• HOME
  • »
  • NEWS
  • »
  • money
  • »
  • Doodle for Google 2022 | ഇന്ത്യയിലെ ഡൂഡിൽ ഫോർ ഗൂഗിൾ വിജയിയെ പ്രഖ്യാപിച്ചു; ജേതാവ് കൊൽക്കത്ത സ്വദേശി ശ്ലോക് മുഖർജി

Doodle for Google 2022 | ഇന്ത്യയിലെ ഡൂഡിൽ ഫോർ ഗൂഗിൾ വിജയിയെ പ്രഖ്യാപിച്ചു; ജേതാവ് കൊൽക്കത്ത സ്വദേശി ശ്ലോക് മുഖർജി

ശാസ്ത്ര ലോകത്തെ നേട്ടങ്ങൾ ഇന്ത്യയെ ലോകത്തിൻെറ മുൻനിരയിലേക്ക് നയിക്കുമെന്ന വിഷയത്തിലാണ് ശ്ലോക് മുഖർജി ഡൂഡിൽ തയ്യാറാക്കിയത്

ഡൽഹി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ശ്ലോക് മുഖർജിക്കാണ് പുരസ്കാരം

ഡൽഹി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ശ്ലോക് മുഖർജിക്കാണ് പുരസ്കാരം

  • Share this:
2022ലെ ഇന്ത്യയിലെ ഡൂഡിൽ ഫോർ ഗൂഗിൾ മത്സര വിജയിയെ പ്രഖ്യാപിച്ചു. കൊൽക്കത്ത സ്വദേശിയായ വിദ്യാർഥിക്കാണ് പുരസ്കാരം. കൊൽക്കത്തയിലെ ന്യൂ ടൌണിലുള്ള ഡൽഹി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ശ്ലോക് മുഖർജിക്കാണ് പുരസ്കാരം ലഭിച്ചത്. ശാസ്ത്ര ലോകത്തെ നേട്ടങ്ങൾ ഇന്ത്യയെ ലോകത്തിൻെറ മുൻനിരയിലേക്ക് നയിക്കുമെന്ന വിഷയത്തിലാണ് ശ്ലോക് മുഖർജി ഡൂഡിൽ തയ്യാറാക്കിയത്. ഇന്ത്യയിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. ഏകദേശം 115000 എൻട്രികളാണ് ഗൂഗിളിന് ലഭിച്ചത്.

“അടുത്ത 25 വർഷത്തിൽ എന്റെ ഇന്ത്യയുടെ ഭാവി...” എന്ന വിഷയമാണ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിഷയമായി നൽകിയത്. കുട്ടികളുടെ ഭാവനയും സർഗാത്മക ശേഷിയും അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ച് കൊണ്ട് ഗൂഗിൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സാങ്കേതിക വിദ്യയുടെ മുന്നോട്ടുള്ള കുതിപ്പും അതോടൊപ്പം സുസ്ഥിരമായ വികസനവുമാണ് പല ഡൂഡിലിലും വിഷയമായി വന്നത്.

“ഈ വർഷത്തെ ഇന്ത്യയിലെ ഡൂഡിൽ ഫോർ ഗൂഗിൾ ദേശീയ മത്സരത്തിലെ വിജയിയായി ശ്ലോക് മുഖർജിയെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കൊൽക്കത്തയിലെ ന്യൂ ടൌണിലെ ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥിയുടെ ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായി ഡൂഡിലിൻെറ വിഷയം ‘ഇന്ത്യ ഓൺ ദി സെൻറർ സ്റ്റേജ്’ എന്നതാണ്,” ഗൂഗിൾ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

“അടുത്ത 25 വർഷത്തിനുള്ളിൽ എൻെറ ഇന്ത്യയിൽ പ്രതിഭാധനരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ മനുഷ്യരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന തരത്തിലുള്ള പരിസ്ഥിതി സൌഹൃദ റോബോട്ടുകൾ നിർമ്മിക്കപ്പെടും. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് മനുഷ്യർക്ക് ഇടക്കിടെ യാത്ര ചെയ്യാനുള്ള സൌകര്യം ഒരുക്കുന്നതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും. യോഗയിലും ആയുർവേദത്തിലും നമ്മുടെ രാജ്യം വലിയ മുന്നേറ്റങ്ങൾ നടത്തും. നേട്ടങ്ങളുടെ വാർത്തകളാണ് ഇനി നമ്മളെ കാത്തിരിക്കുന്നത്,” ശ്ലോക് പറഞ്ഞു.

നവംബർ 14 ശിശുദിനത്തിൽ 24 മണിക്കൂറും ശ്ലോകിൻെറ ഡൂഡിലാണ് ഗൂഗിൾ ഫീച്ചർ ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ ഈ വർഷത്തെ ഡൂഡിൽ ജഡ്ജിംഗ് പാനലിൽ പ്രമുഖ്യ വ്യക്തിത്വങ്ങളാണ് ഉൾപ്പെട്ടിരുന്നത്. അഭിനേതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായികയും ടെലിവിഷനിലെ നിറസാന്നിധ്യവുമായ നീന ഗുപ്ത, ടിങ്കിൾ കോമിക്സിൻെറ എഡിറ്റർ-ഇൻ-ചീഫ്, കുര്യാക്കോസ് വൈസ്യൻ, യൂ ട്യൂബ് കണ്ടൻറ് ക്രിയേറ്റേഴ്സായ സ്ലേ പോയൻറ്, ആ‍ർട്ടിസ്റ്റും സംരംഭകയുമായ അലിക ഭട്ട് എന്നിവരും കൂടാതെ ഗൂഗിൾ ഡൂഡിൽ സംഘവും ഉൾപ്പെടുന്നുണ്ട്.

കലാപരമായ കഴിവ്, മത്സരത്തിൻെറ വിഷയത്തിൽ ഊന്നിയുള്ള സർഗാത്മകത, സമീപനത്തിന്റെ പ്രത്യേകതയും പുതുമയും എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഗൂഗിൾ ഡൂഡിൽ ജൂറി സൃഷ്ടികൾ ഓരോന്നും വിലയിരുത്തിയത്. രാജ്യത്തെ ആകെ മത്സരാ‍ർഥികളിൽ നിന്ന് 20 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക എന്നതായിരുന്നു ഇവരുടെ ഉത്തരവാദിത്വം. ഒരു ലക്ഷത്തിലധികം എൻട്രികളിൽ നിന്നാണ് 20 പേരെ തെരഞ്ഞെടുത്തത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 20 പേരുടെയും ഡൂഡിലുകൾ ജനങ്ങൾക്ക് വോട്ടിങ്ങിനായി പ്രസിദ്ധീകരിച്ചു. ഇതിൽ നിന്നാണ് വിജയിയെ തെരഞ്ഞെടുത്ത്.
Published by:user_57
First published: