പ്രീമിയം അടവ് മുടങ്ങിപ്പോയത് കാരണം അസാധുവായ വ്യക്തിഗത പോളിസികൾ (Lapsed Insurance Policies) പുനരുജ്ജീവിപ്പിക്കാൻ (Revive) പോളിസി ഉടമകൾക്ക് (Policy Holders) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) അവസരം നൽകുന്നു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികപരവും ആരോഗ്യപരവുമായ പ്രതിസന്ധികളോട് പോരാടുന്ന പോളിസി ഉടമകൾക്ക് ശക്തമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് എൽഐസിയുടെ നീക്കം.
പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ എൽഐസി ഈ സാമ്പത്തിക വർഷം ഇത് രണ്ടാം തവണയാണ് പോളിസി ഉടമകൾക്ക് മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ അവസരം നൽകുന്നത്. അഞ്ച് വർഷമായി മുടങ്ങി കിടക്കുന്ന പോളിസികൾ ഇപ്പോൾ പുതുക്കാൻ കഴിയും. പ്രീമിയം കാലയളവിൽ മുടങ്ങിപ്പോയ പോളിസികൾക്കാണ് ഈ അവസരം ലഭിക്കുക.
മുടങ്ങി കിടക്കുന്ന പോളിസികൾ ഈ സാമ്പത്തിക വർഷം പുനരുജ്ജീവിപ്പിക്കാനുള്ള അവസരം പോളിസി ഉടമകൾക്ക് വാഗ്ദാനം ചെയ്യുന്നതായി എൽഐസി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലാപ്‌സ് ആയ വ്യക്തിഗത പോളിസികൾ പുനരുജ്ജീവിപ്പിക്കുന്നതിന് പോളിസി ഉടമകൾക്ക് അവസരം നൽകുന്നതിനായി ഫെബ്രുവരി 7 മുതൽ മാർച്ച് 25 വരെ പ്രത്യേക പോളിസി റിവൈവൽ കാമ്പെയ്‌ൻ നടത്തുമെന്ന് എൽഐസി അറിയിച്ചു. പ്രീമിയം അടയ്‌ക്കുന്ന കാലയളവിൽ കാലഹരണപ്പെട്ടതും പോളിസി കാലാവധി പൂർത്തിയാകാത്തതുമായ പോളിസികൾക്ക് മാത്രമാണ് ഇത് ബാധകമാവുക.
“നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അടച്ച മൊത്തം പ്രീമിയങ്ങൾ അടിസ്ഥാനമാക്കി ടേം അഷ്വറൻസ്, ഉയർന്ന അപകടസാധ്യതയുള്ള പ്ലാനുകൾ എന്നിവ ഒഴികെയുള്ള പോളിസികൾക്ക് ലേറ്റ് ഫീസിൽ ഇളവുകൾ ലഭ്യമാക്കും. അതേസമയം മെഡിക്കൽ ആവശ്യകതകളിൽ ഇളവുകൾ ഒന്നും ഉണ്ടാവില്ല. യോഗ്യതയുള്ള ആരോഗ്യ, മൈക്രോ ഇൻഷുറൻസ് പ്ലാനുകൾക്കും ലേറ്റ് ഫീസിൽ ഇളവുകൾ നേടാൻ അർഹത ഉണ്ടായിരിക്കും", എൽഐസി പത്രക്കുറിപ്പിൽ പറഞ്ഞു.
