• HOME
  • »
  • NEWS
  • »
  • money
  • »
  • മ്യൂച്വൽ ഫണ്ടിലെ KYC വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

മ്യൂച്വൽ ഫണ്ടിലെ KYC വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

KYC നടപടികളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ഒരു അക്കൗണ്ട് തുറക്കുന്നതിന് മുമ്പായി നിർബന്ധമായും ചെയ്യേണ്ട കാര്യമാണ് KYC (Know Your Customer) നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നത്. കാലാകാലങ്ങളിൽ KYCയിൽ മാറ്റങ്ങളും വരുത്താവുന്നതാണ്. KYC നടപടികളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ.

    KYC മാറ്റേണ്ടത് എന്തുകൊണ്ട്?

    നമ്മളിൽ പലരും ജോലി തേടി പല നഗരങ്ങളിലേക്ക് മാറി താമസിക്കുകയും ചിലർ മറ്റ് രാജ്യങ്ങളിലേക്കും മറ്റും കുടിയേറുന്നവരുമാണ്. ഇത്തരം മാറ്റങ്ങളുണ്ടായാൽ അതായത് പേര്, വിലാസം തുടങ്ങിയ കാര്യങ്ങളിൽ മാറ്റം വരുമ്പോൾ കെവൈസിയിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. താഴെ പറയുന്ന ചില നടപടി ക്രമങ്ങളിലൂടെ നിങ്ങൾക്ക് കെ‌വൈ‌സി വിശദാംശങ്ങളിൽ മാറ്റങ്ങൾ വരുത്താം.

    KYC അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

    നിങ്ങളുടെ മ്യൂച്വൽ ഫണ്ട് KYC അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങൾ ‘KYC details change’ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. മ്യൂച്വൽ ഫണ്ട് വെബ്‌സൈറ്റിൽ നിന്നും CAMS, K-Fin പോലുള്ള രജിസ്ട്രാർ അല്ലെങ്കിൽ ട്രാൻസ്ഫർ ഏജന്റ് വഴി നിങ്ങൾക്ക് ഈ ഫോം ലഭിക്കും. എല്ലാ KYC അപ്‌ഡേറ്റ് ഫോമുകൾക്കൊപ്പവും പാൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിർബന്ധമാണ്. പേര്, പാൻ നമ്പർ എന്നിവ പോലുള്ള അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന ഭാഗം തിരഞ്ഞെടുക്കുക.

    ഉദാഹരണത്തിന്, നിങ്ങളുടെ വിലാസം മാറ്റുന്നതിന്, പാസ്‌പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബില്ലുകൾ, അക്കൌണ്ട് ഉടമയുടെ പേരും വിലാസവും വ്യക്തമാക്കിയിട്ടുള്ള ഏറ്റവും പുതിയ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണം. ആശയവിനിമയത്തിനുള്ള വിലാസവും സ്ഥിരമായ വിലാസവും വ്യത്യസ്തമാണെങ്കിൽ രണ്ടിനും ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.

    നിങ്ങൾ ഈ ഫോം മ്യൂച്വൽ ഫണ്ടുകളുടെ ഓഫീസിലോ ട്രാൻസ്ഫർ ഏജന്റിന്റെ ഓഫീസിലോ സമർപ്പിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പരിശോധിക്കുന്നതിന് യഥാർത്ഥ രേഖകൾ ആവശ്യമാണ്. അതിനാൽ യോഗ്യതയുള്ള അധികൃതർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നിങ്ങൾക്ക് ഉപയോഗിക്കാം.

    KYC ഓൺ‌ലൈനായി മാറ്റാൻ‌ കഴിയുമോ?

    നിങ്ങളുടെ KYC നടപടിക്രമങ്ങൾ ആദ്യമായാണ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് ഇത് ഓൺലൈനിൽ ചെയ്യാൻ കഴിയും. നിങ്ങളുടെ വിശദാംശങ്ങളും രേഖകളും മ്യൂച്വൽ ഫണ്ടിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മതി. നിങ്ങൾ ഒരു യഥാർത്ഥ വ്യക്തിയാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും ഉറപ്പാക്കുന്നതിന് വീഡിയോ കോൾ വഴി വ്യക്തിഗത പരിശോധന നടത്തിയേക്കാം. എന്നാൽ KYCയിൽ തിരുത്തലുകൾ നടത്തുന്നതിന് നിങ്ങൾ നേരിട്ട് ഓഫീസുകൾ സന്ദർശിക്കേണ്ടതുണ്ട്. മുകളിൽ പറഞ്ഞ ഫോം സമർപ്പിച്ചാൽ ഏഴ് മുതൽ 10 ദിവസത്തിനുള്ളിൽ KYC മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യും.

    മാറ്റങ്ങൾ

    നിങ്ങളുടെ മ്യൂച്വൽ ഫണ്ട് KYCയിൽ മാറ്റം വരുത്തിയെന്ന് കരുതി നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലെയും ഡീമാറ്റ് അക്കൗണ്ടുകളിലെയും KYCകളിൽ മാറ്റമുണ്ടാകില്ല. എന്നാൽ നിങ്ങൾ ഒരു മ്യൂച്വൽ ഫണ്ടിൽ KYC മാറ്റങ്ങൾ വരുത്തിയാൽ എല്ലാ മ്യൂച്വൽ ഫണ്ട് ഹൌസുകളിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കും.

    Summary: All you need to know about filling mutual fund KYC
    Published by:user_57
    First published: