• HOME
  • »
  • NEWS
  • »
  • money
  • »
  • Lending Apps | നിയമവിരുദ്ധ ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Lending Apps | നിയമവിരുദ്ധ ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ഇത്തരം ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തിലാണെന്നും അവയില്‍ ചിലത് ഉടന്‍ നിരോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു

  • Share this:
നിയമവിരുദ്ധ ഡിജിറ്റല്‍ വായ്പാ ആപ്ലിക്കേഷനുകളുടെ (illegal loan lending apps) കാര്യത്തിൽ അടിയന്തര ശ്രദ്ധ പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം (ministry of home affairs) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. ഡിജിറ്റല്‍ വായ്പാ ആപ്പുകൾ പണം തിരികെ ചോദിച്ച് ശല്യം ചെയ്യുന്നതും ബ്ലാക്ക്‌മെയിലിംഗും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. ദേശീയ സുരക്ഷ, സമ്പദ് വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയില്‍ ഇത്തരം ആപ്പുകൾ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

'' റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിയന്ത്രണം ഇല്ലാത്ത നിയമവിരുദ്ധ വായ്പാ ആപ്പുകള്‍ എസ്എംഎസുകള്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍, ചാറ്റ് മെസഞ്ചറുകള്‍, മൊബൈല്‍ ആപ്പ് സ്റ്റോറുകള്‍ എന്നിവ വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നും'' കത്തില്‍ പറയുന്നു. ഇത്തരം ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തിലാണെന്നും അവയില്‍ ചിലത് ഉടന്‍ നിരോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിയമവിരുദ്ധമായി വായ്പ നല്‍കുന്ന ആപ്പുകളെക്കുറിച്ച് ന്യൂസ് 18 അടുത്തിടെ ഒരു സീരീസ് പുറത്തിറക്കിയിരുന്നു. അത്തരം ആപ്പുകള്‍ എങ്ങനെയാണ് അനധികൃത ഷെല്‍ കമ്പനികളുടെ വെബ് ഉപയോഗിക്കുന്നതെന്നും പണം തട്ടിയെടുക്കാന്‍ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അതില്‍ വെളിപ്പെടുത്തിയിരുന്നു.

ഇത്തരം ആപ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രാലയം ഒരു പരിപാടി ആരംഭിക്കുന്നുണ്ടെന്നും അത് സംസ്ഥാനങ്ങളെ അറിയിക്കുമെന്നും ന്യൂസ് 18 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം വായ്പാ ആപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ അന്വേഷണം ആരംഭിക്കുകയും വിവിധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Also Read-'മദ്യശാലകൾ വെച്ചിട്ട് പുകയിലയ്‌ക്കെതിരായ സർക്കാരിന്റെ വാദം ചെകുത്താന്റെ വേദവാക്യം പോലെ': മദ്രാസ് ഹൈക്കോടതി

'' ദുര്‍ബലരും താഴ്ന്ന വരുമാനക്കാരുമായ ആളുകള്‍ക്ക് ഹ്രസ്വകാല വായ്പകളോ മൈക്രോ ക്രെഡിറ്റുകളോ നല്‍കുന്ന അനധികൃത ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. ഇത്തരം ആപ്പുകളുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പോലുള്ള കടം വാങ്ങുന്നവരുടെ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്നുണ്ട്.

ലോണ്‍ തിരിച്ചടപ്പിക്കാനുള്ള ഇവരുടെ രീതികള്‍ ഇന്ത്യയിലുടനീളമുള്ള നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ദേശീയ സുരക്ഷ, സമ്പദ് വ്യവസ്ഥ, പൗരസുരക്ഷ എന്നിവയില്‍ ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നുണ്ടെന്നും, '' ആഭ്യന്തര മന്ത്രാലയം കത്തില്‍ പറയുന്നു. ആര്‍ബിഐയുടെ ഫെയര്‍ പ്രാക്ടീസ് കോഡ് ലംഘിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള റിക്കവറി ഏജന്റുമാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് പൗരന്മാരെ ദ്രോഹിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

ഡിസ്‌പോസിബിള്‍ ഇമെയിലുകള്‍, വെര്‍ച്വല്‍ നമ്പറുകള്‍, മ്യൂള്‍ അക്കൗണ്ടുകള്‍, ഷെല്‍ കമ്പനികള്‍, പേയ്മെന്റ് അഗ്രഗേറ്ററുകള്‍, എപിഐ സേവനങ്ങള്‍, ക്ലൗഡ് ഹോസ്റ്റിംഗ്, ക്രിപ്റ്റോ കറന്‍സി തുടങ്ങിയവ ഉപയോഗിച്ചുള്ള കുറ്റകൃത്യമാണ് ഇതെന്നും മന്ത്രാലയം അറിയിച്ചു.

അന്വേഷണ ഏജന്‍സികള്‍ക്ക് മാല്‍വെയര്‍ വിശകലനം, ക്രിപ്റ്റോ ഇടപാട് കണ്ടെത്തല്‍ എന്നിവയ്ക്കുള്ള സാങ്കേതിക സഹായത്തിനായി നാഷണല്‍ സൈബര്‍ ക്രൈം ഫോറന്‍സിക് ലബോറട്ടറിയുടെ (എന്‍സിഎഫ്എല്‍) സേവനം പ്രയോജനപ്പെടുത്താമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകള്‍ക്കെതിരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആളുകൾക്കിടയിൽ അവബോധം വളർത്താൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Published by:Arun krishna
First published: