അദാനി എന്റർപ്രൈസ് നേരിടുന്ന തിരിച്ചടികളെക്കുറിച്ച് പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സിഎന്‍ബിസി ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ ഓഹരി വിപണി വളരെ ശക്തമാണെന്നും റെഗുലേറ്റർമാർ വളരെ കർശനമായാണ് പ്രവർത്തിക്കുന്നതെന്നും മുൻ വർഷങ്ങളിലെല്ലാം ഇതു സംബന്ധിച്ച് രാജ്യം വലിയ പാഠങ്ങൾ പഠിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. എല്‍ഐസി, എസ്ബിഐ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പുമായി പരിധി വിട്ട സാമ്പത്തിക ഇടപാട് ഉണ്ടായിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
”എസ്ബിഐയും എൽഐസിയും അദാനിയെക്കുറിച്ച് വിശദമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തങ്ങൾക്ക് അദാനി ഗ്രൂപ്പുമായി പരിധി വിട്ട സാമ്പത്തിക ഇടപാട് ഉണ്ടായിട്ടില്ല എന്നും അവർ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്”, മന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
അമേരിക്കയിലെ റിസർച്ച് സ്ഥാപനമായ ഹിൻഡൻബെർഗ് റിസർച്ച് (Hindenburg Research) പുറത്തുവിട്ട റിപ്പോർട്ടിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരി മൂല്യം വർധിപ്പിച്ച് കാണിക്കുകയാണെന്ന് റിപ്പോർട്ടിൽ ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിരസിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തുകയും ചെയ്തു. 413 പേജ് വരുന്ന വിശദീകരണമാണ് അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾക്ക് ബദലായി നൽകിയത്.
അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, പ്രത്യേക സാമ്പത്തിക മേഖല (Special Economic Zone), അംബുജ സിമന്റ്സ് എന്നിവയെല്ലാം ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും നിരീക്ഷണത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.