മുൻഗണനാ മേഖലാ വായ്പാ അഥവാ പിഎസ്എൽ (priority sector lending) ആനുകൂല്യങ്ങൾക്കായി നേരത്തെ ഉദ്യം രജിസ്‌ട്രേഷൻ പോർട്ടലിൽ (യുആർപി) രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന അനൗപചാരിക മൈക്രോ എന്റർപ്രൈസുകൾക്ക് പ്രോത്സാഹനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് എംഎസ്എംഇ (MSME) മന്ത്രാലയം. അത്തരം സംരംഭങ്ങൾക്ക് ആധാർ ഒതന്റിക്കേഷൻ ഇപ്പോൾ സ്വമേധയാ നൽകിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് 22 ന് എംഎസ്എംഇ ഡെവലപ്മെന്റ് കമ്മീഷണർ ഡോ രജനീഷ് പുറത്തുവിട്ടിരുന്നു.
കേന്ദ്ര ഗവൺമെന്റിന്റെ നിർദേശ പ്രകാരം അനൗപചാരിക മൈക്രോ എന്റർപ്രൈസുകളുടെ ഉടമകൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിന് എന്റർപ്രൈസസിന്റെ ആധാർ ഓതന്റികേഷനിൽ Yes/No എന്ന സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് എംഎസ്എംഇ മന്ത്രാലയം അറിയിച്ചു. പിഎസ്എൽ വായ്പകൾ ലഭ്യമാകുന്നതിന് ഈ സൗകര്യം കൂടുതൽ ഫലപ്രദമാണെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ഫണ്ടിന്റെ ചോർച്ച തടയൽ, മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ആധാർ ഓതന്റിക്കേഷനുമായി ബന്ധപ്പെട്ട വിജ്ഞാപനം എംഎസ്എംഇ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഈ വർഷം മാർച്ചിലാണ് ഐഎംഇകളുടെ ആധാർ ആധികാരികത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മന്ത്രാലയത്തിന് അനുമതി നൽകിയത്.
സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പ്രൊഫൈൽ, അവരുടെ ബിസിനസ്സിന്റെ സ്വഭാവം, അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ മുതലായവ മനസിലാക്കുക, ശരിയായ പദ്ധതി ശരിയായ രീതിയിൽ അവരിലേക്ക് എത്തിക്കുകയും അവ ഫലപ്രദമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . “ബിസിനസിനെ ആധാറുമായി ബന്ധിപ്പിക്കുന്നത് ഈ മേഖലകളിൽ കൂടുതൽ ഇടപെടൽ നടത്താൻ ഗവൺമെന്റിനെ സഹായിക്കുമെന്ന്,” കംപ്ലയൻസ് മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയർ സ്ഥാപനമായ ടീംലീസ് റെഗ്‌ടെക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ഋഷി അഗർവാൾ എഫ്ഇ ആസ്പയറിനോട് പറഞ്ഞു.
അതേസമയം ഈ വർഷം ജനുവരിയിൽ ആണ് എംഎസ്എംഇ മന്ത്രാലയം അനൗപചാരിക മൈക്രോ എന്റർപ്രൈസുകളെ ( IME) ഔപചാരിക ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിനും മുൻഗണന മേഖല വായപാ ( PSL) ആനുകൂല്യങ്ങൾക്ക് അവയെ പ്രാപ്തമാക്കുന്നതിനുമായി ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം (UAP) ആരംഭിച്ചത് . ജിഎസ്ടിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാത്ത അനൗപചാരിക യൂണിറ്റുകൾക്ക് ബാങ്കുകളുമായോ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമായോ (NBFC) ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിൽ നിന്ന് ഇനി മുതൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
അതേസമയം ബാങ്കുകളും എൻബിഎഫ്‌സികളും ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും ജിഎസ്‌ടി വ്യവസ്ഥയിൽ ഉൾപ്പെടാത്തതോ 2017 ലെ സിജിഎസ്‌ടി നിയമത്തിൽ നിന്ന് ഒഴിവാക്കിയതോ ആയ ഉദ്യം അസിസ്റ്റ് സർട്ടിഫിക്കറ്റ് (യുഎസി) ഉള്ള അനൗപചാരിക മൈക്രോ എന്റർപ്രൈസുകളെ മുൻഗണനാ മേഖല വായ്പ മാനദണ്ഡങ്ങൾക്ക് കീഴിൽ പരിഗണിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം നിർദ്ദേശം നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.