"ഈ പ്രത്യേക കാമ്പെയ്‌ന് കീഴിൽ, പ്രീമിയം അടവ് ആദ്യമായി മുടങ്ങിയ തീയതി മുതൽ അഞ്ച് വർഷം വരെ കാലയളവിനുള്ളിൽ പോളിസികൾ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പുനരുജ്ജീവിപ്പിക്കാൻ കഴിയും", ഐപിഒ വിപണിയിലേക്ക് എത്താൻ തയ്യാറെടുക്കുന്ന ഇൻഷൂറൻസ് കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
"എൽഐസിയുടെ പോളിസി ഉടമകൾക്ക് അവരുടെ പോളിസികൾ പുനരുജ്ജീവിപ്പിക്കാനും ലൈഫ് കവർ പുനഃസ്ഥാപിക്കാനും അവരുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഈ കാമ്പെയ്‌ൻ മികച്ച ഒരു അവസരമായിരിക്കും" എൽഐസി പത്രക്കുറിപ്പിൽ പറഞ്ഞു. “പ്രീമിയം അടയ്‌ക്കുന്ന കാലയളവിൽ മുടങ്ങിപ്പോയതും പോളിസി കാലാവധി പൂർത്തിയാകാത്തതുമായ പോളിസികൾ ഈ കാമ്പെയ്‌ന്റെ ഭാഗമായി പുനരുജ്ജീവിപ്പിക്കാൻ കഴിയും”, എൽഐസി കൂട്ടിച്ചേർത്തു. മെഡിക്കൽ ആവശ്യകതകളിൽ പ്രത്യക ഇളവുകൾ ഒന്നുമില്ല. യോഗ്യതയുള്ള ഹെൽത്ത്, മൈക്രോ ഇൻഷുറൻസ് പ്ലാനുകൾക്കും ലേറ്റ് ഫീസിൽ ഇളവിന് അർഹതയുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
ഒരു ലക്ഷം രൂപ വരെ മൊത്തം പ്രീമിയം സ്വീകരിച്ചിട്ടുള്ള സാമ്പ്രദായിക, ആരോഗ്യ പോളിസികൾക്ക് ലേറ്റ് ഫീസിൽ 20 ശതമാനം ഇളവ് എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്. അനുവദനീയമായ പരമാവധി പരിധി 2,000 രൂപ വരെയാണ്. അതുപോലെ, 3 ലക്ഷത്തിന് മുകളിലുള്ള പ്രീമിയം തുകയ്ക്ക്, 30 ശതമാനം അതായത് പരമാവധി 3000 രൂപ വരെ ഇളവ് നൽകും. എൽഐസി ഇത് സംബന്ധിച്ചുള്ള പ്രസ്താവന ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്.
എൽഐസി അർഹതയുള്ള പോളിസികൾക്ക് ലേറ്റ് ഫീസിൽ അനുവദിക്കുന്ന ഇളവുകൾ ചുവടെ നൽകിയിരിക്കുന്നത് പ്രകാരമാണ്:
1. 1,00,000 രൂപ വരെയുള്ള പ്രീമിയം അടവിന് ലേറ്റ് ഫീസിൽ അനുവദിക്കുന്ന ഇളവ്: 20 ശതമാനം; പരമാവധി ഇളവ്: 2,000 രൂപ വരെ
2. 100,001 രൂപ മുതൽ 3,00,000 രൂപ വരെയുള്ള പ്രീമിയം അടവിന് ലേറ്റ് ഫീസിൽ അനുവദിക്കുന്ന ഇളവ് 25 ശതമാനം, പരമാവധി ഇളവ് 2,500 രൂപ വരെ
3. 3,00,001 രൂപ മുതൽ മുകളിലേക്കുള്ള പ്രീമിയം അടവിന് ലേറ്റ് ഫീസിൽ അനുവദിക്കുന്ന ഇളവ് 30 ശതമാനം; പരമാവധി ഇളവ്: 3,000 രൂപ
4. മൈക്രോ ഇൻഷുറൻസ് പ്ലാനുകൾക്ക് നൽകുന്ന ഇളവ് 100 ശതമാനമായിരിക്കും, അത് പൂർണ്ണമായും അനുവദിക്കും.
എന്നിരുന്നാലും, ടേം അഷ്വറൻസ്, മൾട്ടിപ്പിൾ റിസ്ക് പോളിസികൾ പോലെ ഉയർന്ന നഷ്ട സാധ്യതയുള്ള പ്ലാനുകൾക്ക് ഈ ഇളവുകൾ ബാധകമായിരിക്കില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എൽഐസി ഐപിഒയ്ക്ക് മുന്നോടിയായാണ് പോളിസി ഉടമകൾക്ക് ആശ്വാസകരമാകുന്ന ഈ വാർത്ത എത്തിയിരിക്കുന്നത്. ഐപിഒ ഉടൻ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് എൽഐസി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രഥമ ഓഹരി വിൽപ്പന ഉടൻ പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2022 ലെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.
Also Read-PAN Aadhaar Linking | PAN ആധാറുമായി ഉടൻ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് SBI; വിശദാംശങ്ങൾഎല്ഐസി ഐപിഒയില്‍ ഇഷ്യൂ സൈസിന്റെ നിശ്ചിത ശതമാനം പോളിസി ഉടമകള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്. എൽഐസിയിൽ സർക്കാരിന്റെ ഓഹരി വിഹിതം 100 ശതമാനം ആണ്. ലിസ്റ്റിങ്ങിന് ശേഷം, കമ്പനിയുടെ മൂല്യം 8-10 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ ഇതോടെ, വിപണി മൂലധനം അടിസ്ഥാനമാക്കി രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി എൽഐസി മാറാൻ സാധ്യതയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.