കോട്ടയം: വ്യാഴാഴ്ടച നറുക്കെടുപ്പ് നടന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം തയ്യൽത്തൊഴിലാളിക്ക്. പെരുവ മൂർക്കാട്ടുപടിയിലെ വിഷ്ണു ടെയ്ലേഴ്സ് ഉടമ പതിച്ചേരിൽ കനിൽ കുമാറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. വെള്ളൂർ സ്വദേശിയായ ലോട്ടറി ഏജന്റിന്റെ പക്കൽ നിന്നാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കനിൽ കുമാർ എടുത്തത്.
വൈകുന്നേരം ഫലം വന്നപ്പോൾ സമ്മാനമൊന്നും ഇല്ലെന്നുകരുതി ലോട്ടറിടിക്കറ്റ് പോക്കറ്റിൽവെച്ചിരിക്കുകയായിരുന്നു. കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോൾ ഒരു സുഹൃത്താണ് കനിൽ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോൺ വിളിച്ചറിയിച്ചത്.
സമ്മാനാർഹമായ ടിക്കറ്റ് മുളക്കുളം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. പ്രസന്നയാണ് കനിലിന്റെ ഭാര്യ. പ്രസന്നയും ഭർത്താവിനൊപ്പം തയ്യൽ ജോലി ചെയ്യുകയാണ്. പോളിടെക്നിക് വിദ്യാർഥിയായ വിഷ്ണുവാണ് മകൻ. PK 270396 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.
കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.