• HOME
  • »
  • NEWS
  • »
  • money
  • »
  • Meta Layoff | മെറ്റയിൽ കൂട്ടപിരിച്ചുവിടൽ; പ്രസവാവധിയിലായിരിക്കെ ജോലി നഷ്ടപ്പെട്ട ജീവനക്കാരിയുടെ കുറിപ്പ് വൈറൽ

Meta Layoff | മെറ്റയിൽ കൂട്ടപിരിച്ചുവിടൽ; പ്രസവാവധിയിലായിരിക്കെ ജോലി നഷ്ടപ്പെട്ട ജീവനക്കാരിയുടെ കുറിപ്പ് വൈറൽ

18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കമ്പനി ഇത്രയും വലിയ പിരിച്ചുവിടലുകള്‍ നടത്തുന്നത്.

  • Share this:
കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ഇപ്പോൾ ഒറ്റയടിക്ക് പിരിച്ചുവിട്ട 11,000ലേറെ ജീവനക്കാരില്‍ ഒരാളായ അനേക എന്ന യുവതി ലിങ്ക്ഡിനിൽ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലായിരിക്കുന്നത്. പ്രസവാവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു ഫേസ്ബുക്കിലെ കമ്മ്യൂണിക്കേഷൻസ് മാനേജരായിരുന്ന യുവതി. അപ്രതീക്ഷിതമായി ജോലിയിൽനിന്ന് പിരിച്ചുവിട്ടത്തിന്റെ ദുരനുഭവമാണ് അവർ പങ്കുവെച്ചിരിക്കുന്നത്

"മൂന്ന് മാസം പ്രായമുള്ള തന്റെ മകൾക്ക് പാല് കൊടുക്കുന്നതിനാണ് ഞാൻ പുലർച്ചെ 3 മണിക്ക് ഉണർന്നത്. അങ്ങനെയിരിക്കെ പുലർച്ചെ 5:35 ഓടെ എനിക്ക് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഇമെയിൽ ലഭിച്ചു. എന്റെ ഹൃദയം തകർന്നു," ഇന്ത്യൻ വംശജയായ അനേക പട്ടേൽ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ കമ്പനി കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന് അറിയാമായിരുന്നത് കൊണ്ട് മാര്‍ക്ക് സക്കര്‍ബര്‍ഗില്‍ നിന്നുള്ള ഇമെയില്‍ താന്‍ പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ടാണ് മെയില്‍ നോക്കിയതെന്നും ഇവര്‍ പറയുന്നു.

2023 ഫെബ്രുവരിയിലാണ് അനേകയുടെ പ്രസവാവധി അവസാനിക്കുന്നത്. ഈ അവസ്ഥയിൽ ഇങ്ങനെ ഒരു തിരിച്ചടി തന്നെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ട്വിറ്റർ, മൈക്രോസോഫ്റ്റ് തുടങ്ങിയ ഭീമൻ കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ അതേ നടപടി തുടരുകയാണ് മെറ്റയും. ഈ പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായ നിരവധി ആളുകളുടെ കൂട്ടത്തിൽ ഒരാളുടെ കഥ മാത്രമാണിത്.

Also Read-ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ; 11,000 പേർക്ക് ജോലി നഷ്ടമായി

അതേസമയം രണ്ടര വര്‍ഷം മുൻമ്പാണ് അനേക ലണ്ടനില്‍ നിന്ന് താമസം മാറി ഫേസ്ബുക്കില്‍ ജോലിയിൽ പ്രവേശിച്ചത്. മെറ്റയ്ക്ക് വേണ്ടി വീണ്ടും ജോലി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ലണ്ടനിൽ നിന്ന് യുഎസിലേക്ക് മാറിയതെന്നും പട്ടേൽ പറഞ്ഞു. "അടുത്ത കുറച്ച് മാസങ്ങൾ ഞാൻ എന്റെ സമയം പൂർണമായും എന്റെ മകൾക്ക് നൽകാൻ പോകുകയാണ്. പുതുവർഷത്തിൽ ജോലി ചെയ്യാൻ താൻ തയ്യാറാണെന്നും പട്ടേൽ പോസ്റ്റിൽ കുറിച്ചു.

എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഫേസ്ബുക്കിൽ മാത്രം ജീവനക്കാരുടെ എണ്ണം 90,000 ഇരട്ടിയായി വർധിച്ചിരുന്നു .ഇതിനെ തുടർന്ന് വരുമാനക്കുറവുണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാണ് ഇപ്പോൾ കൂട്ടപിരിച്ചുവിടൽ നടപടിയെന്നാണ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വിശദീകരണം.18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കമ്പനി ഇത്രയും വലിയ പിരിച്ചുവിടലുകള്‍ നടത്തുന്നത്.

Also Read-16 ആഴ്‌ച്ചത്തെ അടിസ്ഥാന ശമ്പളം; ഒപ്പം ഇൻഷുറൻസും; മെറ്റയിൽ നിന്ന് പിരിച്ചുവിടുന്ന ജീവനക്കാർക്ക് ലഭിക്കുന്നത്

അതേസമയം മെറ്റയിലെ ജോലിക്കായി കാനഡയിലേക്ക് താമസം മാറി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ജോലി നഷ്ടമായ ഹിമാന്‍ഷു എന്ന ഇന്ത്യന്‍ വംശജനായ യുവാവിന്‍റെ കുറിപ്പും നേരത്തെ വൈറലായിരുന്നു. "താൻ ഒരു പുതിയ മെറ്റ ജോലിക്കാരനായി ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് പോയി. മെറ്റയിൽ ചേരുന്നതിനായാണ് ഞാൻ കാനഡയിലേക്ക് സ്ഥലം മാറിയത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം കമ്പനിയുടെ പിരിച്ചുവിടൽ എന്നെയും ബാധിച്ചതിനാൽ എന്റെ യാത്ര അവിടെ അവസാനിച്ചു. " പെട്ടെന്നുള്ള മെറ്റയുടെ ഈ തീരുമാനത്തില്‍ ജോലി നഷ്ടപ്പെട്ട പലരുടെയും അവസ്ഥ കഷ്ടമാണെന്നും ലിങ്ക്ഡിനില്‍ ഹിമാന്‍ഷു കുറിച്ചു.

എന്നാൽ മെറ്റ തങ്ങളുടെ കമ്പനിയുടെ ജീവനക്കാരെ 13 ശതമാനം വെട്ടിക്കുറച്ചതെങ്കിൽ എലോൺ മസ്‌കിന്റെ കീഴിൽ നിലവിൽ പ്രവർത്തിക്കുന്ന ട്വിറ്റർ ഒറ്റയടിക്ക് കമ്പനിയുടെ ജീവനക്കാരെ പകുതിയായാണ് വെട്ടിക്കുറച്ചത്. ഓഫീസ് ചാറ്റ്റൂമുകളിൽ നിന്നും ഇമെയിലിൽ നിന്നും അപ്രതീക്ഷിതമായ സന്ദേശം ലഭിക്കുമ്പോഴാണ് തങ്ങളുടെ ജോലി നഷ്ടപ്പെട്ട വിവരം പല ജീവനക്കാരും തിരിച്ചറിയുന്നത്. കമ്പനിയുടെ നഷ്ടം തടയാൻ ഈ നീക്കം അനിവാര്യമാണെന്ന് എലോൺ മസ്‌കും ഈ വിഷയത്തിൽ പ്രതികരിച്ചു. കൂടാതെ ടെക്‌വ്യവസായം നേരിടുന്ന മൊത്തത്തിലുള്ള പ്രതിസന്ധിയും കമ്പനിയുടെ വരുമാനത്തില്‍ വന്ന ഇടിവുമാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമായതെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇമെയിലിലൂടെ ജീവനക്കാരെ അറിയിച്ചിരുന്നു.
Published by:Arun krishna
First published: