• HOME
  • »
  • NEWS
  • »
  • money
  • »
  • Google | പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ജീവനക്കാരെ പിരിച്ചു വിടുമെന്ന സൂചനയുമായി ​ഗൂ​ഗിൾ

Google | പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ജീവനക്കാരെ പിരിച്ചു വിടുമെന്ന സൂചനയുമായി ​ഗൂ​ഗിൾ

മൂന്നാം പാദത്തിൽ ചില തീരുമാനങ്ങൾ എടുത്തേക്കാമെന്ന് സെയിൽസ് ടീമിന് അയച്ച സന്ദേശത്തിൽ കമ്പനി വ്യക്തമാക്കി

  • Last Updated :
  • Share this:
    കമ്പനിയിൽ പിരിച്ചു വിടൽ സൂചന നൽകി ടെക് ഭീമൻ (tech giant) ​ഗൂ​ഗിൾ (Google). പ്രമുഖ ഐടി, സോഫ്റ്റ്‌വെയർ കമ്പനികൾ പലതിലും പിരിച്ചുവിടലുകളും നിയമനങ്ങൾ മരവിപ്പിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ​ഗൂ​ഗിളിന്റെ പ്രഖ്യാപനം. കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും അല്ലെങ്കിൽ അടുത്ത ത്രൈമാസ വരുമാനം വന്നതിനു ശേഷം കമ്പനി വിടേണ്ടി വരുമെന്നുമാണ് ​ഗൂഗിൾ ജീവനക്കാർക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

    സെയിൽ രം​ഗത്തെ പ്രകടനം സംബന്ധിച്ചും മൊത്തത്തിലുള്ള ഉത്പാദന ക്ഷമത സംബന്ധിച്ചും വിശദമായിത്തന്നെ കമ്പനി അവലോകനം ചെയ്യുമെന്നും അടുത്ത പാദത്തിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെങ്കിൽ ​ഗൂ​ഗിൾ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇൻസൈഡറിന്റെ റിപ്പോർട്ടിൽ പറയുന്നു.

    മൂന്നാം പാദത്തിൽ ചില തീരുമാനങ്ങൾ എടുത്തേക്കാമെന്ന് സെയിൽസ് ടീമിന് അയച്ച സന്ദേശത്തിൽ കമ്പനി വ്യക്തമാക്കി. ലാഭ പ്രതീക്ഷകൾ തെറ്റിയാൽ പിരിച്ചു വിടൽ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് കമ്പനി ജീവനക്കാർക്ക് നൽകിയിരിക്കുന്നത്.

    കടുത്ത സാമ്പത്തിക പ്രതിസന്ധി ആണ് കമ്പനി അഭിമുഖീകരിക്കുന്നതെന്നും ഉൽപാദനക്ഷമത മെച്ചപ്പെടുത്തണമെന്നും ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ ജീവനക്കാരോട് ജൂലൈയിൽ പറഞ്ഞിരുന്നു. മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് ജീവനക്കാർ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

    തങ്ങളുടെ നിയമന ആവശ്യങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി നടപടി തീരുമാനിക്കുന്നതിനുമായി ജൂലൈയിൽ രണ്ടാഴ്ചത്തേക്ക് കമ്പനി നിയമനങ്ങൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. നിയമന നടപടികൾ മന്ദഗതിയിലാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തങ്ങൾ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പിച്ചെ വ്യക്തമാക്കിയിരുന്നു.

    എന്നാൽ നിയമനം പൂർണമായി മരവിപ്പിക്കില്ല എന്നും എഞ്ചിനീയറിംഗ്, സാങ്കേതിക മേഖല, തുടങ്ങിയ നിർണായക റോളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിയിൽ പ്രവർത്തിക്കാനാകുന്ന മികച്ച പ്രതിഭകളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    നിലവിലെ സാഹചര്യത്തിന് അനുസരിച്ച് തങ്ങൾക്കു കഴിയുന്നത്ര ജീവനക്കാരെ നിയമിക്കാൻ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും ഗൂഗിൾ സിഇഒ പറഞ്ഞിരുന്നു. ''രണ്ടാം പാദത്തിൽ മാത്രം ഞങ്ങൾ ഏകദേശം 10,000 ജീവനക്കാരെ നിയമിച്ചു. അനിശ്ചിതത്വം നിറഞ്ഞ ഇത്തരം സാഹചര്യങ്ങളിലും ഞങ്ങൾ അവസരങ്ങൾ നൽകുന്നു", അദ്ദേഹം പറഞ്ഞു.

    ലിങ്ക്ഡ്ഇൻ, മെറ്റാ, ഒറാക്കിൾ, ട്വിറ്റർ. സ്‍നാപ്, ഊബർ, സ്പോട്ടിഫൈ, ഇന്റൽ, സെയിൽ ഫോഴ്സ് തുടങ്ങി പല കമ്പനികളും നിലവിലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടുകയോ നിയമനം മന്ദഗതിയിലാക്കുകയോ ചെയ്തിരുന്നു.

    ഇന്ത്യയിലും നിരവധി കമ്പനികള്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുകയും തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികള്‍. അടുത്തിടെ ബൈജൂസ് കമ്പനി തങ്ങളുടെ 600 ജോലിക്കാരെ പിരിച്ചുവിട്ടതായി വാർത്ത പുറത്തു വന്നിരുന്നു. ബൈജൂസിന് കീഴിലുള്ള ടോപ്പര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കണ്ടന്റ് ഡിസൈന്‍ വിഭാഗങ്ങളിലെ ജോലിക്കാരെയാണ് പിരിച്ചുവിട്ടത്. മുഴുവന്‍ സമയ ജോലിക്കാരും താല്‍ക്കാലിക കോണ്‍ട്രാക്ട് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.
    Published by:user_57
    First published: