എറിക്സണ് പിഴയൊടുക്കാൻ അനിൽ അംബാനിയെ സഹായിച്ച് മുകേഷ് അംബാനി; മുകേഷിനും നിത അംബാനിക്കും നന്ദി പറഞ്ഞ് അനിൽ

റിലയന്‍സ് ഗ്രൂപ്പ് രണ്ടായി വിഭജിക്കപ്പെട്ടതിനു ശേഷം ഇതു രണ്ടാം തവണയാണ് സഹോദരന്റെ പ്രതിസന്ധിഘട്ടത്തില്‍ മുകേഷ് അംബാനി രക്ഷകനാകുന്നത്.

news18
Updated: March 20, 2019, 2:01 PM IST
എറിക്സണ് പിഴയൊടുക്കാൻ അനിൽ അംബാനിയെ സഹായിച്ച്  മുകേഷ് അംബാനി; മുകേഷിനും നിത അംബാനിക്കും നന്ദി പറഞ്ഞ് അനിൽ
മുകേഷ് അംബാനിയും അനിൽ അംബാനിയും
  • News18
  • Last Updated: March 20, 2019, 2:01 PM IST
  • Share this:
ന്യൂഡല്‍ഹി: സ്വീഡിഷ് കമ്പനിയായ എറിക്‌സണ് നല്‍കാനുള്ള പിഴ ഒടുക്കാന്‍ സഹായിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും സഹോദരനുമായ മുകേഷ് അംബാനിക്കും നിതാ അംബാനിക്കും നന്ദി പറഞ്ഞ് അനില്‍ അംബാനി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്(ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനി എറിക്‌സണ് പിഴയായി നല്‍കാനുള്ള 458.77 കോടി രൂപ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി തിങ്കളാഴ്ച കൈമാറിയിരുന്നു.

ഇതിനിടെ സുപ്രീകോടതിയുടെ വിധി അനുസരിച്ച് എറിക്‌സണ് 550 കോടി രൂപയും അതിന്റെ പലിശയും നല്‍കിയതായി ആര്‍കോം വക്താവ് അറിയിച്ചു.

എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപയില്‍ 118 കോടി ഫെബ്രുവരിയില്‍ ആര്‍കോം സുപ്രീംകോടതിയില്‍ കെട്ടിവച്ചിരുന്നു. 2014-ല്‍ ആണ് സ്വീഡിഷ് കമ്പനിയുമായി ആര്‍കോം കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പണം നല്‍കുന്നതില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എറിക്‌സണ്‍ കോടതിയെ സമീപിക്കുകയായിരുന്നു.

'വിഷമ ഘട്ടത്തില്‍ എനിക്കൊപ്പം നിന്ന എന്റെ മൂത്ത ജേഷ്ഠന്‍ മുകേഷ് അംബാനിക്കും നിതയ്ക്കും ആത്മാര്‍ഥമായി നന്ദി പറയുന്നു. ഈ സമയത്ത് സഹായിച്ചതിലൂടെ അവര്‍ കാത്തുസൂക്ഷിക്കുന്ന കുടുംബമൂല്യങ്ങളിലെ സത്യസന്ധതയാണ് വെളിവായിരിക്കുന്നത്. ഞാനും എന്റെ കുടുംബവും എന്നും അവരോട് കടപ്പെട്ടിരിക്കും.' - അനില്‍ അംബാനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഏറിക്‌സണ് പിഴ നല്‍കാത്തതില്‍ അനില്‍ അംബാനി കുറ്റക്കാരനാണെന്ന് ഫെബ്രുവരിയില്‍ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ പലിശ സഹിതം പിഴ ഒടുക്കിയില്ലെങ്കില്‍ അനില്‍ അംബാനിയും ആര്‍കോം ഡയറക്ടര്‍മാരും മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കോടതി അനുവദിച്ച സമയപരിധി ചൊവ്വാഴ്ച അവസാനിരിക്കെയാണ് ആര്‍കോം പിഴ ഒടുക്കിയത്.

റിലയന്‍സ് ഗ്രൂപ്പ് രണ്ടായി വിഭജിക്കപ്പെട്ടതിനു ശേഷം ഇതു രണ്ടാം തവണയാണ് സഹോദരന്റെ പ്രതിസന്ധിഘട്ടത്തില്‍ മുകേഷ് അംബാനി രക്ഷകനാകുന്നത്.

2018-ല്‍ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ആര്‍കോമിന്റെ വയര്‍ലെസ് ആസ്തി 3,000 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ കടന്നുവരവോടെ ഉണ്ടായ വിലക്കുറവിനെ അതിജീവിക്കാന്‍ ആര്‍കോം കഷ്ടപ്പെടുന്നതിനിടെയായിരുന്നു ഇത്.

തിങ്കളാഴ്ച ആര്‍കോമിന്റെ ഓഹരി 9.3 ശതമാനം വിലയിടിഞ്ഞ് നാലു രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി നഷ്ടത്തെ തുടര്‍ന്ന് 2017 ഓടെ വയര്‍ലെസ് ബിസിനസ് അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വരുമാനം കുത്തനെ ഇടിഞ്ഞത് 46,000 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുണ്ടാക്കിയത്.

ഇതിനിടെ ആദായ നികുതി റിട്ടേണായി ലഭിച്ച 260 കോടി രൂപ എറിക്‌സണ് നല്‍കി കുടിശിക തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഇടപെടല്‍ അന്ന് തരിച്ചടിയായി. റിട്ടേണായി ലബിച്ച പണം എസ്.ബി.ഐയുടെ വായ്പാ കുടിശിക തീര്‍ക്കാന്‍ ട്രിബ്യൂണല്‍ കമ്പനിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

2013-ലെ കരാര്‍ പ്രകാരം 1500 കോടി രൂപ കുടിശിക വരുത്തിയെന്നു കാട്ടി 2017-ല്‍ ആര്‍കോമിനെതിരെ എറിക്‌സണ്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമയുദ്ധത്തിന് തുടക്കമായത്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നിന്നും ഈ കേസ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ എത്തിയതോടെയാണ് സെപ്തംബര്‍ 30-ന് മുമ്പ് 550 കോടി നല്‍കാമെന്ന ഒത്തുതീര്‍പ്പില്‍ ഇരു കമ്പനികളും എത്തിച്ചേരുകയായിരുന്നു.

എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് എറിക്‌സണ്‍ ആര്‍കോമിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. 2018 ഡിസംബര്‍ 15-ന് മുന്‍പ് പണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അത് പാലിക്കാന്‍ ആര്‍കോമിന് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് ആര്‍കോം ചെയര്‍മാന്‍ അനില്‍ അംബാനിക്കും കമ്പനി ഡയറക്ടര്‍മാക്കും എതിരെ എറിക്‌സണ്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്തു. ഈ ഹര്‍ജിയിലാണ് മാര്‍ച്ച് 19-ന് മുന്‍പ് പലിശ ഉള്‍പ്പെടെ പണം നല്‍കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്.
First published: March 18, 2019, 11:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading