സൊമാറ്റോയിലൂടെയും (Zomato) സ്വിഗ്ഗിയിലൂടെയും ( Swiggy) ഭക്ഷണത്തിന് ഓഡർ നൽകി കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനിമുതൽ ഓഡർ ചെയ്ത ഭക്ഷണം നിങ്ങളുടെ അടുത്തെത്താൻ കുറച്ച് വൈകിയേക്കും. ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരുടെ (delivery executive) എണ്ണം കുറഞ്ഞത് ഈ ഫുഡ് ഡെലിവറി കമ്പനികളെ പ്രതിസിന്ധിയിൽ ആക്കിയിരിക്കുകയാണ്.
വിവിധ കാരണങ്ങളാൽ സ്വിഗ്ഗിയും സൊമാറ്റോയും ഇപ്പോൾ ഡെലിവറി എക്സിക്യൂട്ടീവുകളുടെ എണ്ണത്തിൽ കുറവ് നേരിടുന്നുണ്ട്. വരും ദിനങ്ങളിൽ ഇത് അവരുടെ സേവനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മെട്രോ നഗരങ്ങളിലെ പല ചരക്കും അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്ന സൂപ്പർഡെയ്ലി (Supr Daily) സേവനം നിർത്തലാക്കാനുള്ള നടപടികൾ ഇതിനകം തന്നെ സ്വിഗ്ഗി തുടങ്ങി കഴിഞ്ഞു. കൂടാതെ സ്വിഗ്ഗി ജീനി സേവനവും താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
ഇരു കമ്പനികളുടെയും ഡെലിവറി എക്സിക്യൂട്ടീവിന്റെ എണ്ണത്തിൽ ഉണ്ടായ കുറവ് പല മേഖലകളിലും സേവനം ലഭ്യമാകുന്നതിൽ കാലതാമസം നേരിടാൻ കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ ഓർഡറുകളുടെ എണ്ണത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാം. ഈ സാഹചര്യം തുടരുന്നത് കമ്പനികളുടെ മൊത്തം ബിസിനസിനും തിരിച്ചടിയാകും.
മറ്റ് മേഖലകളിലെ അവസരങ്ങൾ ഉയർന്നത് സ്വിഗ്ഗിയിലെയും സൊമാറ്റോയിലെയും ഫുഡ് ഡെലിവറി എക്സിക്യൂട്ടീവുകൾ അകന്നു പോകാൻ കാരണമായിട്ടുണ്ട്. ഇതിനുപുറമെ, സമീപകാലത്തെ ഉഷ്ണ തരംഗവും ഉയർന്ന ചൂടും ഡെലിവറി എക്സിക്യൂട്ടീവുകളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഉയർന്ന ചൂടാണ് വെല്ലുവിളിയാകുന്നതെങ്കിൽ മറ്റ് ചില സ്ഥലങ്ങളിൽ ശക്തമായ മഴയാണ് വിതരണക്കാരെ വലയ്ക്കുന്നത്.
സ്വിഗ്ഗിയിലെ പ്രതിസന്ധി
ജീവനക്കാരുടെ കുറവ് കാരണം പല ഉപഭോക്താക്കൾക്കും അവർ നൽകിയ ഓർഡറുകൾ ലഭിക്കുന്നതിൽ താമസം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ‘സ്വിഗ്ഗി ജീനി’ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) സീസണിൽ ഭക്ഷ്യവിതരണ രംഗത്തെ ആവശ്യകത കുതിച്ചുയർന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഫുഡ് ഡെലിവറിയ്ക്ക് മുൻഗണന നൽകേണ്ടതിനാലാണ് ചില നഗരങ്ങളിൽ ജീനി സേവനങ്ങൾ നിർത്തലാക്കിയതെന്നും ഉടൻ തന്നെ ജീനി സേവനങ്ങൾ ഇവിടെ പുനരാരംഭിക്കുമെന്നും ആണ് സ്വിഗ്ഗി അറിയിച്ചിരിക്കുന്നത്. 68 നഗരങ്ങളിൽ 65 നഗരങ്ങളിലും ഇപ്പോൾ ജീനി സേവനങ്ങൾ പ്രാബല്യത്തിൽ ഉണ്ട്.
പലചരക്കുകളും അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്ന സൂപ്പർ ഡെയ്ലി സേവനം ഡൽഹി-എൻസിആർ, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളിൽ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബിസിനസ്സ് പുക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നഗരങ്ങളിലെ പ്രവർത്തനം നിർത്തിവെയ്ക്കുന്നതെന്നും ബാംഗ്ലൂരിലെ ഉപയോക്താക്കൾക്ക് സേവനം നൽകുന്നത് തുടരുമെന്നും സൂപ്പർ ഡെയ്ലിയുടെ സിഇഒ ഫാനി കിഷൻ അറിച്ചു.
സൊമാറ്റോയിൽ എന്താണ് സംഭവിക്കുന്നത്?
ഒരു സ്ലോട്ട് അധിഷ്ഠിത വിതരണ മാതൃകയിലേക്ക് മാറാനുള്ള ശ്രമങ്ങളിലാണ് സൊമാറ്റോ. ഇതിൽ 4 മണിക്കൂർ വീതമുള്ള സ്ലോട്ടുകളിലേക്ക് ലോഗിൻ ചെയ്യാനായിരിക്കും ഡെലിവറി എക്സിക്യൂട്ടീവുകളെ അനുവദിക്കുക. ഡെലിവറി എക്സിക്യൂട്ടീവുകൾ ഇത്തരം ഒരു സ്ലോട്ട് രണ്ടാമതായി എടുക്കുമ്പോൾ, ദിവസത്തിൽ ആദ്യം ലോഗിൻ ചെയ്തതിൽ സ്ലോട്ട് ലഭിക്കാത്തവർക്ക് ആയിരിക്കും ആപ്പ് മുൻഗണന നൽകുക. ജോലിഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു മാതൃക അവതരിപ്പിക്കുന്നതെങ്കിലും ജീവനക്കാരിൽ പലരും ഇതിൽ തൃപ്തരല്ല. അവരുടെ അഭിപ്രായത്തിൽ, ഇത് അവരുടെ ഡെലിവറികളുടെ എണ്ണം പരിമിതപ്പെടുത്തും, അതിനാൽ അവരുടെ വരുമാനത്തെ ഇത് ബാധിക്കുകയും ചെയ്യും. ചൂടുള്ള കാലാവസ്ഥയും ഉയരുന്ന ഇന്ധന വിലയും സൊമാറ്റോ, സ്വിഗ്ഗി പോലുള്ള വിതരണ ശൃംഖലകളുടെ ഭാഗമായ ഡെലിവറി എക്സിക്യൂട്ടീവുകളെ ജോലിയിൽ തുടരുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. മികച്ച വേതനവും ആനുകൂല്യങ്ങളും നൽകി പ്രോത്സാഹിപ്പിക മാത്രമാണ് ജീവനക്കാരെ ഈ രംഗത്ത് പിടിച്ചു നിർത്താനുള്ള ഏക മാർഗം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.