ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോട് (Independence Day) അനുബന്ധിച്ച് കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഹർ ഘർ തിരംഗ (Har Ghar Tiranga) പദ്ധതിയുടെ ഭാഗമായി രാജ്യത്ത് അഞ്ഞൂറു കോടി രൂപയുടെ പതാകകൾ (National Flag) വിറ്റഴിച്ചതായി ട്രേഡേഴ്‌സ് ബോഡി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (Traders’ body Confederation of All India Traders (CAIT)). ആകെ 30 കോടി പതാകകൾ വിറ്റഴിച്ചതായും സിഐഎറ്റി അറിയിച്ചു. ഓഗസ്റ്റ് 13 നും 15 നും ഇടയിൽ മൂന്ന് ദിവസത്തേക്ക് ആളുകളെ അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താനോ പ്രദർശിപ്പിക്കാനോ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂലൈ 22 നാണ് ഈ ക്യാമ്പെയിൻ ആരംഭിച്ചത്. പ്രധാനമന്ത്രി മോദി തുടക്കം കുറിച്ച് 'ആസാദി കാ അമൃത് മഹോത്സവ്' (Azadi Ka Amrit Mahotsav) പദ്ധതിയുടെ ഭാഗമാണ് ഹർ ഘർ തിരംഗ ക്യാമ്പെയിൻ. 2021 മാർച്ചിലാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് പ്രഖ്യാപിച്ചത്.
20 ദിവസങ്ങൾ കൊണ്ടാണ് രാജ്യത്തെ വിവിധ സംരംഭകർ 30 കോടിയിലധികം പതാകകൾ നിർമിച്ചതെന്നും അവരുടെ കഴിവും പ്രയത്നവും എടുത്തു പറയേണ്ടതാണെന്നും സിഐഎടി പ്രസിഡന്റ് ബി സി ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 15 ദിവസങ്ങളിലായി സിഎഐടിയും രാജ്യത്തുടനീളമുള്ള വിവിധ ട്രേഡ് അസോസിയേഷനുകളും ചേർന്ന് മൂവായിരത്തിലധികം തിരംഗ പരിപാടികൾ സംഘടിപ്പിച്ചതായും അവർ അറിയിച്ചു.
കഴിഞ്ഞ മാസമാണ് കേന്ദ്രസർക്കാർ 2002 ലെ പതാക നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയത്. പോളിസ്റ്റർ, മെഷീൻ നിർമ്മിത പതാകകൾ, കൈകൊണ്ട് നൂൽക്കുന്നവ, കോട്ടൺ, കമ്പിളി, സിൽക്ക്, ഖാദി എന്നിവയെല്ലാം ഉപയോഗിച്ച് പതാക നിർമിക്കാൻ ഭേദഗതിയിലൂടെ അനുമതി ലഭിച്ചിരുന്നു. ഈ ഭേദഗതികൾ പതാകകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിച്ചെന്നും പത്ത് ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകിയെന്നും പ്രാദേശിക തയ്യൽക്കാരെ വലിയ രീതിയിൽ സഹായിച്ചെന്നും സിഎഐടി പറഞ്ഞു.
also read: ശവകുടീരങ്ങൾ കാണാൻ ഒരു ലോകയാത്ര; ഒരു കോടിക്കും മേലേ ചിലവിട്ട് UK പൗരൻ
കഴിഞ്ഞ വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ത്രിവർണ പതാകയുടെ വിൽപനയിൽ നിന്നും 150 മുതൽ 200 കോടിയുടെ വരെ വരുമാനമാണ് ലഭിച്ചിരുന്നത്. എന്നാൽ ഹർ ഘർ തിരംഗ പദ്ധതി ആവിഷ്കരിച്ചതു മൂലം ഈ വരുമാനം വർദ്ധിച്ചതായും ഖണ്ഡേൽവാളും ഭാരതിയയും പറഞ്ഞു.
see also : പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ജീവനക്കാരെ പിരിച്ചു വിടുമെന്ന സൂചനയുമായി ഗൂഗിൾ
റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബർ 2) എന്നീ ദിവസങ്ങളിലാണ് പൊതുവെ പതാകകളുടെ വിൽപന നടക്കാറുള്ളത്. എന്നാൽ കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ഈ ദേശീയ ഉത്സവങ്ങൾ ആഘോഷിക്കപ്പെട്ടിരുന്നില്ല. അതിനാൽ ഉപയോഗിക്കാത്ത സ്റ്റോക്കുകളും ഇത്തവണ വിപണിയിൽ എത്തിയിരുന്നെന്നും ട്രേഡേഴ്‌സ് ബോഡി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.