• HOME
  • »
  • NEWS
  • »
  • money
  • »
  • LIC Policy | ഇൻഷുറൻസ് പോളിസി മുടങ്ങിപ്പോയോ? വീണ്ടും തുടങ്ങാൻ അവസരവുമായി എൽഐസി

LIC Policy | ഇൻഷുറൻസ് പോളിസി മുടങ്ങിപ്പോയോ? വീണ്ടും തുടങ്ങാൻ അവസരവുമായി എൽഐസി

മുടങ്ങിപ്പോയ പോളിസികൾ പുനരാരംഭിക്കാൻ പോളിസി ഉടമകൾക്ക് എൽഐസി ഇതാ അവസരം ഒരുക്കുന്നു.

  • Last Updated :
  • Share this:
    പണം അടയ്ക്കാൻ സാധിക്കാത്തത് കൊണ്ട് മുടങ്ങിപ്പോയ ഇൻഷുറൻസ് പോളിസി പുനരാരംഭിക്കാൻ അവസരവുമായി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC). ഇതിനായി പ്രത്യേക ക്യാമ്പെയിൻ തന്നെയാണ് എൽഐസി ആരംഭിച്ചിരിക്കുന്നത്. ആഗസ്ത് 17 മുതൽ ഒക്ടോബർ 21 വരെയാണ് ക്യാമ്പെയിൻ. എന്തെങ്കിലും സാഹചര്യത്തിൽ പ്രീമിയം അടയ്ക്കാൻ സാധിക്കാതെ പോളിസി മുടങ്ങിപ്പോയവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കും. യുലിപ് (ULIP) പോളിസികളൊഴികെയുള്ള പോളിസികളെല്ലാം പുനരാരംഭിക്കാൻ സാധിക്കുമെന്ന് എൽഐസി വ്യക്തമാക്കി.

    “മുടങ്ങിപ്പോയ പോളിസികൾ പുനരാരംഭിക്കാൻ പോളിസി ഉടമകൾക്ക് എൽഐസി ഇപ്പോൾ അവസരം ഒരുക്കുകയാണ്,” കമ്പനി ട്വീറ്റ് ചെയ്തു. യുലിപ് പോളിസികളല്ലാത്ത പോളിസികളിൽ ആദ്യമായി പ്രീമിയം മുടങ്ങിപ്പോയത് മുതൽ അഞ്ച് വർഷം വരെയുള്ള കാലാവധിക്കുള്ളിൽ പോളിസി പുനരാരംഭിക്കാനാണ് അവസരം നൽകുന്നത്. ഓരോ പോളിസിയുടെയും സാഹചര്യങ്ങൾ കൂടി പരിശോധിക്കുമെന്ന് എൽഐസി വാർത്താക്കുറിൽ അറിയിച്ചു. “പോളിസി ഉടമകൾക്ക് ആഗസ്ത് 17 മുതൽ ഒക്ടോബർ 21 വരെയുള്ള കാലയളവിനുള്ളിൽ തങ്ങളുടെ പോളിസികൾ തിരിച്ച് പിടിക്കുന്നതിനുള്ള അവസരമാണ് നൽകുന്നത്.

    ലേറ്റ് ഫീസിൻെറ കാര്യത്തിൽ ആകർഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ മൊത്തം പ്രീമിയം തിരികെ ലഭിക്കാനുള്ള പോളിസികൾക്ക് 25 ശതമാനം വരെ ലേറ്റ് ഫീസ് ഇളവുണ്ടാവും. പരമാവധി 2500 രൂപ വരെയാണ് ഇളവുണ്ടാവുക. 1,00,001 രൂപ മുതൽ 3 ലക്ഷം രൂപ വരെ മൊത്തം പ്രീമിയം ലഭ്യമാകുന്ന പോളിസികൾക്ക് 25 ശതമാനം വരെ ഇളവുണ്ടാവും. പരമാവധി ഇളവ് 3000 രൂപയാണ്. 3,00,001 രൂപയും അതിനുമുകളിലും മൊത്തം ലഭിക്കാവുന്ന പ്രീമിയമുള്ള പോളിസികൾക്ക് 30 ശതമാനം വരെ ഇളവുണ്ട്, ഇവ‍ർക്കുള്ള പരമാവധി ഇളവ് 3500 രൂപയാണ്.

    read also: അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ശ്രദ്ധിച്ചിരുന്ന ഓഹരികൾ ഏതെല്ലാം

    മൈക്രോ ഇൻഷുറൻസ് പോളിസികൾക്ക് 100 ശതമാനം വരെ ലേറ്റ് ഫീസ് ഇളവ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം ഈ പ്രത്യേക പദ്ധതിയിൽ മെഡിക്കൽ ആവശ്യങ്ങൾക്ക് ഇളവുകളൊന്നും തന്നെ ലഭിക്കില്ല. ഒഴിച്ചുകൂടാനാവാത്ത എന്തെങ്കിലും സാഹചര്യം കൊണ്ടാവാം പ്രീമിയം അടയ്ക്കുന്നതിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത്. അത് മനസ്സിലാക്കിയാണ് ഇങ്ങനെയൊരു ക്യാമ്പെയിൻ നടത്തുന്നതെന്നും എൽഐസി വ്യക്തമാക്കി.

    see also: Realme 9i 5G ഫോണുകള്‍ ഇന്ത്യയില്‍ ഉടനെത്തും; സവിശേഷതകളും വിലയും അറിയാം

    "അപ്രതീക്ഷിതമായും അവിചാരിതമായും ജീവിതത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്കുള്ള പരിരക്ഷയാണ് ലൈഫ് ഇൻഷുറൻസ് പോളിസികൾ. എൽഐസിയുടെ ഏറ്റവും പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് അവരുടെ മുടങ്ങിപ്പോയ പോളിസികൾ തിരികെ നൽകാനുള്ള ഒരു അവസരമാണ് ഈ ക്യാമ്പെയിനിലൂടെ തുറന്നിടുന്നത്. പോളിസി ഉടമകളുടെ കുടുംബത്തിൻെറ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ഇൻഷുറൻസ് ആനുകൂല്യം തുടരാനുമുള്ള അപൂർവ അവസരമായി ഇതിനെ കണക്കാക്കണം," എൽഐസി വാർത്താക്കുറിപ്പിൽ പറഞ്ഞു.

    ഈ വർഷം ഇത് രണ്ടാം തവണയാണ് എൽഐസി ഇത്തരത്തിൽ ഒരു ക്യാമ്പെയിൻ ആരംഭിക്കുന്നത്. ഫെബ്രുവരി 7 മുതൽ മാർച്ച് 25 വരെയാണ് നേരത്തെ പോളിസി ഉടമകൾക്ക് അവസരം നൽകിയിരുന്നത്.
    Published by:Amal Surendran
    First published: