• HOME
  • »
  • NEWS
  • »
  • money
  • »
  • MOBILE APP TO MONITOR THE PRICES OF 22 ESSENTIAL ITEMS INCLUDING RICE AND MILK

അരിയും പാലും ഉൾപ്പടെ 22 അവശ്യവസ്‌തുക്കളുടെ വില നിരീക്ഷിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ

രാജ്യത്തൊട്ടാകെയുള്ള സംസ്ഥാന ഭക്ഷ്യ- പൊതു വിതരണ വകുപ്പുകളിലെ, വില റിപ്പോർട്ട് ചെയ്യുന്ന 127 കേന്ദ്രങ്ങളിൽ നിന്ന്, ചില്ലറ - മൊത്ത വിൽപ്പന വിലകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അപ്ലിക്കേഷനിൽ ലഭിക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി; അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, പഞ്ചസാര, പാൽ, ചായ, ഉപ്പ്, ഉരുളക്കിഴങ്ങ്, സവാള, തക്കാളി എന്നിവയുൾപ്പെടെ 22 അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ഉദ്ദേശിച്ചുള്ള ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായി. രാജ്യത്തൊട്ടാകെയുള്ള സംസ്ഥാന ഭക്ഷ്യ- പൊതു വിതരണ വകുപ്പുകളിലെ, വില റിപ്പോർട്ട് ചെയ്യുന്ന 127 കേന്ദ്രങ്ങളിൽ നിന്ന്, ചില്ലറ - മൊത്ത വിൽപ്പന വിലകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അപ്ലിക്കേഷനിൽ ലഭിക്കും. 2021 ജനുവരി ഒന്നിനാണ് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം മൊബൈൽ ആപ്പ് പുറത്തിറക്കിയത്.

    വിലകളിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോഴും അടിയന്തിര സാഹചര്യങ്ങളിലും, വില നിയന്ത്രിക്കുന്നതിനായി ആവശ്യമെങ്കിൽ കരുതൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനും, കയറ്റുമതി-ഇറക്കുമതി നയം സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനുമാണ്, വിലകളുടെ ദൈനംദിന റിപ്പോർട്ടുകളും പ്രവണതകളും വിശകലനം ചെയ്യുന്നത്.

    വില റിപ്പോർട്ടിംഗ് കേന്ദ്രങ്ങൾ ദിനം പ്രതി വിലകൾ ശേഖരിക്കുന്ന കടകളുടെ പേരും വിലാസവും പോലുള്ള വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇത് ഓഫീസിൽ ലഭ്യമായ സമകാലികമല്ലാത്ത വിവരങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത് ഒഴിവാക്കുന്നു.

    ചില്ലറ വില റിപ്പോർട്ടിംഗിനുള്ള മാർ‌ഗ്ഗ നിർ‌ദ്ദേശങ്ങൾ‌ പ്രകാരം, ഒരേ ചരക്കുകളുടെ വിലകൾ‌ മൂന്ന്‌ വിപണികളിൽ നിന്ന് ശേഖരിക്കണം. ഉയർന്ന വരുമാന വിപണി, മധ്യ വരുമാന വിപണി, കുറഞ്ഞ വരുമാന വിപണി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന്‌ വിലകളുടെ ശരാശരിയാണ് റിപ്പോർട്ടു ചെയ്യേണ്ടത്. ശരാശരി വില കണക്കാക്കാനും റിപ്പോർട്ടുചെയ്യാനും മൊബൈൽ അപ്ലിക്കേഷനിൽ സംവിധാനമുണ്ട്.

    നാഫെഡ്, ട്രേഡ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിപണി വിവരങ്ങളും വില വിശകലനത്തിന് പരിഗണിക്കും.

    പെട്രോൾ-ഡീസൽ വില വർദ്ധനവിനെ തുടർന്ന് അവശ്യ സാധനങ്ങൾക്കും രാജ്യത്ത് വില കയറ്റം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വില കയറ്റം നിയന്ത്രിക്കാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തുന്നത്. അവശ്യ സാധനങ്ങളുടെ ദൈനംദിന വില നിലവാരം വിശകലനം ചെയ്തു ആവശ്യമായ ഇടപെടൽ നടത്താൻ അധികൃതരെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനാവശ്യമായ വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനും അധികൃതർ തയ്യാറെടുക്കുന്നുണ്ട്.

    അതേസമയം രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന പെട്രോൾ, ഡീസൽ വില ഇന്നലെ വീണ്ടും വർധിച്ചിരുന്നു. വിവിധ നഗരങ്ങളിൽ പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഉയർന്നത്. കേരളത്തിൽ ഇന്ധന വില സർവകാല റെക്കോർഡ് തകർത്ത് മുന്നേറുകയാണ്. ഒരു ലിറ്റർ പെട്രോളിന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് ഇന്ന്‌ മറികടന്നത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് 91.42 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 85.99 രൂപയും.
    Published by:Anuraj GR
    First published:
    )}