എല്ലാ ഗുണഭോക്താക്കള്‍ക്കും അര ഡസനിലധികം പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണ്ണമായും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെ സ്വാതന്ത്രദിന പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്എ) മഹത്തായ ഒരു പദ്ധതിയാണ് രാജ്യത്ത് ആവിഷ്കരിച്ചിരിക്കുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഈ വര്‍ഷം കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം
രാജ്യത്തെ 50 കോടി ഗുണഭോക്താക്കള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിന് അനുസരിച്ച് പദ്ധതി വേഗത്തിലാക്കാന്‍ ജൂണില്‍ അധികാരമേറ്റതിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ബുധനാഴ്ച മന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ പദ്ധതി 2 കോടി പേര്‍ക്ക് സൗജന്യ ആശുപത്രി പ്രവേശനവും 12 കോടി ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളും നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 10 കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ ജനങ്ങളില്‍ എത്തിക്കാനും സൗജന്യ ആശുപത്രി പ്രവേശനം വര്‍ദ്ധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2018-ലാണ് പദ്ധതി ആരംഭിച്ചത്.
ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ 12 കോടി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് മൂന്ന് വര്‍ഷമെടുത്തതിനാല്‍ ഇത് ഒരു വലിയ ലക്ഷ്യമാണ്. കഴിഞ്ഞ വര്‍ഷം അവസാനം വരെ, 7.217 ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്.
2011ലെ സാമൂഹിക-സാമ്പത്തിക സെന്‍സസ് പ്രകാരം 53 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ നേട്ടം ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 10 കോടി ഗുണഭോക്താക്കള്‍ക്ക് എന്‍എച്ച്എ കാര്‍ഡുകള്‍ നല്കാന് പദ്ധതിയിട്ടിട്ടുണ്ടെന്ന് ആരോ?ഗ്യ മന്ത്രി മാണ്ഡവ്യ പറഞ്ഞു. പദ്ധതി നടപ്പിലായാല്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ വിതരണം ചെയ്ത കാര്‍ഡുകളുടെ ആകെ എണ്ണം 19 കോടിയാകും.
ഓരോ പാദത്തിലും 50 ലക്ഷം ആശുപത്രി പ്രവേശനമാണ് ലക്ഷ്യമിടുന്നതെന്നും എന്‍എച്ച്എ മന്ത്രിയോട് പറഞ്ഞു. ഇത് 2021ന്റെ ആദ്യ പാദത്തില്‍ പദ്ധതി പ്രകാരം നേടിയ 24 ലക്ഷം അഡ്മിഷനുകളുടെ ഇരട്ടിയിലധികം വരും.
സ്വകാര്യ ആശുപത്രികളെ ആകര്‍ഷിക്കുന്നതിനുള്ള പാക്കേജ്
പദ്ധതിയിലെ പാക്കേജ് നിരക്കുകള്‍ വളരെ കുറവാണെന്ന് സ്വകാര്യ ആശുപത്രികള്‍ പരാതിപ്പെടുന്നുണ്ടെന്നും അതിനാല്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്നില്ലെന്നും എന്‍എച്ച്എ മാണ്ഡവ്യയോട് പറഞ്ഞു. പദ്ധതിയുടെ കീഴിലുള്ള രാജ്യത്തൊട്ടാകെയുള്ള 22,988 ആശുപത്രികളില്‍ 41% സ്വകാര്യ ആശുപത്രികളാണ്.
സ്വകാര്യ ആശുപത്രികള്‍ക്ക് ഈ പദ്ധതി കൂടുതല്‍ ആകര്ഷകമാകുന്നതിനായി ആശുപത്രി നടപടിക്രമങ്ങളുടെ പാക്കേജ് ചെലവ് യുക്തിസഹമാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോഗ്യമന്ത്രിയെ അറിയിച്ചു. എന്നിരുന്നാലും, നിരക്കുകളില്‍ നേരിയ വര്‍ദ്ധനവ് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.
ആയുഷ്മാന്‍ ഭാരതിന്റെയും ഉജ്ജ്വല പദ്ധതിയുടെയും പ്രാധാന്യം രാജ്യത്തെ എല്ലാ പാവങ്ങള്‍ക്കും അറിയാമെന്ന് ഞായറാഴ്ച സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ''ഇന്ന് സര്‍ക്കാര്‍ പദ്ധതികളുടെ വേഗത വര്‍ദ്ധിക്കുകയും അവ ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നുണ്ട്. നമ്മള് മുമ്പത്തേതിനേക്കാള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇത് ഇവിടെ അവസാനിക്കുന്നില്ല. എല്ലാ ഗ്രാമങ്ങളിലും റോഡുകള്‍ ഉണ്ടായിരിക്കണം, എല്ലാ വീടുകളിലും ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം, എല്ലാ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളും യോഗ്യരായ എല്ലാ വ്യക്തികള്‍ക്കും ഉജ്ജ്വല യോജനയുടെ ആനുകൂല്യം ലഭിക്കുകയും ഗ്യാസ് കണക്ഷനുകള്‍ ലഭിക്കുകയും വേണം'' എന്നാണ് മോദി സ്വാതന്ത്ര ദിന പ്രസംഗത്തില്‍ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.