കൊച്ചി: സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ പദ്ധതി ഫാസ്റ്റ് ട്രാക്കിൽ. നേരത്തെ ആഭ്യന്തര ഓപ്പറേഷൻ നടത്തിയിരുന്ന രണ്ടാം ടെർമിനലിന് ഒരുലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. ഇതാണ് ഇപ്പോൾ നവീകരിക്കുന്നത്. ഇത് മൂന്ന് ബ്ലോക്കായി തിരിക്കും. മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കിൽ ബിസിനസ് ജെറ്റ് ടെർമിനൽ നിർമിക്കും. മൂന്ന് എക്സിക്യൂട്ടീവ് ലോഞ്ചുകൾ, കസ്ററംസ്, ഇമിഗ്രേഷൻ സംവിധാനങ്ങൾ ഇവിടെയുണ്ടാകും. രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. വി.വി.ഐ.പി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റ് യാത്രക്കാർക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്റ് ഉൾപ്പെടെയുള്ള വി.വി.ഐ.പിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാൻ ഇതിലൂടെ കഴിയും. ശേഷിക്കുന്ന 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാവും ഇവിടെ പണികഴിപ്പിക്കുക.
വാടക പ്രതിദിന നിരക്കിൽ ഈടാക്കുന്നതിന് പകരം, മണിക്കൂർ നിരക്കിൽ ഈടാക്കുന്നതോടെ ലഘുസന്ദർശനത്തിനെത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിൽത്തന്നെ താമസിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. ഒന്ന്, രണ്ട് ബ്ലോക്കുകൾ ഒരുവർഷത്തിനകം പൂർത്തിയാക്കാനാണ് സിയാൽ പദ്ധതിയിടുന്നത്.
കേന്ദ്രസർക്കാർ ഏജൻസികളായ കസ്റ്റംസ്, ഇമിഗ്രേഷൻ, സി.ഐ.എസ്.എഫ് എന്നിവ സംയുക്തമായി പരിശോധന നടത്തിയതോടെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ബിസിനസ് ജെറ്റ് ടെർമിൽ പദ്ധതി ഫാസ്റ്ട്രാക്കിലായി. നേരത്തെ ആഭ്യന്തര ഓപ്പറേഷന് ഉപയോഗിച്ചിരുന്ന ടി-2-ൽ ബിസിനസ് ജെറ്റ് ടെർമിനൽ, വി.ഐ.പി. സേഫ് ഹൗസ്, ട്രാൻസിറ്റ് ഹോട്ടൽ എന്നിവ പണികഴിപ്പിക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്.
Also Read-പ്രവാസികള്‍ക്ക് ഓണോപഹാരം; കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ഒരുക്കി സിയാല്‍
കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫ് ഐ.ആർ.എസ്, ഫോറിനേഴ്സ് റീജിയണൽ റജിസ്ട്രേഷൻ ഓഫീസർ അനൂപ് കൃഷ്ണൻ ഐ.പി.എസ്, സി.ഐ.എസ്.എഫ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് സീനിയർ കമാൻഡന്റ് സുനിത് ശർമ എന്നിവരടങ്ങിയ സംഘമാണ് ടെർമിനൽ -2 ൽ പരിശോധന നടത്തിയത്. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ.എ.എസ് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.
ഔപചാരികമായ അനുമതിയ്ക്കുവേണ്ടി പദ്ധതിയെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംയുക്ത സമിതി സിയാലിന് നിർദേശം നൽകി. കേന്ദ്ര ഏജൻസികൾ സംയുക്ത പരിശോധന നടത്തിയത് സിയാലിന്റെ പ്രോജക്ട് ടീമിന് ആത്മവിശ്വാസം പകർന്നിട്ടുണ്ടെന്ന് എസ് സുഹാസ് പറഞ്ഞു. ' അനുമതി നടപടികൾക്ക് തുടക്കമായതോടെ ടെർമിനൽ-2 ന്റെ പുനരുദ്ധാരണ പ്രവൃത്തികൾ സെപ്റ്റംബറിൽ ആരംഭിക്കാനുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സിയാൽ നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കുകയാണ്.
വിമാനത്താവളത്തിന്റെ വരുമാനം വർധിപ്പിക്കുന്ന പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്. ചെയർമാനും ഡയറക്ടർ ബോർഡും ഏറെ മുൻഗണന നൽകുന്ന പദ്ധതിയായണ് ബിസിനസ് ജെറ്റ് ടെർമിനൽ '' സുഹാസ് പറഞ്ഞു. പദ്ധതികൾ പ്രവർത്തികമാകുന്നത്തോടെ സിയാൽ പുതിയ നേട്ടങ്ങൾക്ക് കൂടി അർഹമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.