• HOME
 • »
 • NEWS
 • »
 • money
 • »
 • Budget 2022 | പഴയതും പുതിയതുമായ നികുതി സമ്പ്രദായങ്ങൾ ഒന്നാക്കുക; ITR ഫോമുകൾ ലളിതമാക്കുക; ബജറ്റിൽ നികുതി വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ

Budget 2022 | പഴയതും പുതിയതുമായ നികുതി സമ്പ്രദായങ്ങൾ ഒന്നാക്കുക; ITR ഫോമുകൾ ലളിതമാക്കുക; ബജറ്റിൽ നികുതി വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ

ബജറ്റിന് തൊട്ടുപിന്നാലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജനകീയ ബജറ്റാകും കേന്ദ്രമന്ത്രി അവതരിപ്പിക്കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 • Share this:
  2022-ലെ കേന്ദ്ര ബജറ്റ് (Union Budget 2022) പ്രഖ്യാപനത്തിന് ഇനി ഒരാഴ്ച മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷമായി ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ബജറ്റിന്മേലുള്ളത്. ബജറ്റിന് തൊട്ടുപിന്നാലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് (Assembly Elections) നടക്കാനിരിക്കുന്നതിനാല്‍ ജനകീയ ബജറ്റാകും കേന്ദ്രമന്ത്രി അവതരിപ്പിക്കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബജറ്റുമായി ബന്ധപ്പെട്ട് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, പുതിയ ആദായനികുതി സ്ലാബുകളില്‍ (Income Tax Slabs) സര്‍ക്കാര്‍ ഇടപെടുമോ എന്നതാണ്.

  മണികണ്‍ട്രോള്‍ മൂന്ന് ആദായനികുതി വിദഗ്ധരുമായി ഈ വിഷയത്തില്‍ സംസാരിക്കുകയുണ്ടായി. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി പ്രധാനപ്പെട്ട മൂന്ന് നികുതി നിര്‍ദ്ദേശങ്ങള്‍ അവര്‍ പങ്കുവെയ്ക്കുകയുണ്ടായി. അവ എന്തെല്ലാമെന്ന് നോക്കാം.

  സിംഗിള്‍ അല്ലെങ്കില്‍ ഹൈബ്രിഡ് ടാക്സ് സ്‌കീം

  നികുതി ഫയല്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ നിലവില്‍ രണ്ട് ആദായ നികുതി സ്ലാബുകളാണുള്ളത്. ടാക്സ് കണക്ട് അഡൈ്വസറി സര്‍വീസസ് എല്‍എല്‍പിയുടെ പാര്‍ട്ണറായ വിവേക് ജലന്‍ സിംഗിള്‍ അല്ലെങ്കില്‍ ഹൈബ്രിഡ് ടാക്സ് സ്ലാബുകള്‍ (Hybrid Tax Slabs) ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നു. പുതിയ ആദായനികുതി സമ്പ്രദായം സ്വീകരിക്കുന്നവര്‍ കുറവാണെന്ന് ജലനെപ്പോലുള്ള നികുതി വിദഗ്ധര്‍ ഏകകണ്ഠമായി പറയുന്നു.

  1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 115BAC പ്രകാരം 2020-ഏപ്രില്‍ 1 മുതല്‍ (സാമ്പത്തിക വര്‍ഷം 2020-21) പ്രാബല്യത്തില്‍ വന്ന പുതിയ ആദായനികുതി സ്ലാബുകള്‍ വീട്ടുവാടക, അവധിക്കാല യാത്രാ അലവന്‍സ്, വിദ്യാഭ്യാസ അലവന്‍സ്, സെക്ഷന്‍ 80 സി, 80 ഡി ആനുകൂല്യങ്ങള്‍, സെക്ഷന്‍ 24 ബി പ്രകാരമുള്ള ഭവനവായ്പയുടെ പലിശയിലെ കിഴിവ് എന്നിവയില്‍ ഇളവുകളും കിഴിവുകളും അനുവദിക്കുന്നില്ല.

  പുതിയ സ്ലാബും പഴയ ആദായനികുതി സ്ലാബും തിരഞ്ഞെടുക്കുന്നവര്‍ക്കിടയില്‍ കാര്യമായ വ്യത്യാസമുണ്ട്. കരിയര്‍ ആരംഭിച്ചു തുടങ്ങുന്ന, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുകളില്‍ ജനിച്ചവര്‍ ആണ് പുതിയ സ്ലാബ് തെരഞ്ഞെടുക്കുന്നത്. ലാഭം കണ്ടെത്താനുള്ള പ്രവണത അവര്‍ക്ക് കുറവായിരിക്കും. അതിനാല്‍ ഇളവുകളും കിഴിവുകളും അവരെ ആകര്‍ഷിക്കുന്നില്ല. അതേസമയം, തങ്ങളുടെ കരിയറില്‍ സ്ഥിരത കണ്ടെത്തിയവരും ഇതിനകം തന്നെ നിക്ഷേപ സംവിധാനമുള്ളവരുമായ ആളുകള്‍ സാധാരണ ഗതിയില്‍ പഴയ സ്ലാബ് തന്നെയാണ് തിരഞ്ഞെടുക്കുന്നത്.

