• HOME
 • »
 • NEWS
 • »
 • money
 • »
 • MONETARY POLICY COMMITTEE OF RBI KEPT THE REPO RATE UNCHANGED AT 4 PER CENT FOR THE SIXTH TIME IN A ROW

റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി ആർബിഐ ധനനയ കമ്മിറ്റി; റിവേഴ്സ് റിപ്പോ നിരക്ക് 3.35% ആയി തുടരും

മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയും ബാങ്ക് നിരക്കും 4.25 ശതമാനമായി തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

RBI

RBI

 • Share this:
  ന്യൂഡൽഹി: റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി ആർബിഐ ധനനയ കമ്മിറ്റി. റിപ്പോ നിരക്ക് 4 ശതമാനമായി തുടരുമെന്നും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയും ബാങ്ക് നിരക്കും 4.25 ശതമാനമായി തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിവേഴ്സ് റിപ്പോ നിരക്കും 3.35% ആയി തന്നെ തുടരും.

  സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ധനനയ പിന്തുണ അത്യാവശ്യമാണെന്ന് സമിതി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തിക്കൊണ്ട്, സാമ്പത്തികവളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ധനനയം അതേപടി തുടരാൻ തീരുമാനിച്ചതായി ആർബിഐയുടെ ദ്വൈമാസ ധനനയം ഓൺലൈനിലൂടെ പ്രഖ്യാപിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.

  Also Read- 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി: വിദഗ്ധ സമിതിയെ നിയോഗിക്കാൻ ധാരണ; നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

  ആർബിഐ കണക്കുപ്രകാരം 2021- 22 വർഷത്തിൽ യഥാർത്ഥ ജിഡിപി വളർച്ച 9.5 % ആയിരിക്കും. ആദ്യകോവിഡ് തരംഗത്തിൽ നിന്ന് വ്യത്യസ്തമായി, രണ്ടാം തരംഗത്തിൽ പ്രാദേശിക ഗതാഗത നിയന്ത്രണങ്ങൾ മാത്രം ആയത് കൊണ്ട്, സാമ്പത്തിക പ്രവർത്തനങ്ങൾ താരതമ്യേന നിയന്ത്രിക്കപ്പെടാത്തത് ആണ് ഇതിന് കാരണം എന്ന് അദ്ദേഹം വിശദീകരിച്ചു. സാധാരണഗതിയിലുള്ള മൺസൂൺ പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ ഗ്രാമീണ ആവശ്യകത ശക്തമായി തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.2021-22 ൽ ഉപഭോക്തൃ വില സൂചിക പെരുപ്പം 5.1 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആർബിഐ ഗവർണർ പറഞ്ഞു.

  സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സ്വീകരിച്ച മറ്റ് നടപടികൾ-

  1. നിരന്തര സമ്പർക്ക മേഖലകൾക്കായി ഓൺ-ടാപ്പ് ലിക്വിഡിറ്റി ജാലകം: 2022 മാർച്ച് 31 വരെ മൂന്നുവർഷ കാലയളവിലേക്ക്, റിപ്പോ നിരക്കിൽ, 15,000 കോടി രൂപയുടെ പ്രത്യേക വായ്പാ സംവിധാനം ആരംഭിക്കും. ഈ പദ്ധതിയിൻ കീഴിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ, സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, റെന്റ്-എ-കാർ സേവന ദാതാക്കൾ, പരിപാടി സംഘാടകർ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയ സേവന മേഖലകൾക്ക്, പുതുതായി വായ്പ പിന്തുണ ബാങ്കുകൾ മുഖേന നൽകാനാകും.

  2. വായ്പാ, വായ്പാ പുനക്രമീകരണം എന്നിവയ്ക്ക് വേണ്ടി സിഡ്ബിക്കായി 16,000 കോടി രൂപയുടെ പ്രത്യേക ധനസഹായം: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വായ്പ ആവശ്യങ്ങളെ ഇത് കൂടുതൽ പിന്തുണയ്ക്കും. ഒരു വർഷമായിരിക്കും ഇതിന്റെ കാലാവധി

  3. പ്രതിസന്ധി നിവാരണ ചട്ടക്കൂട് 2.0-യുടെ കീഴിൽ വായ്പാ പരിധി വർദ്ധിപ്പിക്കും: എം എസ് എം ഇ, എം എസ് എം ഇ ഇതര ചെറുകിട വ്യാപാരങ്ങൾ, വ്യാപാര ആവശ്യത്തിനായുള്ള വ്യക്തിഗത വായ്പ എന്നിവയുടെ വായ്പാ പരിധി 25 കോടിയിൽ നിന്നും 50 കോടിയായി വർധിപ്പിച്ചു.

  4. ബാങ്കുകളുടെ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് ചട്ടക്കൂടിനുള്ളിൽനിന്ന് കൊണ്ട്, ഗവൺമെന്റ് നിക്ഷേപങ്ങളിൽ ഇടപാടുകൾ നടത്തുന്നതിന് എഫ്‌പിഐ ക്ലയന്റുകൾക്ക് വേണ്ടി ഈട് നിൽക്കാൻ, അംഗീകൃത ഡീലർ ബാങ്കുകൾക്ക് അനുമതി നൽകി: ഇത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ നേരിടുന്ന പ്രവർത്തന തടസ്സങ്ങൾ ലഘൂകരിക്കുകയും ബിസിനസ്സ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

  5. പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്ക് ഇപ്പോൾ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ (സിഡികൾ) നൽകാം: കൂടാതെ, ചില നിബന്ധനകൾ‌ക്ക് വിധേയമായി, നിശ്ചിത കാലാവധിയിലേക്ക് സ്ഥിരനിക്ഷേപം നടത്തുന്നവർക്ക് കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് അവരുടെ നിക്ഷേപം തിരികെ വാങ്ങാൻ‌ അനുവദിക്കും. ഇത് ധന വിനിമയത്തെ കൂടുതൽ സുഗമാക്കും.

  6. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH), ആഴ്ചയിലെ എല്ലാ ദിവസവും (നിലവിൽ ബാങ്ക് പ്രവൃത്തി ദിവസങ്ങളിൽ മാത്രം ലഭ്യമാണ്) ലഭ്യമാക്കും. 2021 ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഈ നടപടി ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കും.
  Published by:Rajesh V
  First published:
  )}