2022-23 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേൺ (Tax return) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 (July 31) ഞായറാഴ്ചയാണ്. അതേസമയം, ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടാന്‍ സര്‍ക്കാരും ഐടി വകുപ്പും ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനാല്‍ നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ഇന്നും നാളെയും മാത്രമേ ഇനി ദിവസങ്ങൾ ബാക്കിയുള്ളൂ.
ആദായ നികുതി ഇ-ഫയലിംഗ് വെബ്സൈറ്റ് പ്രകാരം ജൂലൈ 29 വരെ 4.52 കോടി ആളുകള്‍ തങ്ങളുടെ ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. നികുതിദായകര്‍ക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും ഫയല്‍ ചെയ്യാം. എന്നാല്‍, രണ്ട് സാഹചര്യങ്ങളിലും, ഐടിആര്‍ ഫോമിനെ ആശ്രയിച്ച് നിശ്ചിത രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യമായ 10 രേഖകള്‍ ഏതൊക്കെയെന്ന് നോക്കാം
1. ഫോം 16: ഫോം 16 എന്നത് ഒരു ജീവനക്കാരന് തൊഴിലുടമ നല്‍കുന്ന നികുതി കിഴിവ് (ടിഡിഎസ്) സര്‍ട്ടിഫിക്കറ്റാണ്. ഇതില്‍ ബന്ധപ്പെട്ട സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ശമ്പളം, കിഴിവ്, നിക്ഷേപം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്.
2. മറ്റ് ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍: ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് വ്യക്തികള്‍ ഫോം 16എയും മറ്റ് ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകളും നല്‍കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ട് കമ്പനികളും ബാങ്കുകളുമാണ് ഫോം 16 എ ഇഷ്യൂ ചെയ്യുന്നത്. അതേസമയം ഫോം 16 സി വസ്തുക്കള്‍ വാടകയ്ക്ക് നൽകുന്നവരാണ് നല്‍കേണ്ടത്. ഇതിനുപുറമെ ഭൂമി വില്‍ക്കുന്നവര്‍ ഫോറം 16 ബി ആണ് നല്‍കേണ്ടത്.
3. ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്: ഫോം 26ASല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു നികുതിദായകന്റെ വിവരങ്ങളുടെ സമഗ്രമായ അവലോകനമാണ് ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്.
4. ഫോം 26AS: ഇത് പുതിയ ആദായനികുതി പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഇതില്‍ നികുതിയിളവും നികുതിദായകന്റെ നിക്ഷേപ വിശദാംശങ്ങളും അടങ്ങിയിരിക്കുന്നു. വസ്തു വാങ്ങലുകള്‍, ഉയര്‍ന്ന മൂല്യമുള്ള നിക്ഷേപങ്ങള്‍, സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ ടിഡിഎസ്/ടിസിഎസ് ഇടപാടുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഫോം 26AS നല്‍കുന്നു.
5. പലിശ സര്‍ട്ടിഫിക്കറ്റുകള്‍: നികുതിദായകര്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്ന് നേടിയ പലിശ വരുമാനത്തിന്റെ ഒരു ചെറിയ വിവരം നല്‍കണം. കൂടാതെ ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും ശേഖരിച്ച പലിശ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുകയും വേണം.
6. ടാക്സ് സേവിംഗ് നിക്ഷേപത്തിന്റെ തെളിവ്: ടാക്സ് സേവിംഗ് നിക്ഷേപത്തിന്റെ തെളിവ് കാണിച്ച് പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ തുക ക്ലെയിം ചെയ്യാം.
7. ലിസ്റ്റു ചെയ്യാത്ത ഓഹരി നിക്ഷേപങ്ങളുടെ തെളിവ്: പ്രസക്തമായ സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികള്‍ നിങ്ങള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ വെളിപ്പെടുത്തണം. ഇതിന് ITR-2 ഫയല്‍ ചെയ്യുകയും വേണം. കമ്പനിയുടെ വിശദാംശങ്ങള്‍, നിക്ഷേപിച്ച തുക, ലഭിച്ച തുക തുടങ്ങിയവയും ഇതിന് കീഴില്‍ വെളിപ്പെടുത്തണം.
8.സമ്പാദിച്ച മൂലധനം: പ്രോപ്പര്‍ട്ടികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഓഹരികള്‍ വില്‍ക്കുന്നതിലൂടെയുള്ള മൂലധന നേട്ടങ്ങള്‍ ബാധകമായ ഐടിആര്‍-2 അല്ലെങ്കില്‍ 3 വഴി നല്‍കുകയും ഓരോ നിക്ഷേപത്തിന്റെയും വിശദാംശങ്ങള്‍ നല്‍കുകയും വേണം.
9.ആധാര്‍ നമ്പര്‍: ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA പ്രകാരം ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതിദായകര്‍ അവരുടെ ആധാര്‍ നമ്പറുകള്‍ നൽകേണ്ടതുണ്ട്.
10. ബാങ്ക് വിശദാംശങ്ങള്‍: പ്രസക്തമായ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ടെങ്കിലും ഐടിആര്‍ ഫയല്‍ ചെയ്യുന്ന സമയത്ത് എല്ലാ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നിര്‍ബന്ധമായും നല്‍കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.