപിഎഫ് സാധാരണക്കാർക്ക് അനുയോജ്യമായ മികച്ച നിക്ഷേപ പദ്ധതിയാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.