  എന്നിരുന്നാലും, ഈ രണ്ട് വ്യത്യസ്ത സ്ലാബുകള്‍ നിയമത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. സര്‍ക്കാര്‍ ഇതില്‍ നടപടി സ്വീകരിക്കുകയും സംയോജിതമായ ഹൈബ്രിഡ് പദ്ധതി അവതരിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ജലന്‍ പറയുന്നു. ഇവിടെ, സെക്ഷന്‍ 80 സി പോലുള്ള, മിക്ക നികുതിദായകരും സ്വീകരിക്കുന്ന കിഴിവുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ സെക്ഷന്‍ 24 ബി (ഭവന വായ്പയുടെ പലിശ) പോലുള്ള കിഴിവുകള്‍ സാവധാനം നീക്കം ചെയ്യാനും യുക്തിസഹമാക്കാനും കഴിയണം.

  കിഴിവുകളുടെയും ഇളവുകളുടെയും പരിധി വര്‍ദ്ധിപ്പിക്കണം

  അതേസമയം, നിലവിലുള്ള നികുതിയിളവുകളും കിഴിവുകളും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ക്ലിയര്‍ ടാക്‌സ് സ്ഥാപകനും സിഇഒയുമായ അര്‍ച്ചിത് ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, സര്‍ക്കാര്‍ അവസാനമായി 2014ല്‍ സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 1.5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. അതിനു ശേഷം, 2015ല്‍ ദേശീയ പെന്‍ഷന്‍ സ്‌കീമിലേക്കുള്ള (NPS) സംഭാവനകള്‍ക്കായി സെക്ഷന്‍ 80CCD (1b) പ്രകാരം 50,000 രൂപയുടെ പ്രത്യേക കിഴിവും അനുവദിച്ചു.

  ആറ് വര്‍ഷത്തിലേറെയായി നികുതിദായകര്‍ക്ക് കൂടുതല്‍ നികുതി ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. മറിച്ച്, ഓരോ വര്‍ഷവും പ്രത്യക്ഷ നികുതി പിരിവ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ പ്രത്യക്ഷ നികുതി പിരിവ് 60 ശതമാനം വര്‍ധിച്ചു. ഇതോടെ, ആദായനികുതി വകുപ്പ് അതിന്റെ ആനുകൂല്യങ്ങള്‍ നികുതിദായകര്‍ക്ക് കൂടി നല്‍കുന്ന കാര്യം പരിഗണിച്ചേക്കും. ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകളിലോ ഇഎല്‍എസ്എസിലോ നിക്ഷേപിക്കുന്നതിന് പ്രത്യേക കിഴിവ് അനുവദിക്കാം.

  സ്റ്റാന്‍ഡേര്‍ഡ് കിഴിവ് പരിധി വര്‍ധിപ്പിക്കുന്നതോ ശമ്പളമുള്ള ജീവനക്കാര്‍ക്ക് പ്രത്യേക കിഴിവ് നല്‍കുന്നതോ സര്‍ക്കാര്‍ പരിഗണിക്കണം. കോഴ്‌സ് തെരഞ്ഞെടുക്കല്‍, കഴിവുകള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങി വ്യക്തിഗത വളര്‍ച്ചയ്ക്കായി ശമ്പളക്കാരായ ജീവനക്കാര്‍ നടത്തുന്ന ചെലവുകള്‍ കിഴിവ് ചെയ്യാന്‍ വ്യവസ്ഥയില്ല. ഈ ചെലവുകള്‍ സാധാരണയായി തൊഴില്‍ ജീവിതത്തിന്റെ ഭാഗമാണ്. അത്തരം ചെലവുകള്‍ക്ക് സര്‍ക്കാര്‍ നികുതി ആനുകൂല്യങ്ങള്‍ നല്‍കണം.

