വ്യോമയാന ബിസിനസ് രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് 32കാരി കനിക തെക്രിവാള്‍ എന്ന യുവ സംരംഭക. തന്റെ 22-ാം വയസ്സിലാണ് കനിക ഏവിയേഷന്‍ ബിസിനസ് ആരംഭിക്കുന്നത്. വെറും 10 വര്‍ഷം കൊണ്ട് 10 സ്വകാര്യ ജെറ്റ് വിമാനങ്ങളുടെ ഉടമയായി മാറിയിരിക്കുകയാണ് ഈ യുവതി. രാജ്യത്തെ തന്നെ അറിയപ്പെടുന്ന സംരംഭകരിൽ ഒരാളാണ് ഇന്ന് കനിക. എംബിഎ ആണ് കനികയുടെ വിദ്യാഭ്യാസ യോഗ്യത. 2012ല്‍ ഇവര്‍ സുഹൃത്തായ സുധീര്‍ പെര്ലയ്ക്കൊപ്പം ചേര്‍ന്ന് ജെറ്റ് സെറ്റ് ഗോ എന്ന കമ്പനി ആരംഭിച്ചു. അതായിരുന്നു തുടക്കം. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഏറ്റെടുത്ത് നടത്തുക, അവയുടെ സര്‍വ്വീസ് പരിശോധിക്കുക തുടങ്ങിയവയൊക്കെയായിരുന്നു കമ്പനി ചെയ്തിരുന്നത്. എന്നാല്‍ സ്വകാര്യ ജെറ്റ് സര്‍വ്വീസ് വളരെ പണച്ചെലവ് ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഈ സേവനം ഉപയോഗപ്പെടുത്തിയിരുന്നത്. സ്വകാര്യ ജെറ്റ് യാത്ര കുറഞ്ഞ ചെലവില്‍ എല്ലാവര്ക്കും ലഭ്യമാക്കണം എന്ന ലക്ഷ്യമാണ് പിന്നീട് കനികയെ മുന്നോട്ട് നയിച്ചത്. അതുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്‍പ്പങ്ങളെയും രീതികളെയും പൊളിച്ചെഴുതാന്‍ തന്നെ അവര്‍ ഉറപ്പിച്ചു.
പക്ഷേ ഇക്കാലയളവിലാണ് കനികയ്ക്ക് കാന്‍സര്‍ ബാധിക്കുന്നത്. ഒരു വര്‍ഷത്തോളം തന്റെ സ്വപ്നങ്ങള്‍ക്ക് ഇടവേള നല്കി കനിക രോഗത്തോട് മല്ലിട്ടു. ഈ സമയത്തൊന്നും മറ്റൊരാളും ഇതേ ആശയവുമായി മുന്നോട്ട് വന്നില്ല. മറ്റാരുടെയും ചിന്തയില്‍ പോലും ഇത് ഉണ്ടായില്ല എന്നതാണ് സത്യം. അവസരം കനികയ്ക്ക് വേണ്ടി കാത്തു നിന്നു. തിരിച്ചു വന്ന കനിക വീണ്ടും സ്വപ്നം കാണാനും അതിന് വേണ്ടി പരിശ്രമിക്കാനും തുടങ്ങി. ഇടനിലക്കാരായ ബ്രോക്കര്‍മാരാണ് സ്വകാര്യ ജെറ്റ് സേവനത്തെ ഇത്രയും സങ്കീര്‍ണ്ണമാക്കുന്നത് എന്ന് കനികയ്ക്ക് മനസ്സിലായി. ഈ രംഗത്തെ കയ്യടക്കി വെച്ചിരുന്നത് ബ്രോക്കര്‍മാരായിരുന്നു. സ്വകാര്യ ജെറ്റുകള്‍ വെച്ച് വലിയ കമ്മീഷന് കൈപ്പറ്റി അതിഭീമമായ തുകയ്ക്ക് ഇവ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതായിരുന്നു ഇവരുടെ രീതി. ഒട്ടും സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകളും സേവനങ്ങളുമായിരുന്നു ഇവരുടേത്. അതോടൊപ്പം ആളുകളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ തക്കവണ്ണം ജെറ്റുകളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബ്രോക്കര്‍മാര്‍ പറയുന്ന തുകയ്ക്ക് ജെറ്റുകള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചും ഇവര്‍ കാര്യങ്ങള്‍ ചെയ്യുമായിരുന്നില്ല. ഇത്രയും മോശമായ അന്തരീക്ഷത്തെ ശരിയാക്കിയെടുക്കുക എന്നതായിരുന്നു കനികയുടെ ശ്രമം.
ഏകദേശം 20 മാസത്തോളം അവര്‍ ഈ മേഖലയെക്കുറിച്ച് വിശദമായി പഠിച്ചു. ഒടുവില്‍ ജെറ്റ് സെറ്റ് ഗോ എന്ന തന്റെ കമ്പനി വീണ്ടും പുനരാരംഭിച്ചു. സിറ്റിയ്ക്കുള്ളിലെ ആകാശ ടാക്സി സര്‍വ്വീസ് ആയിരുന്നു കമ്പനിയുടെ വാഗ്ദാനം. കൃത്യമായ വിവരങ്ങളും ലക്ഷ്യ ബോധവും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ട് ചുരുങ്ങിയ ചെലവില്‍ സേവനങ്ങള്‍ നല്കാന് കമ്പനിയ്ക്കായി. ജെറ്റ് ഭൂമിയില്‍ ചെലവിടുന്ന സമയം കുറച്ച് എയര്‍ ടൈം വര്‍ദ്ധിപ്പിച്ചാണ് അവര്‍ വരുമാനം കണ്ടെത്തിയത്. 100 ഡോളര്‍ കൈവശം വെച്ചുകൊണ്ടാണ് ഈ സംരംഭം ആരംഭിച്ചതെങ്കിലും ഇന്ന് ജെറ്റ് സെറ്റ് ഗോ മാസം 10ലക്ഷം രൂപയോളം വരുമാനമുള്ള കമ്പനിയായി വളര്‍ന്നു കഴിഞ്ഞു. 2016ല്‍ 500 മില്യണായാണ് കമ്പനിയുടെ ആസ്തി ഉയര്‍ന്നത്. 28 വിമാനങ്ങള്‍ കമ്പനിയ്ക്ക് ഉണ്ട്. 10 ജെറ്റ് വിമാനങ്ങളാണ് കനിക സ്വന്തമാക്കിയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.