അടുത്ത ഒരു വർഷത്തിനുള്ളിൽ പല ലോക രാജ്യങ്ങളിലെയും സമ്പദ്വ്യവസ്ഥകൾ മാന്ദ്യം നേരിടാൻ സാധ്യതയുണ്ടെങ്കിലും ഇന്ത്യ വലിയൊരു പ്രതിസന്ധിയിലേക്ക് വഴുതിവീഴാനുള്ള സാധ്യതയില്ലെന്ന് ബ്ലൂം ബർഗ് സർവേ (Bloomberg survey). എന്നാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ഏഷ്യയിൽ സാമ്പത്തിക മാന്ദ്യം (Recession) ഉണ്ടാകാനുള്ള സാധ്യത 20 മുതൽ 25 ശതമാനം വരെയാണെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.
ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക, അടുത്ത ഒരു വർഷത്തിനുള്ളിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കാനുള്ള സാധ്യത 85 ശതമാനമാണെന്നും സർവേയിൽ പറയുന്നു. ന്യൂസിലാൻഡ്, തായ്വാൻ, ഓസ്ട്രേലിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ യഥാക്രമം 33 ശതമാനം, 20 ശതമാനം, 20 ശതമാനം, 8 ശതമാനം എന്നിങ്ങനെയാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയെന്നും സർവേയിൽ പറയുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴാൻ 20 ശതമാനം സാധ്യതയുണ്ടെന്നും ദക്ഷിണ കൊറിയയോ ജപ്പാനോ ഈ പ്രതിസന്ധി നേരിടാനുള്ള സാധ്യത 25 ശതമാനം ആണെന്നും സർവേ വ്യക്തമാക്കുന്നു.
സർവേ അനുസരിച്ച്, അടുത്ത ഒരു വർഷത്തിനുള്ളിൽ ഏഷ്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത 20 മുതൽ 25 ശതമാനം വരെയാണ്. അതേസമയം അമേരിക്കയിൽ ഇതിനുള്ള സാധ്യത ഏകദേശം 40 ശതമാനമാണ്. യൂറോപ്പിലെ സാധ്യത 50 മുതൽ 55 ശതമാനം വരെയാണെന്നും സർവേ പറയുന്നു.
Also Read-
നമ്പർ പറയാതെ മാറ്റിവെച്ച ടിക്കറ്റിന് 75 ലക്ഷം; ചില്ലറ മാറാൻപോയ വഴി വന്ന ഭാഗ്യം; വിശ്വസിക്കാനാകാതെ സന്ധ്യമോൾ
ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി തീവ്രത കുറഞ്ഞതും ഹ്രസ്വകാലത്തേക്ക് ഉള്ളതും ആയിരിക്കുമെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നത്. സാമ്പത്തിക മാന്ദ്യം ആഗോളതലത്തിൽ ചരക്കുകളുടെ വില കുറയ്ക്കുമെന്നും ഇവർ പറയുന്നു. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സമയങ്ങളിൽ രാജ്യത്തിന് ആശ്വാസമാകുമെന്നും സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നു.
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കുമോ എന്ന ചോദ്യത്തിന് അത് മാന്ദ്യത്തിന്റെ തീവ്രതെ ആശ്രയിച്ചിരിക്കുമെന്നാണ് ക്രിസിൽ ചീഫ് ഇക്കണോമിസ്റ്റ് ഡി കെ ജോഷി നൽകിയ മറുപടി. ''നിലവിലെ സ്ഥിതി അനുസരിച്ച് അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന് വലിയ തീവ്രത ഉണ്ടാകില്ല. എന്നാൽ ഇത് ഇന്ത്യയുടെ കയറ്റുമതിയെ മന്ദഗതിയിലാക്കും. പക്ഷേ, ആഗോളതലത്തിൽ ചരക്കു വില കുറയുകയും ചെയ്യും. നമ്മെ സംബന്ധിച്ചിടത്തോളം അത് പോസിറ്റീവ് ആയ മാറ്റമാണ്. അതിനാൽ, ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച്, രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സാധ്യതയില്ല'', ഡി കെ ജോഷി ന്യൂസ് 18 നോട് പറഞ്ഞു.
ഇന്ത്യ കുറച്ചുകാലത്തേക്ക് സാമ്പത്തിക മാന്ദ്യം നേരിട്ടേക്കാമെന്നും എന്നാൽ അത് രാജ്യത്തെ നെഗറ്റീവായി ബാധിക്കില്ലെന്നും ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് ന്യൂസ് 18 നോട് പറഞ്ഞു. ആഗോളതലത്തിൽ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾ ഉണ്ടായാലും ഏത് വലിയ ആഘാതത്തിൽ നിന്നും ഇന്ത്യയെ കര കയറ്റാൻ രാജ്യത്തെ ആഭ്യന്തര സാമ്പത്തിക ഘടകങ്ങൾ സഹായിക്കുമെന്നും സബ്നാവിസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.