  ഭവന നിര്‍മ്മാണ മേഖലയെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിന്, താങ്ങാനാവുന്ന ഭവനങ്ങള്‍ ഒഴികെയുള്ള വീട് വാങ്ങുന്നവര്‍ക്കും ഭവന വായ്പകള്‍ക്ക് കിഴിവുകള്‍ നല്‍കണം. കൂടാതെ, താങ്ങാവുന്ന വിലയുള്ള ഭവനങ്ങള്‍ക്കായുള്ള സെക്ഷന്‍ 80EEA പ്രകാരമുള്ള കിഴിവുകളുടെ സമയപരിധി 2022 മാര്‍ച്ച് മുതല്‍ നീട്ടാവുന്നതാണ്.

  ഐടിആര്‍ ഫോമുകള്‍ കൂടുതല്‍ ലളിതമാക്കേണ്ടതുണ്ട്

  വര്‍ഷങ്ങളായി, ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫോമുകള്‍ ലളിതമാക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ ഫോമുകള്‍ കൂടുതല്‍ ലളിതമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് നംഗിയ ആന്‍ഡേഴ്സണ്‍ ഇന്ത്യ ചെയര്‍മാന്‍ രാകേഷ് നംഗിയ പറയുന്നു.

  വ്യക്തിഗത നികുതിദായകര്‍ക്കുള്ള ഐടിആര്‍ ഫോമുകള്‍ക്ക് നിലവില്‍ ധാരാളം സ്ഥിരീകരണങ്ങള്‍ ആവശ്യമുണ്ട്. പ്രത്യേകിച്ചും നികുതിദായകന് വേതനം, പലിശ മുതലായവ ഒഴികെയുള്ള വരുമാനമുള്ള സന്ദര്‍ഭങ്ങളില്‍.

  ഭൂരിഭാഗം നികുതിദായകരുടെ കാര്യത്തിലും അത് ബാധകമല്ലെങ്കിലും അത്തരം സ്ഥിരീകരണങ്ങള്‍ നിലവില്‍ ആവശ്യമാണ്. കൂടാതെ, പലതവണ, എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചതായി പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷവും ഐടിആറുകളുടെ അന്തിമ പരിശോധനയുടെ സമയത്ത് സാങ്കേതിക പിശകുകള്‍ സംഭവിക്കാറുണ്ട്. ഓണ്‍ലൈന്‍ ഫോമുകള്‍ ലളിതമാക്കുന്നതിനും വ്യക്തിഗത നികുതിദായകര്‍ക്ക് സ്ഥിരീകരണങ്ങള്‍ ഇച്ഛാനുസൃതമാക്കുന്നതിനും ബജറ്റ് ആത്മാര്‍ത്ഥമായ ശ്രമം നടത്തണമെന്ന് നികുതി വിദഗ്ധര്‍ പറയുന്നു.

  Also Read- SBI സ്ഥിര നിക്ഷേപ പലിശ നിരക്ക് വീണ്ടും ഉയർത്തി; ഏറ്റവും പുതിയ FD നിരക്കുകൾ അറിയാം

  മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍ മുതലായവയില്‍ നിക്ഷേപം നടത്തുന്ന, ശമ്പളക്കാരായ പലര്‍ക്കും ചെറിയ വരുമാനം പോലും മൂലധന നേട്ടമായി റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുണ്ട്. അത്തരം ഇടപാടുകളില്‍ നിന്ന് ലഭിക്കുന്ന ഒരു ചെറിയ വരുമാനത്തിന് വേണ്ടി പോലും അവര്‍ വിശദമായ ഐടിആര്‍-2 പൂരിപ്പിക്കേണ്ടതുണ്ട്. അവര്‍ക്ക് ചെറുകിട ബിസിനസ്സ്/പ്രൊഫഷണല്‍ വരുമാനം ഉണ്ടെങ്കില്‍ ഐടിആര്‍-3 ഉപയോഗിക്കേണ്ടതുണ്ട്.

  Union Budget 2022 | നികുതിരഹിത വർക്ക് ഫ്രം ഹോം അലവൻസ്; കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള നിക്ഷേപത്തിൽ നികുതിയിളവ്; ബജറ്റിൽ ശമ്പളക്കാർ പ്രതീക്ഷിക്കുന്നത്

  ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇത്തരം ചെറുകിട നികുതിദായകര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഒരു നിശ്ചിത പരിധിയ്ക്ക് മുകളില്‍ നികുതി ബാധകമായ വരുമാനമുള്ള നികുതിദായകര്‍ക്ക് മാത്രം വിശദമായ ഐടിആര്‍-3 ബാധകമാക്കുന്ന മാറ്റം കൊണ്ടുവരാം. ആ പരിധിയ്ക്ക് താഴെ, മൂലധന നേട്ട വരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രം ഐടിആര്‍-1, ഐടിആര്‍-4 എന്നിവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
  Published by:Jayashankar Av
  First published: