പണം പിൻവലിക്കൽ, നിക്ഷേപം (cash withdrawal and deposit) എന്നിവ സംബന്ധിച്ച് രാജ്യത്ത് ഇന്ന് മുതൽ (മെയ് 26, 2022) നിർണായക മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സഹകരണ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു സാമ്പത്തിക വർഷം (financial year), 20 ലക്ഷം രൂപയിലധികം പിൻവലിക്കുന്നതിന് ഇനി മുതൽ പൗരൻമാർ അവരുടെ പാൻ നമ്പറോ (PAN (permanent account number) ആധാർ നമ്പറോ (Aadhaar number) നൽകേണ്ടി വരും. അക്കൗണ്ട് തുറക്കുന്ന സമയത്തും ഈ നിയമങ്ങൾ ബാധകമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (Central Board of Direct Taxes) പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു.
ഉപഭോക്താക്കൾ പാൻ നമ്പറോ ആധാർ നമ്പറോ നൽകിയിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പാൻ നമ്പറോ ആധാർ നമ്പറോ ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടർ ജനറലിനോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ വ്യക്തിക്കോ സമർപ്പിക്കണം എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുമ്പോൾ മാത്രമേ പാൻ നമ്പർ ആവശ്യമായിരുന്നുള്ളൂ. റൂൾ 114 ബി പ്രകാരം പണം നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ വാർഷിക പരിധി ഉണ്ടായിരുന്നില്ല.
ഇടപാടുകൾ നടത്തുന്നവർക്ക് പാൻ കാർഡ് ഇല്ലെങ്കിൽ ഇടപാട് നടത്താൻ ഉദ്ദേശിക്കുന്നതിന് കുറഞ്ഞത് 7 ദിവസം മുമ്പെങ്കിലും പാൻ കാർഡിന് അപേക്ഷിക്കണം എന്ന് ടാക്സ് ബഡി. കോം (Taxbuddy.com) സ്ഥാപകൻ സുജിത് ബംഗാർ ന്യൂസ് 18 നോട് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ വലിയ പണമിടപാടുകൾ നിരീക്ഷിക്കാൻ ആദായനികുതി വകുപ്പിന് കഴിയുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പാൻ കാർഡ് ഇല്ലാത്തവരുടെയും പാൻ നമ്പറും ആധാറും ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെയും വിശദാംശങ്ങൾ രേഖപ്പെടുത്താൻ പുതിയ നിയമം ബാങ്കുകളെ സഹായിക്കും. പാൻ കാർഡ് ഇല്ലെന്ന് പറഞ്ഞ് ഉയർന്ന നിക്ഷേപങ്ങളും പിൻവലിക്കലുകളും നടത്തുമ്പോൾ ഉണ്ടാകുന്ന തട്ടിപ്പുകൾ പരിഹരിക്കാനും സാധിക്കുമെന്ന് നീരജ് ഭഗത് ആൻഡ് കമ്പനി എംഡി സിഎ രുചിക ഭഗത് ന്യൂസ് 18 നോട് പറഞ്ഞു.
ചിലർക്ക് ഒന്നിലധികം പാൻ നമ്പറുകൾ ഉണ്ടെന്നും ഒന്നിലധികം പേർക്ക് ഒരേ പാൻ നമ്പർ അനുവദിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാൻ-ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയിരുന്നു. പാൻ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പാൻ സർവീസ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്ത് ഇവ തമ്മിൽ ബന്ധിപ്പിക്കാം. അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്നും 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.