ട്വിറ്ററിൽ ഇലോൺ മസ്കിന്റെ പരിഷ്കാരങ്ങൾ തുടരുന്നു. ട്വിറ്റർ നേതൃസ്ഥാനത്തേക്ക് മസ്ക് വന്നതിനു പിന്നാലെ നിരവധി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് വാർത്തയായിരുന്നു. ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്ത് മസ്ക് ലേലം നടത്താനൊരുങ്ങുകയാണ്. ട്വിറ്റർ ആസ്ഥാനത്ത് ഭക്ഷണത്തിനു വേണ്ടി മാത്രം 13 മില്യൺ ഡോളറാണ് ട്വിറ്റർ ചെലവാക്കുന്നത് എന്ന മസ്കിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പുതിയ വാർത്ത. ചെലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിലെ പല ഉപകരണങ്ങളും മസ്ക് ലേലത്തിന് വെക്കുകയാണത്രേ.
Also Read- ആള്‍ട്ടോ മുതല്‍ വാഗണ്‍ ആര് വരെ; ഡിസംബറില്‍ വന്‍ ഡിസ്കൗണ്ടുകളുമായി മാരുതി സുസുക്കി
സ്ഥാപനത്തിലെ 265 അടുക്കള ഉപകരണങ്ങളും ഓഫീസ് ഫർണിച്ചറുകളുമെല്ലാം ലേലത്തിന് വെച്ചിട്ടുണ്ട്. വെറും 25 ഡോളർ അതായത് 2,060.51 ഇന്ത്യൻ രൂപയ്ക്കാണ് ലേലം ആരംഭിക്കുന്നത്. ജനുവരി 17 നാണ് ലേലം ആരംഭിക്കുന്നത്. 18 ന് ലേലം അവസാനിക്കുകയും ചെയ്യും. അടുക്കള ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ, സ്മരണികകൾ തുടങ്ങിയവയെല്ലാം ലേലത്തിനുണ്ട്.
ട്വിറ്റർ പക്ഷിയേയും ലേലത്തിനു വെച്ചിട്ടുണ്ട്. 25 ഡോളറാണ് ലേലം തുടങ്ങുന്നത്. ഓഫീസ് ചെയറുകൾ, കോഫി ഗ്രൈന്റർ, എസ്പ്രസ്സോ മെഷീൻ, കെറ്റിലുകൾ, പിസ്സ മേക്കറുകൾ, ഓവനുകൾ, ബാർ റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ഫ്രീസറുകൾ, മൊബൈൽ ഹീറ്റഡ് കാബിനുകൾ, ഐസ് മേക്കിങ് മെഷീൻ, ഫ്രൈയേർസ്, ലേസർ പ്രൊജക്ടേറുകൾ തുടങ്ങിയവയെല്ലാമാണ് ലേലത്തിനുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.