ഇന്ത്യയിലെ (India) ഡിജിറ്റല്‍ വിപ്ലവം (digital revolution) അമേരിക്കയ്ക്ക് (america) കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന് (Nirmala Sitaraman). 'ഇന്ത്യയുടെ ഓപ്പണ്‍ നെറ്റവര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് ഉല്‍പ്പാദന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്' ഡല്‍ഹിയില്‍ നടന്ന ഒരു ബിസിനസ് കോണ്‍ഫറന്‍സില്‍ ധനമന്ത്രി വ്യക്തമാക്കി. ഇത് വിദേശ കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നതായും നിര്‍മ്മല കൂട്ടിച്ചേര്‍ത്തു.
ഓപ്പണ്‍ പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ ടെക്നോളജി നെറ്റ്വര്ക്കായ ONDC ഏപ്രിലില്‍ അഞ്ച് നഗരങ്ങളില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും പരസ്പരം ബന്ധപ്പെടാന്‍ ഈ പ്ലാറ്റ്ഫോം അവസരമൊരുക്കുന്നു. വരും ആഴ്ചകളിൽ നെറ്റ്വര്‍ക്ക് പങ്കാളികളുടെ എണ്ണം വര്‍ദ്ധിച്ച് 30ലധികം ആകുമെന്നാണ് കണക്കു കൂട്ടല്‍. ഇതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ പൊതു ഉപയോക്താക്കളുമായി പദ്ധതിയുടെ രണ്ടാം ടെസ്റ്റിംഗ് ആരംഭിക്കും.
രാജ്യത്തെ നിക്ഷേപ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് നിര്‍മ്മല സീതാരാമന് നേരത്തെ നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. നിക്ഷേപകര്‍ തമ്മില്‍ എപ്പോഴും പരസ്പരം ഇടപെഴകണമെന്നും അവരുടെ ആശങ്കകളും പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും സാന്‍ഫ്രാന്‍സിസ്കോയില്‍ 'ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിലെ നിക്ഷേപം' എന്ന വിഷയത്തില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ സീതാരാമൻ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനുപുറമെ, യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളുടെ മൂല്യം ഈ വര്‍ഷം ഓഗസ്റ്റില്‍ 10.73 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ മാസത്തേക്കാള്‍ നേരിയ വര്‍ദ്ധനവാണിത്. 2022 ജൂലൈയില്‍ യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇടപാട് മൂല്യം 10.63 ലക്ഷം കോടി രൂപയായിരുന്നു. യുപിഐ ഇടപാടുകളുടെ മൊത്തം മൂല്യം ഈ വര്‍ഷം ഓഗസ്റ്റില്‍ 6.57 ബില്യണ്‍ രൂപയാണ് (657 കോടി). കഴിഞ്ഞ മാസം ഇത് 6.8 ബില്യണ്‍ കോടിയായിരുന്നു. ജൂണില്‍ 5.86 ബില്യണ്‍ ഇടപാടുകളാണ് നടന്നത. 10.14 കോടിയാണ് ഇതിന്റെ ഏകദേശ വില.
കഴിഞ്ഞ ആഗസ്റ്റില്‍ ഐഎംപിഎസ് അടിസ്ഥാനമാക്കിയുള്ള 4.46 ലക്ഷം കോടി മൂല്യമുള്ള ട്രാന്‍സാക്ഷനുകളാണ് നടന്നത്. ആകെ ട്രാന്‍സാക്ഷനുകളുടെ മൂല്യം 46.69 കോടിയാണ്. ജൂലൈയിലാകട്ടെ മൊത്തം 46.08 കോടി ഇടപാടുകള്‍ നടന്നപ്പോള്‍ ഇതിന്റെ മൂല്യം 4.45 ലക്ഷം കോടിയില്‍ എത്തിയിരുന്നു.
ടോള്‍പ്ലാസകളിലെ ഫാസ്റ്റ്ടാഗ് സംവിധാനം മുഖേനെ 4,245 കോടിയുടെ ഇടപാടുകളാണ് ആഗസ്റ്റില്‍ നടന്നത്. തൊട്ട് മുന്‍പുള്ള മാസം ഇത് 4,162 ആയിരുന്നു. ഇടപാടുകളുടെ എണ്ണമെടുത്താല്‍ ജൂലൈയില്‍ 26.5 കോടി ആയിരുന്നത് ആഗസ്റ്റില്‍ 27 കോടിയായി ഉയര്‍ന്നു.
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പേമെന്റുകളുടെ കാര്യത്തില്‍ ആഗസ്റ്റില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റില്‍ 27,186 കോടി ഇടപാടുകളാണ് ഇത്തരത്തില്‍ നടന്നത്. മുന്‍പത്തെ മാസം ഇത് 30,199 കോടിയായിരുന്നു. ഇടപാടുകളുടെ എണ്ണം 11 കോടിയില്‍ നിന്ന് 10.56 കോടിയാണ് കുറഞ്ഞത്.
അതേസമയം ഇന്ത്യയില്‍ ഉടന്‍ തന്നെ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള സാര്‍വത്രിക വിദ്യാഭ്യാസത്തിന് പ്രവേശനം നല്കുന്ന ഒരു ഡിജിറ്റല്‍ സര്‍വ്വകലാശാലയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഓരോ കുട്ടികള്‍ക്കും അവരുടെ വീട്ടിലിരുന്ന് വ്യക്തിഗത പഠനം നടത്താന്‍ അതുവഴി അവസരം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാലയെ ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയിലാവും സജ്ജമാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.